കാസർകോട്: കലോത്സവചരിത്രത്തിൽ ആദ്യമായി ഓൺലൈനിലൂടെ മത്സരിച്ച് എ ഗ്രേഡ് നേടിയ കാസർകോട് സ്വദേശിനി സിയ ഫാത്തിമയെ കാസർകോടുള്ള വീട്ടിലെത്തി നേരിൽകണ്ട് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശാരീരിക പ്രതിസന്ധികൾക്കിടയിലും കലയോടും ജീവിതത്തോടുമുള്ള അടങ്ങാത്ത സ്നേഹവുമായി മുന്നോട്ടുപോകുന്ന സിയയെ നേരിൽക്കണ്ട് ആശംസകൾ അറിയിക്കാനാണ് അദ്ദേഹം എത്തിയത്.

To advertise here,

ഗുരുതരമായ രോഗാവസ്ഥയിലും തളരാതെ, കലോത്സവത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം വ്യക്തമാക്കി സിയ, മുൻപ് പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവൻകുട്ടിയ്ക്ക് കത്തയച്ചിരുന്നു. ആ കത്ത് കലോത്സവചരിത്രത്തിലെ പുതിയൊരു ഏടായി. സിയയുടെ രോഗാവസ്ഥ കണക്കിലെടുത്ത് സർക്കാർ നൽകിയ പ്രത്യേക ഇളവിന്റെ ഭാഗമായി, വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് സിയ ഹൈസ്കൂൾ വിഭാഗം അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്തത്.

തൃശൂരിൽ നടന്ന കലോത്സവത്തിൽ വേദി 17-ലെ മത്സരത്തിൽ ഓൺലൈനിലൂടെ പങ്കെടുത്ത് സിയ എ ഗ്രേഡ് കരസ്ഥമാക്കിയത് ഏവർക്കും വലിയ പ്രചോദനമായിരുന്നു. സന്ദർശനവേളയിൽ വി. ശിവൻകുട്ടിയുടെ ഒരു സ്കെച്ചും സിയ സ്നേഹത്തോടെ സമ്മാനിച്ചു. ഒപ്പം താൻ എഴുതിയ കുറിപ്പും നൽകി. സിയ നൽകിയ ആ കുറിപ്പിൽ ഇങ്ങനെ കുറിച്ചിരുന്നു:

"എന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ ശിവൻകുട്ടി സാറിന്, സ്നേഹത്തോടെ സിയ ഫാത്തിമ.."

വേദനകൾക്കിടയിലും കലയോടുള്ള സിയയുടെ അഭിനിവേശവും സ്നേഹത്തോടെ നൽകിയ കുറിപ്പും ഏറെ ഹൃദയം തൊടുന്നതാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് സിയയ്ക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്ന ആശംസയും അദ്ദേഹം നേർന്നു.