
കൊച്ചി: സി.എം.ആർ.എൽ. -എക്‌സാലോജിക് പണമിടപാടിലെ ഇ.ഡി. റിപ്പോർട്ടിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് വിജിലൻസ് അന്വേഷണം തുടങ്ങുന്നതോടെ കേസിന്റെ ഗതിമാറും. ഇതുവരെ കോർപ്പറേറ്റ് ഇടപാടിൽ ഒതുങ്ങിനിന്നിരുന്ന അന്വേഷണം പണംവന്ന വഴിയിലേക്കും നീളും. വിജിലൻസ് എഫ്.ഐ.ആർ. വരുന്നതിനുപിന്നാലെ ഇ.ഡിക്കും ഇതേ വിഷയത്തിൽ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്യാനാകും. നിലവിൽ എസ്.എഫ്.ഐ.ഒ. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം നടക്കുന്നത്.
വീണയുടെ എക്‌സാലോജിക് കമ്പനിക്കും വീണയ്ക്കും സി.എം.ആർ.എൽ. എന്തിനു പണം നൽകി എന്നതിലേക്ക് അന്വേഷണം നീളുന്നതാണ് വഴിത്തിരിവാകുക. ഇതുവരെ അക്കാര്യത്തിൽ അന്വേഷണം നടന്നിരുന്നില്ല. മുഖ്യമന്ത്രിയുടെ മകൾ എന്നനിലയിലാണ് കമ്പനിയുമായും വീണയുമായും സി.എം.ആർ.എൽ. കരാറിൽ എത്തിയതെന്ന് ഇ.ഡി. റിപ്പോർട്ടിലുണ്ട്.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസംതോറും മൂന്നുലക്ഷത്തിലധികം രൂപ 2017 മുതൽ 2019 വരെ സി.എം.ആർ.എൽ. നൽകിയെന്നാണ് ഇ.ഡി. റിപ്പോർട്ട്. ഐ.ടി. ആൻഡ് മാർക്കറ്റിങ് കൺസൾട്ടൻസി എന്നനിലയിൽ ഇതേ കാലയളവിൽ വീണയ്ക്കും നൽകി പ്രതിഫലം. എല്ലാംകൂടി 3.28 കോടി രൂപയുടെ ഇടപാട്. പ്രത്യേകിച്ച് സേവനമൊന്നും നൽകാതെത്തന്നെ ഇത്രയധികം രൂപ എന്തിന് നൽകി എന്നതിനായിരിക്കും വിജിലൻസ് ഉത്തരം കണ്ടെത്തേണ്ടത്. ഇങ്ങനെ ലഭിച്ച പണം ഏതുരീതിയിൽ ഉപയോഗിച്ചു എന്നതിനും പ്രതികൾ ഉത്തരം നൽകേണ്ടിവരും.
കുറ്റാരോപിതരും കുറ്റവും
(കോടതി ഉത്തരവിന്റെ ഭാഗമായ ഇ.ഡി. റിപ്പോർട്ടിൽ പറയുന്നത്)
1. പിണറായി വിജയൻ: സി.എം.ആർ.എൽ. ഫിനാൻസ് ഓഫീസർ സുരേഷ് കുമാറിന്റെ മൊഴിപ്രകാരം മകൾ വീണവഴി 3.28 കോടി രൂപ കൈക്കൂലിവാങ്ങി.
2. മുഹമ്മദ് റിയാസ്: കൈക്കൂലിപ്പണം കൈപ്പറ്റി വീണയും മറ്റുകൂട്ടാളികളും വഴി ദുബായിലേക്ക് കടത്തി.
3. വീണ: പിണറായിക്കും റിയാസിനുംവേണ്ടി കൈക്കൂലിപ്പണം ശേഖരിക്കാനും കൈമാറാനും സഹായിച്ചു.
4. എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്: വ്യാജ പണമിടപാടുകൾ കമ്പനിവഴി നടത്തി.
5. ശശിധരൻ കർത്ത: കൈക്കൂലി നൽകി
6. പി. സുരേഷ് കുമാർ: കൈക്കൂലി നൽകാൻ സഹായിച്ചു.
7. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്: കൈക്കൂലിപ്പണം കൈമാറാൻ ഉപയോഗിച്ച സ്ഥാപനം.
8. ഷൈജൽ
9. പി. നിഖിൽ
10. വാരിസ് (ഹസൻ വാരിസ്),
11. വി.പി. ഫൈജാസ്
12. എം. നന്ദുലാൽ: വീണയെയും മുഹമ്മദ് റിയാസിനെയും കോഴപ്പണം ശേഖരിക്കാനും കൈമാറാനും സഹായിച്ചു
13. കണ്ടാലറിയാവുന്ന മറ്റുള്ളവർ: ഗൂഢാലോചനയിലും പണം കൈമാറ്റത്തിലും സഹായിച്ചവർ
തുടർനടപടികളുടെ സാധ്യതകൾ
• പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവർക്കെതിരേയാകും കേസ്
• വിജിലൻസിൽ പ്രത്യേകസംഘത്തെ അന്വേഷണച്ചുമതല ഏൽപ്പിക്കും
• ഇ.ഡി. കേസ് എടുത്താൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയനാണ്. എന്നാൽ, പോലീസ് കേസിൽ കുറ്റം തെളിയിക്കേണ്ടത് പോലീസാണ്. പിണറായിക്കും കുടുംബാഗങ്ങൾക്കുമെതിരേ ഇ.ഡി. ശേഖരിച്ചിട്ടുള്ള തെളിവുകൾ പോലീസിന് കൈമാറിക്കിട്ടും
• ഇ.ഡി. നൽകിയ തെളിവുകൾക്കുപുറമേ കൂടുതൽ കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകൾ വിജിലൻസ് കണ്ടെത്തേണ്ടിവരും. വീണയ്ക്ക് നൽകിയ പണം കൈക്കൂലിയാണെന്നും ഹവാല ഇടപാടുകൾക്കുള്ള തെളിവും ശേഖരിക്കുകയെന്നതാകും നിർണായകം
• വിജിലൻസിന് പിണറായി വിജയനും മുഹമ്മദ് റിയാസും ഉൾപ്പെടെ ആരെയും ചോദ്യംചെയ്യാം. അതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. അറസ്റ്റുണ്ടായാൽ എം.എൽ.എ.മാരെന്നനിലയിൽ സ്പീക്കറെ അറിയിക്കണം.
വിധിയെ പിണറായി അടക്കമുള്ളവർ ചോദ്യം ചെയ്തേക്കും
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കും. രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകാം. അതല്ലെങ്കിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തശേഷം അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കാം.
വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് പിന്നാലെ ഇ.ഡി.യും ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങും. അതിനാൽത്തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടി ചോദ്യംചെയ്യാതിരിക്കുന്നത് അപകടകരമാണെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വിജിലൻസ് സാധാരണ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാറില്ലെങ്കിലും ഇ.ഡി. കടുത്ത നടപടിയിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തുന്നത്.
ആരോപണവിധേയരായവരെ കേൾക്കാതെയാണ് വിജിലൻസ് അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത് എന്നതടക്കം അപ്പീലിൽ ചൂണ്ടിക്കാട്ടാനാകും. പ്രാഥമിക അന്വേഷണമോ ഗവർണറുടെ മുൻകൂർ അനുമതിയോ ഇല്ലാതെ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതും ചൂണ്ടിക്കാട്ടാവുന്നതാണെന്നും നിയമവിദഗ്ധർ പറയുന്നു.
ഹൈക്കോടതി ഉത്തരവിനെ സർക്കാർ ചോദ്യംചെയ്യാൻ സാധ്യതയില്ല. ഇ.ഡി. റിപ്പോർട്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പര്യാപ്തമാണെന്ന് ഹൈക്കോടതിതന്നെ വ്യക്തമാക്കിയതിനാൽ തുടർനടപടികൾക്കുള്ള തടസ്സം നീങ്ങിയെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
Content Highlights: Vigilance investigation begins with an FIR in the CMRL-Exalogic transaction., The probe will trace the origin and usage of the money trail involving 3.28 crore rupees., ED report alleges transactions linked to Veena Vijayan, Pinarayi Vijayan, and Mohammed Riyas without actual services rendered.
Published: 10 Oct 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented