തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങളിൽ നിയമാനുസൃതമായ അന്വേഷണം ഉറപ്പാക്കുകയും കാലതാമസമില്ലാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നതിനാൽ, അതിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തേണ്ട സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരെ തന്നെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കുന്നത് ഗൗരവമായ ധാർമിക പ്രശ്‌നമാണ്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പാക്കാൻ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്നും ഷോൺ പറഞ്ഞു.

നിയമത്തിന് മുന്നിൽ ആരും അതീതരല്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാനും സുതാര്യമായ അന്വേഷണം ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ അന്വേഷണത്തിനായി സർക്കാർ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റദ്ദാക്കിക്കൊണ്ടാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടറോട് ഉത്തരവിട്ടത്.