
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ അന്വേഷണത്തിനായി സർക്കാർ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റദ്ദാക്കി ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്മേൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ, അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇ.ഡി റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടറായിരുന്നു തുടർനടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്നും വിഷയത്തിൽ സർക്കാരിന്റെ നിലവിലുള്ള നടപടികൾ ഹൈക്കോടതി പൂർണമായും തള്ളിക്കളയുകയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇഡി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്നും വിജിലൻസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേസ് അന്വേഷിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇ.ഡി അന്വേഷിച്ചു കണ്ടെത്തിയ തെളിവുകൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ എന്നിവ പ്രകാരം അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം നടന്നു എന്ന് വ്യക്തമായ പ്രാഥമിക തെളിവുണ്ട്. ഇ.ഡി കൈമാറിയ വിവരങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യത്തിലധികം തെളിവുകളും പ്രാഥമിക വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നും അതിനാൽ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ ഇ.ഡി റിപ്പോർട്ടിൽ പരാമർശിക്കുന്ന 13 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത്, കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണത്തിനും ആവശ്യമായ എല്ലാ രേഖകളും വിജിലൻസിന് കൈമാറാനും വിജിലൻസുമായി സഹകരിക്കാനും ഇഡിയോട് കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ അപ്പീൽ നൽകുന്നത് അടക്കമുള്ള തുടർനീക്കങ്ങൾ സ്വീകരിക്കുക.
Content Highlights: Kerala High Court orders Vigilance Director to register an FIR in the CMRL-Exalogic case., State government's decision to hand over the case to an SIT instead of Vigilance is declared illegal., ED report implicates 13 individuals including Chief Minister Pinarayi Vijayan and Veena Vijayan., Court mandates a speedy investigation under the Anti-Corruption Act.
Published: 09 Oct 2026, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented