കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്ത്. നേരത്തെ, ഈ സമൻസ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് എന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിച്ചിരുന്നുവെങ്കിലും, ലാവ്‌ലിൻ കേസിലാണ് സമൻസ് അയച്ചതെന്ന് ഇ.ഡി. വൃത്തങ്ങൾ സ്ഥിരീകരിക്കുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

To advertise here,

ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നൽകി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി. സമൻസ് അയച്ചത്. ലാവ്‌ലിനിൽ നിന്ന് വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് ഈ സമൻസിൽ പ്രധാനമായും പറയുന്നത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ വിവേക് കിരൺ ഹാജരാകണം എന്നായിരുന്നു ഇ.ഡി. സമൻസിലെ ആവശ്യം.

എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിലാണ് (ഇ.സി.ഐ.ആർ.) ഈ കാര്യങ്ങൾ ഇ.ഡി. വ്യക്തമാക്കുന്നത്. 2020-ൽ ആണ് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഇ.ഡി, ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരമാണ് നടപടിയെടുത്തത്.

ലാവ്‌ലിൻ കമ്പനിയുടെ മുൻ ഡയറക്ടറായിരുന്നു ദിലീപ് രാഹുലൻ. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിക്കൊണ്ട് തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യിപ്പിക്കുക എന്നതായിരുന്നു ദിലീപ് രാഹുലിന്റെ നയം എന്ന് മറ്റുചിലരുടെ മൊഴിയുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ദിലീപ് രാഹുലൻ ഈ രീതിയിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാർത്തികേയന് 1995-ൽ വലിയ തുക നൽകി. അതിനുശേഷം 1996-ൽ ശ്രീ പിണറായി വിജയന് വലിയ തുകകൾ നൽകി. ഏറ്റവും പ്രധാനമായി, ദിലീപ് രാഹുലൻ പിണറായി വിജയന്റെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴിയും ഇ.സി.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ മൊഴിയിലെ വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയായിരുന്നു വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്. എന്നാൽ ഈ സമൻസിൽ പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല. സമൻസ് അനുസരിച്ച് ഇ.ഡി. ഓഫീസിൽ വിവേക് കിരൺ ഹാജരായില്ല എന്നാണ് വിവരം. ഈ സമൻസിന്റെ ഭാഗമായി ഹാജരാകുകയോ മറ്റ് നടപടികൾ എടുക്കുകയോ ചെയ്തിട്ടില്ല. സമൻസ് അയച്ച് ഏകദേശം രണ്ടു വർഷം പിന്നിടുമ്പോഴും ഈ കേസിൽ പിന്നീട് കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല. ആദ്യം അയച്ച നോട്ടീസ് കൈപ്പറ്റിയില്ല, അത് മടങ്ങി എന്നും വിവരമുണ്ട്. ഒന്നിലധികം തവണ നോട്ടീസ് നൽകി പല കേസുകളിലും ഇ.ഡി. ഇടപെടാറുണ്ടെങ്കിലും, ഈ വിഷയത്തിൽ എന്തുകൊണ്ട് ഒരു നോട്ടീസിൽ അന്വേഷണം അവസാനിപ്പിച്ചു എന്നതിന് ഇ.ഡി. വൃത്തങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.

എസ്എൻസി ലാവ്‌ലിൻ കേസ് സി.ബി.ഐ. രജിസ്റ്റർ ചെയ്തത് 2007-ലാണ്. 2009-ൽ കുറ്റപത്രം സമർപ്പിച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയത്. എന്നാൽ, പിണറായി വിജയൻ വിടുതൽ ഹർജിയിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടു. ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സി.ബി.ഐ. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. സി.ബി.ഐയുടെ നടപടികൾക്ക് ഏറെ വർഷങ്ങൾക്ക് ശേഷമാണ് 2020-ൽ ഇ.ഡി. ലാവ്ലിൻ കേസിൽ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തത്.