കണ്ണൂർ: കണ്ണൂരിൽ സി.പി.എമ്മിന്റെ നിരന്തരമായ ആക്രമണങ്ങൾക്കും രാഷ്ട്രീയ പകപോക്കലുകൾക്കും ഇരയായ ദളിത് ഓട്ടോ ഡ്രൈവർ പരേതയായ ചിത്രലേഖയുടെ കുടുംബം നീതിതേടി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. കഴിഞ്ഞ 25 വർഷമായി സി.പി.എം നടത്തുന്ന അതിക്രമങ്ങളും ഊരുവിലക്കും കാരണം ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും, നിവേദനത്തിലെ ആവശ്യങ്ങളിൽ തീരുമാനമെടുത്ത് നീതി ലഭ്യമാക്കിയില്ലെങ്കിൽ തങ്ങൾക്ക് ദയാവധം അനുവദിക്കണമെന്നും ചിത്രലേഖയുടെ കുടുംബം നിവേദനത്തിൽ അപേക്ഷിച്ചു.

To advertise here,

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് കളക്ടറേറ്റിന് മുന്നിൽ 122 ദിവസവും സെക്രട്ടേറിയറ്റിന് മുന്നിൽ 43 ദിവസവും സമരം ചെയ്തതിനെ തുടർന്നാണ് കുടുംബത്തിന് പുനരധിവാസമായി 5 സെന്റ് ഭൂമിയും വീട് വെക്കാൻ 5 ലക്ഷം രൂപയും അനുവദിച്ചത്. എന്നാൽ തുടർന്നു വന്ന പിണറായി വിജയൻ സർക്കാർ ഈ ഭൂമിയും ധനസഹായവും റദ്ദാക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടൽ മൂലം ഭൂമി തിരികെ ലഭിച്ചെങ്കിലും വീട് നിർമ്മാണത്തിനുള്ള 5 ലക്ഷം രൂപ ലഭിച്ചില്ല. തുടർന്ന് സർക്കാർ നൽകിയ പട്ടയം കണ്ണൂർ അർബൻ ബാങ്കിൽ പണയപ്പെടുത്തി 5 ലക്ഷം രൂപ വായ്പെയടുത്താണ് വീട് നിർമ്മിച്ചതെന്നും സി.പി.എം ആക്രമണങ്ങൾ കാരണം തിരിച്ചടവ് മുടങ്ങി ബാങ്ക് ജപ്തി അന്ത്യശാസനം നൽകിയെന്നും കുടുംബം വ്യക്തമാക്കുന്നു. നിലവിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുള്ളതുകൊണ്ടാണ് ബാങ്കുകാർ കുടിയൊഴിപ്പിക്കാത്തതെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കുടുംബത്തിന്റെ ഏക ഉപജീവന മാർഗ്ഗമായിരുന്ന ഓട്ടോറിക്ഷ 2023 ഓഗസ്റ്റ് 26-ന് അർദ്ധരാത്രി രണ്ട് മണിക്ക് സി.പി.എം അക്രമികൾ രണ്ടാം തവണയും കത്തിച്ചു ചാമ്പലാക്കി. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, കുടുംബത്തിന് പട്ടിണി കൂടാതെ ജീവിക്കാൻ പുതിയൊരു ഓട്ടോറിക്ഷ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തനിക്കുചുറ്റുമുള്ള മനുഷ്യരോടും തിന്മയോടും വ്യവസ്ഥയോടും ജാതിവിവേചനത്തോടും നിയമത്തോടും പതിറ്റാണ്ടുകളോളം നിരന്തരം കലഹിച്ച് ജീവിതം നിലനിർത്താൻ ശ്രമിച്ച് ഒടുക്കം കാൻസറിനോട് ചിത്രലേഖ കീഴടങ്ങി. 2024 ഒക്ടോബർ അഞ്ചിനായിരുന്നു അന്ത്യം ചിത്രലേഖയുടെ മരണത്തിനുസേഷവും തങ്ങൾ രാഷ്ട്രീയപകപോക്കലിന് ഇരയാകുകയാണെന്ന് കുടുംബം ആരോപിക്കുന്നു. ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്‌കാന്തിന്റെ കാൽ 2025 ജനുവരി 7-ന് സി.പി.എം സംഘം തല്ലിത്തകർക്കുകയും കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം ചികിത്സയിൽ കഴിയുകയുമാണെന്നും നിവേദനത്തിൽ പറയുന്നു.

ചിത്രലേഖയ്ക്ക് മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ കൃത്യമായ ചികിത്സ നൽകാതെ കൊല്ലുകയായിരുന്നുവെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. ചിത്രലേഖയുടെ മാനസിക രോഗിയായ മകനും, അവന്റെ ഭാര്യ ഉപേക്ഷിച്ചു പോയ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും, ചികിത്സയിലുള്ള ഭർത്താവുമടങ്ങുന്ന കുടുംബം നിലവിൽ ചില സുഹൃത്തുക്കളുടെ ചെറിയ സഹായങ്ങൾ കൊണ്ടാണ് ജീവൻ നിലനിർത്തുന്നത്. ഇനി ഒരു സമരത്തിന് തങ്ങൾക്ക് ശേഷിയില്ലെന്നും അർഹമായ നീതിയും കരുണയും കാണിക്കണമെന്നും കുടുംബം കത്തിൽ അഭ്യർത്ഥിക്കുന്നു.

ബാങ്ക് ജപ്തിയിൽ നിന്ന് കരകയറാൻ പിണറായി സർക്കാർ തടഞ്ഞുവെച്ച 5 ലക്ഷം രൂപ അനുവദിക്കുകയോ, അല്ലെങ്കിൽ 12 വർഷ കാലാവധിയുള്ള പട്ടയത്തിൽ ഇളവ് നൽകി (നിലവിൽ 10 വർഷം പൂർത്തിയായി) ഭൂമിയും വീടും കൈമാറ്റം ചെയ്ത് വായ്പ തിരിച്ചടക്കാൻ അനുവാദം നൽകുകയോ ചെയ്യണമെന്ന് കുടുംബം അപേക്ഷിക്കുന്നു. ഈ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ തങ്ങൾക്ക് ദയാവധത്തിന് ഉത്തരവിടണമെന്നും കുടുംബം കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.