കണ്ണൂർ: പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം റെയിൽപ്പാളത്തിൽ കരിങ്കൽക്കഷണങ്ങൾ നിരത്തിയത് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 9.35-നാണ് സംഭവം. ഈ സമയം ജോലിയിലുണ്ടായിരുന്ന കീമാൻ ഷിംന വിവരം ബന്ധപ്പെട്ടവരെ ഉടൻ അറിയിച്ചു. കണ്ണൂർ റെയിൽവേ പോലീസ് എസ്എച്ച്ഒ പി. വിജേഷ്, എസ്‌ഐ കെ. രാജൻ, കണ്ണൂർ ആർപിഎഫ് ഇൻസ്‌പെക്ടർ ജെ. വർഗീസ്, എസ്‌ഐ പി. വിനോദ്കുമാർ, പഴയങ്ങാടി ലോക്കൽ പോലീസ്‌ എന്നിവർ സ്ഥലത്തെത്തി.

To advertise here,

വിശദ പരിശോധനയിൽ കരിങ്കല്ലുകൾവച്ചത് കുട്ടികളാണെന്ന് കണ്ടെത്തി. കളിക്കുന്നതിനിടയിൽ ട്രാക്കിൽ കയറുകയും കല്ല് വെക്കുകയുമായിരുന്നു. സംഭവം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

വിവരം വാർഡ് അംഗത്തെ അറിയിച്ചശേഷം ഇവരുടെ നേതൃത്വത്തിൽ പാളത്തിന് സമീപം താമസിക്കുന്ന മറുനാട്ടുകാർക്കും മറ്റുമായി ബോധവത്കരണം നടത്തി. കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്താനും തീരുമാനിച്ചു.

പാളത്തിൽ കയറരുത്

അവധിക്കാലത്ത് കുട്ടികളുടെ കളി റെയിൽപ്പാളത്തിൽ വേണ്ടാ. അപകടമുണ്ടാകാനുള്ള സാധ്യത അധികമാണ്. റെയിൽപ്പാളത്തിൽ ഇരിക്കുന്നതും നടക്കുന്നതും ശിക്ഷാർഹമാണ്. പാളത്തിൽ കരിങ്കല്ല് വെക്കുന്നതിന്റെ ശിക്ഷ കടുത്തതാണെന്നും കുട്ടികൾ ഓർക്കണം.

ഈ വിഷയത്തിൽ റെയിൽവേ സുരക്ഷാസേനയും പോലീസും ബോധവത്കരണം നടത്താറുണ്ടെങ്കിലും അത് ഗൗരവത്തിലെടുക്കാത്തത് പ്രശ്‌നമാണ്. ഞങ്ങൾക്ക് അറിയില്ല എന്നുപറഞ്ഞ് രക്ഷിതാക്കൾക്ക് ഒഴിഞ്ഞുനിൽക്കാൻ പറ്റില്ല.

കുട്ടിക്കളി കാര്യമാകും

യൂട്യൂബ് വീഡിയോ അനുകരിച്ച് കുട്ടിക്കളി കാര്യമായത് കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു. തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം റെയിൽപ്പാളത്തിൽ കുട്ടികൾ കരിങ്കല്ല് നിരത്തിവച്ചു.

മറുനാടൻ തൊഴിലാളികളുടെ 11-ഉും 12-ഉും വയസ്സുള്ള കുട്ടികളാണ് തമാശയ്ക്ക് കല്ലുവെച്ചതെന്ന് കണ്ടെത്തി. രാത്രി 7.55-ന് തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) കടന്നുപോകുമ്പോഴായിരുന്നു സംഭവം. എൻജിൻ ഉലയുന്ന ശബ്ദം കേട്ട ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.