ശ്രീഗംഗാനഗർ: രാജസ്ഥാനിൽ പാകിസ്താൻ അതിർത്തിക്ക് സമീപം റെയിൽവേ പാളത്തിൽ ഉഗ്രസ്‌ഫോടനം. ശ്രീഗംഗാനഗർ ജില്ലയിലെ അനൂപ്ഗഢ്-സൂറത്ത്ഗഢ് റെയിൽവേ പാതയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ റെയിൽവേ ട്രാക്കിന് കേടുപാടുകൾ സംഭവിച്ചു. ഇതേത്തുടർന്ന് അനൂപ്ഗഢിനും സൂറത്ത്ഗഢിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഭീകരാക്രമണ സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ തീവ്രവാദ വിരുദ്ധ സേനയായ എടിഎസ് അന്വേഷണം ആരംഭിച്ചു.

To advertise here,

അനൂപ്ഗഢ്-സൂറത്ത്ഗഢ് പാതയിലെ 50 ജിബി മേഖലയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. റെയിൽവേ ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകൾ സ്‌ഫോടനത്തിൽ തകർന്നു. ട്രാക്കിലെ ചില സ്ലീപ്പറുകൾക്കും കേടുപാടുകൾ സംഭവിച്ചു. ട്രാക്കിന് താഴെ ഏകദേശം രണ്ടടി ആഴത്തിൽ കുഴി രൂപപ്പെട്ടതായും സ്‌ഫോടനത്തിന്റെ ശബ്ദം 200 മീറ്റർ അകലെ വരെ കേട്ടതായും റിപ്പോർട്ടുകളുണ്ട്. റാംസിങ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

രാത്രി ഒൻപത് മണിയോടെ അനൂപ്ഗഢിൽനിന്ന് സൂറത്ത്ഗഢിലേക്ക് പോയ ട്രെയിൻ ഇതേ സ്ഥലത്തുകൂടി കടന്നുപോയിരുന്നു. ട്രെയിൻ കടന്നുപോയി ഏകദേശം 45 മിനിറ്റിന് ശേഷമാണ് സ്‌ഫോടനമുണ്ടായത്. പാസഞ്ചർ ട്രെയിൻ തകർക്കാനുള്ള ശ്രമമായിരുന്നോ ഇതെന്ന സംശയത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്), ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), ഡോഗ് സ്‌ക്വാഡ്, വിവിധ സുരക്ഷാ ഏജൻസികൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ടുമണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘവും പരിശോധനയ്ക്കായി എത്തി. ഫോറൻസിക് സംഘം, ബോംബ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തും. മുൻകരുതൽ നടപടിയുടെ ഭാഗമായി അനൂപ്ഗഢ്-സൂറത്ത്ഗഢ് പാതയിലെ ട്രെയിൻ സർവീസുകൾ രാവിലെ ഒൻപത് മണിവരെ നിർത്തിവെച്ചു.

അതിർത്തി മേഖലയിൽ അടുത്തിടെ 7.5 കിലോഗ്രാം ആർഡിഎക്‌സ് പിടിച്ചെടുത്ത സംഭവവുമായി ഈ സ്‌ഫോടനത്തിന് ബന്ധമില്ലെന്ന് ശ്രീഗംഗാനഗർ പോലീസ് സൂപ്രണ്ട് ഹരിശങ്കർ പറഞ്ഞു. പിടിച്ചെടുത്ത ആർഡിഎക്‌സുമായി ഇപ്പോഴത്തെ സംഭവത്തെ ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല. സംഭവസ്ഥലം താനും സംഘവും നേരിട്ടെത്തി പരിശോധിച്ചതായും റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.