ശ്രീഗംഗാനഗർ: നവംബർ മൂന്നിന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ അനുപ്ഗഢ്-സൂറത്ഗഢ് റെയിൽവേ പാതയിൽ നടന്ന ഐഇഡി സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസിന്റെ പിടിയിൽ. പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശികളായ മഹക്ദീപ് കൗർ (21), ദവീന്ദർ സിങ് (22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയും ഗംഗാനഗർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

To advertise here,

പിടിയിലായ മഹക്ദീപ് കൗറിന് 'ചാച്ച', 'ഷാ' എന്നീ പേരുകളുള്ള പാക് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന മഹക്ദീപിനെ പണം നൽകിയാണ് പാക് ഏജന്റുമാർ സമീപിച്ചതെന്നാണ് നിഗമനം. വിവാഹമോചിതയായ യുവതി മുൻപ് ലഹരിക്കടത്ത് കേസിലും പ്രതിയായിരുന്നു. 

പ്രതികൾക്ക് ഒളിത്താവളമൊരുക്കുകയും ബൈക്ക് സൗകര്യപ്പെടുത്തി നൽകുകയും സ്ഫോടനം നടത്തേണ്ട റെയിൽവേ ട്രാക്ക് കാണിച്ചു കൊടുക്കുകയും ചെയ്തത് ഇവരാണെന്നാണ് പോലീസിൻ്റെ നിഗമനം. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ലക്ഷ്യമിട്ടുള്ള അട്ടിമറിയാണോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിന് കേടുപാടുകൾ സംഭവിക്കുകയും കോൺക്രീറ്റ് സ്ലീപ്പറുകൾ തകർന്ന് രണ്ടര അടിയോളം ആഴമുള്ള കുഴി രൂപപ്പെടുകയും ചെയ്തിരുന്നു. സ്ഫോടനം നടക്കുന്നതിന് അരമണിക്കൂർ മുമ്പ് അനുപ്ഗഢ്-സൂറത്ഗഢ് പാസഞ്ചർ ട്രെയിൻ ഇതുവഴി കടന്നുപോയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.