ചാരുംമൂട്: ആലപ്പുഴ ചാരുംമൂടുണ്ടായ കോണ്‍ഗ്രസ് - സി.പി.ഐ. സംഘര്‍ഷത്തിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സോളമന്‍ അറസ്റ്റില്‍. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമാണ് സോളമൻ. കോൺഗ്രസ് പ്രവർത്തകരും സിപിഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം, പോലീസിനെ അക്രമിച്ച സംഭവം, കോൺഗ്രസിന്റെ ഓഫീസ് അക്രമിച്ചു തുടങ്ങിയ കേസുകളിലാണ് സോളമനെ പ്രതി ചേർത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത സോളമനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

To advertise here,

സംഭവത്തിൽ എല്ലാ പ്രതികൾക്കുമെതിരെ ക്രിമിനൽ കുറ്റമാണ് ചുമത്തിയിട്ടുള്ളത് എങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന വകുപ്പുകളാണ്. സംഘർഷത്തിൽ ചാരുംമൂട് ഗ്രാമ പഞ്ചായത്ത് അംഗവും ഡിസിസി സെക്രട്ടറിയുമടക്കം അഞ്ചു കോൺഗ്രസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. 

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു മുന്നില്‍ സി.പി.ഐ. പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സി.പി.ഐ. പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് സി.പി.ഐ. പ്രവര്‍ത്തകര്‍ വീണ്ടുമെത്തി കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ കൊടിമരം സ്ഥാപിച്ചു. പിന്നാലെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.

ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ പരസ്പരം പോര്‍വിളി നടത്തുകയും ചെയ്തു. തുടര്‍ന്ന് എതിര്‍പാര്‍ട്ടിക്കാര്‍ തങ്ങളുടെ ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ആര്‍.ഡി.ഒ. ഇടപെട്ടെങ്കിലും ഇത് നീക്കം ചെയ്യാന്‍ സി.പി.ഐ. പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടർന്ന് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വിഷയത്തെ ചൊല്ലി വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു.

പോലീസ് ഇടപെട്ടെങ്കിലും ഇരുഭാഗത്തെയും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്‌പോരും കല്ലേറും തമ്മില്‍ത്തല്ലുമുണ്ടായി. ഇതില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റു. കോണ്‍ഗ്രസ്-സി.പി.ഐ. പ്രവര്‍ത്തകരും പോലീസും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.