കൊച്ചി: വഖഫ് നിയമത്തിലെ ഭേദഗതിക്ക്‌ മുൻകാലപ്രാബല്യമില്ലാത്തത് മുനമ്പം നിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തടസ്സമാകുമോയെന്ന് നിയമവിദഗ്ധരുടെ ആശങ്ക.

To advertise here,

ഏതെങ്കിലും ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് അധികാരം നൽകുന്ന വകുപ്പ് 40 ഭേദഗതിയിലൂടെ ഒഴിവാക്കിയതാണ് പ്രധാനമാറ്റം. ഈ ഭേദഗതിക്ക്‌ മുൻകാലപ്രാബല്യമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ മുനമ്പംനിവാസികളുടെ പ്രശ്നം പരിഹരിക്കാൻ ഭേദഗതി പര്യാപ്തമല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വകുപ്പ് രണ്ട് എ ഈ കുറവ് പരിഹരിക്കാൻ പര്യാപ്തമാണെന്നാണ് മറുവാദം.

2019-ലാണ് വഖഫ് ബോർഡ് വകുപ്പ് 40 പ്രകാരം മുനമ്പത്തെ 404 ഏക്കറോളം ഭൂമി വഖഫായി പ്രഖ്യാപിച്ചത്. ഇതിനെതിരേയുള്ള അപ്പീൽ നിലവിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ഭൂമി വഖഫായി പ്രഖ്യാപിച്ചത് ട്രിബ്യൂണൽ റദ്ദാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും. അതല്ലെങ്കിൽ വീണ്ടും കോടതികയറിയിറങ്ങേണ്ട സാഹചര്യമായിരിക്കും.

നിലവിൽ വഖഫായ ഭൂമിയെക്കുറിച്ച് ചിന്തിച്ചില്ല

വഖഫ് ഭൂമിയായി രജിസ്റ്റർചെയ്ത സ്ഥലത്തെ എങ്ങനെ ഒഴിവാക്കാമെന്നതിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ ആലോചന നടന്നിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതിനാൽ വകുപ്പ് രണ്ട് എ സഹായമായിമാറുമെന്ന്‌ ഉറപ്പില്ല.

ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പുതിയ ഭേദഗതി നിലവിൽവരുന്നതിനുമുൻപോ ശേഷമോ വഖഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് വഖഫായി കണക്കാക്കാനാകില്ലെന്നാണ് വകുപ്പ് രണ്ട് എ-യിൽ പറയുന്നത്. എന്നാൽ മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് കൈമാറുന്നതുതന്നെ വഖഫായിട്ടാണെന്നാണ് ബോർഡ് അവകാശപ്പെടുന്നതെന്ന് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടുന്നു. 1950 നവംബർ ഒന്നിന് സിദ്ദിഖ് സേട്ട് ഭൂമി കൈമാറിയതുതന്നെ വഖഫായിട്ടാണെന്ന് ബോർഡ് പറയുമ്പോൾ വകുപ്പ് രണ്ട് എ-യുടെ ഗുണം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ട്രിബ്യൂണൽ തീരുമാനം അന്തിമമല്ല

ഈ ആശങ്കയ്ക്ക് അർഥമില്ല. ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മുനമ്പത്തെ സ്വത്തിന്റെ കാര്യത്തിലും വകുപ്പ് രണ്ട് എ ബാധകമാകും. പുതിയ ഭേദഗതിപ്രകാരം ട്രിബ്യൂണൽതീരുമാനം അന്തിമമല്ലെന്നതും സഹായകരമാണ്.-അഡ്വ. കൃഷ്ണദാസ് പി. നായർ, ഹൈക്കോടതി അഭിഭാഷകൻ

കോടതികയറേണ്ടിവരും

വഖഫ് അസെറ്റ് രജിസ്റ്ററിൽ സ്വത്തുവിവരം രേഖപ്പെടുത്തുന്നതിനുമുൻപേ കൈമാറ്റംചെയ്യപ്പെട്ട ഭൂമിയെ പിന്നീട് വഖഫ് ആയി പ്രഖ്യാപിച്ചാലും അത് ബാധകമാകില്ലെന്നതരത്തിലായിരുന്നു നിയമഭേദഗതി വേണ്ടിയിരുന്നത്. മുനമ്പത്തെ ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നത് 2019-ലാണ്. ഇവിടെ താമസിക്കുന്നവർ അതിനുമുൻപേ ഭൂമി വാങ്ങിയവരാണ്. ഇത്തരമൊരു ഭേദഗതിയുണ്ടായിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കപ്പെട്ടേനേ. -അഡ്വ. ജോർജ് പൂന്തോട്ടം, ഹൈക്കോടതി സീനിയർ അഭിഭാഷകൻ