തൃശ്ശൂർ: നാട്ടിക സംവരണമണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും ഇത്തവണ പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സി.സി. മുകുന്ദൻ. ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽ പറത്തിയാണു മുകുന്ദനെ അവഗണിച്ചത്.
സി.പി.ഐ.യിൽ തൃശ്ശൂർ ജില്ലയിൽ നിലനിൽക്കുന്ന ശക്തമായ ചേരിപ്പോരാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്. രണ്ടുതവണ ഇതേ മണ്ഡലത്തിൽ മത്സരിച്ചുജയിച്ച ഗീതാ ഗോപിക്കാണ് ഇത്തവണ മണ്ഡലം നൽകുന്നത്.
ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിലാണു മുകുന്ദൻ എന്നറിയുന്നു. മുകുന്ദന്റെ പ്രതിഷേധവും മണ്ഡലത്തിലെ ജയസാധ്യതയും കണക്കിലെടുത്ത് കോൺഗ്രസ് നേതൃത്വം സമീപിച്ചുവെന്നറിയുന്നു.
സംസ്ഥാനത്തെ മുതിർന്ന നേതാവ് ഫോണിൽ ബന്ധപ്പെടുകയും അതുപ്രകാരം ജില്ലയിലെ നേതൃനിരയിലെ ചിലർ നേരിട്ടെത്തി കാണുകയും ചെയ്തതായാണ് വിവരം. ഇത്തവണ സ്ഥാനാർഥിത്വം ഇല്ലെന്ന വിവരവും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പും കിട്ടിയശേഷം തീരുമാനം അറിയിക്കാമെന്നാണ് മറുപടി നൽകിയത്.
കളങ്കരഹിതമായ ജീവിതം നയിക്കുന്ന മുകുന്ദന് മണ്ഡലത്തിൽ നല്ല ജയസാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. എം.എൽ.എ. എന്ന നിലയിൽ പാർട്ടി നിയോഗിച്ച സെക്രട്ടറി താൻ അറിയാതെ ലെറ്റർ പാഡുകളും ഒപ്പും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയോടെയാണു മുകുന്ദൻ സിപിഐ ജില്ലാനേതൃത്വത്തിന് അനഭിമതനായിത്തീർന്നത്. സെക്രട്ടറിയെ മാറ്റുന്നതുവരെ മുകുന്ദൻ പാർട്ടിനേതൃത്വവുമായി അകന്നുനിന്നു. നേതൃത്വത്തോടുള്ള അതൃപ്തി പൊതുവിടങ്ങളിലും പരസ്യമായി പ്രകടിപ്പിക്കുകയും പറയുകയും ചെയ്തു.
അതോടെ, ജില്ലയിലെ ഒരു വിഭാഗം മുകുന്ദന് എതിരായി. ആ വിഭാഗമാണു മുകുന്ദന് രണ്ടാംതവണ സീറ്റ് നൽകുന്നതിന് എതിരുനിന്നത്. ജപ്തിയായ, ചോർന്നൊലിക്കുന്ന വീട്ടിലെ താമസവും ബാല്യകാലദുഃഖങ്ങൾ പങ്കുവെച്ചുള്ള ജീവിതകഥ പുസ്തകമായി പുറത്തിറങ്ങിയതും ജനങ്ങൾക്കിടയിൽ മുകുന്ദന്റെ മതിപ്പ് വർധിപ്പിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള വികസന സപ്ലിമെൻറ് ഈയിടെ പുറത്തിറക്കിയിരുന്നു. സ്വതന്ത്രനായി മത്സരിച്ചാലും വിജയസാധ്യതയുള്ളതാണെന്നു മുന്നിൽക്കണ്ടാണ് കോൺഗ്രസ് തങ്ങളുടെ പക്ഷത്തേക്ക് വരാൻ സമീപിക്കുന്നത്.
Content Highlights: C.C. Mukundan denied seat in Nattika despite strong performance., Internal CPI factionalism cited as the primary reason for the snub., Congress party approaches Mukundan to contest as an independent candidate., Mukundan’s clean public image and grassroots popularity make him a key figure., Dispute over misuse of letterheads by a party-appointed secretary caused the rift.
Published: 09 Mar 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented