തിരുവനന്തപുരം: പിണറായിവിജയനും കുടുംബത്തിനുമെതിരേ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തെ തുടക്കത്തിലേ എതിർക്കാൻ സി.പി.എം. തീരുമാനം. സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണംനടത്തുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തെ എതിർക്കുന്നതിന് എഫ്.ഐ.ആർ. ഇടുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്.

To advertise here,

കേരള പോലീസിന്റെ അന്വേഷണം ശുദ്ധമാകുമെന്നു കരുതി കാത്തിരിക്കേണ്ടതില്ലെന്നാണ് തീരുമാനം. കോഴിക്കോടും തിരുവനന്തപുരത്തും ആദ്യഘട്ടത്തിൽത്തന്നെ പ്രവർത്തകർ തെരുവിലിറങ്ങി.

പിണറായിക്കോ മുഹമ്മദ് റിയാസിനോ പോലീസിന്റെ നോട്ടീസ് ലഭിക്കുന്ന ഘട്ടത്തിൽ നിയമപരമായി എതിർക്കാനുള്ള നടപടി തുടങ്ങും.

അതിനുമുൻപുതന്നെ, യു.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യവും സംഘപരിവാർ ചങ്ങാത്തവും തുറന്നുകാണിക്കാനാകുന്ന വിധത്തിൽ പ്രചരണപരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായി സംസ്ഥാനകമ്മിറ്റി പ്രത്യേകം ലഘുലേഖ പുറത്തിറക്കുന്നുണ്ട്. അത് പൊതുജനങ്ങളെക്കൂടി ബോധ്യപ്പെടുത്താനാണ് ചൊവ്വാഴ്ച പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചത്.

റിയാസിന്റെ വിശദീകരണത്തിൽ പാളിച്ച

നേരേത്ത മുഹമ്മദ് റിയാസിന്റെ വിശദീകരണത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്. പാർട്ടിയുമായി ബന്ധമുള്ള അഭിഭാഷകർ ഇക്കാര്യം നേതാക്കളെ അറിയിക്കുകയുംചെയ്തിരുന്നു.

ഇ.ഡി.യുടെ കത്തിൽ പരാമർശിച്ച ’റെഡ് ബുക്ക്’ (ഡയറി) ഉണ്ടെന്നും അതിൽ വീണ എഴുതിവെച്ച കണക്കുകൾ ഭാവി ബിസിനസിനെ കുറിച്ചുള്ളതായിരുന്നുവെന്നുമാണ് റിയാസ് പറഞ്ഞത്. ഇത് ഇ.ഡി.യുടെ കണ്ടെത്തൽ സമ്മതിക്കുന്നതായെന്നാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്.

അതിനാൽ, റിയാസിന്റെ അംഗീകരിക്കൽ, പാർട്ടിയുടെ വിശദീകരണത്തിൽ തിരുത്തി. ’ഇല്ലാത്ത റെഡ് ബുക്കിൽ കാര്യങ്ങളെല്ലാം എഴുതിവെച്ചു എന്ന പ്രചാരണവും തെറ്റാണ്’- എന്നാണ് ഇപ്പോൾ പാർട്ടി നൽകുന്ന വിശദീകരണം.