കൊച്ചി: അധികാര, സാമ്പത്തിക, ആരാധനാ തര്‍ക്കങ്ങളുടെ നീണ്ട സംഭവപരമ്പരകൾക്കൊടുവിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒരു പതിറ്റാണ്ട് കാലം വഹിച്ചിരുന്ന സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനം ഒഴിയുന്നത്. വൈദികരും മെത്രാന്മാരും പരസ്പരം പോരടിക്കുന്ന കാഴ്ചകൾ.. സീറോ മലബാര്‍ സഭയില്‍ ഒരു പിളര്‍പ്പുണ്ടാകുമോയെന്ന് വിശ്വാസികളും പൊതുസമൂഹവും ഉറ്റുനോക്കിയ ദിനങ്ങൾ..

To advertise here,

എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട്, വ്യാജരേഖാ വിവാദം, കുര്‍ബാന ഏകീകരണം എന്നിങ്ങനെ ക്രമസമാധാനത്തെയും സഭാവിശ്വാസികളുടെ മനഃസമാധാനത്തെയും തകര്‍ക്കുന്ന പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും നീണ്ടനാളുകൾക്കൊടുവിലുള്ള പടിയിറക്കം. ഒരർഥത്തിൽ ഈ പടിയിറക്കത്തിലേക്ക് നയിച്ചതുതന്നെ മേൽപറഞ്ഞ ഏറ്റുമുട്ടലുകളാണെന്നു പറയാം.

അതിരൂപതാ ഭൂമി വില്‍പ്പനയിലെ ക്രമക്കേട്
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള മെത്രാന്‍ കൂടിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ അതിരൂപതയുടെ ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ് പരസ്യമായ ഏറ്റുമുട്ടലുകള്‍ക്ക് തുടക്കമായത്. സാധാരണ ഗതിയില്‍ അതിരൂപതാ നേതൃത്വത്തിനിടയില്‍ മാത്രം ചർച്ചയാകുമായിരുന്ന വിഷയം, സഭാധ്യക്ഷന്‍ കോടതിയില്‍ വിചാരണ നേരിടുന്ന സ്ഥിതിയിലേക്ക് വളർന്നു.

രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റതാണ് വിവാദത്തിനിടയാക്കിയത്. അഞ്ച് ഇടങ്ങളിലായുള്ള ഭൂമി 27 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ആരോപണം. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വില 13 കോടി രൂപയായിരുന്നു. സഭാ അധികൃതരുടെ കൈയില്‍ കിട്ടിയതാകട്ടെ ഒമ്പത് കോടി രൂപ മാത്രം. മുഴുവന്‍ പണം നല്‍കുന്നതുവരെ ഈടായി രണ്ട് സ്ഥലങ്ങള്‍ ഇടപാടുകാരന്‍ അതിരൂപതയ്ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കി. രജിസ്ട്രേഷനായി 10 കോടി രൂപയോളം രൂപതയ്ക്ക് വീണ്ടും മുടക്കേണ്ടി വന്നു. ഇതിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.

അതിരൂപതയുടെ സ്ഥലം ഉപയോഗിച്ച് കര്‍ദിനാള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയെന്നും രൂപതയ്ക്ക് വന്‍ നഷ്ടം വരുത്തിയെന്നുമാണ് കര്‍ദിനാളിനെ എതിര്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍ ആരോപണം ഉന്നയിച്ചത്. അതിരൂപതയെ നശിപ്പിക്കുകയാണ് കര്‍ദിനാള്‍ ചെയ്യുന്നതെന്നും രാജിവെച്ച് നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പൊതു ജനമധ്യത്തില്‍ പ്രതിഷേധമടക്കം സംഘടിപ്പിച്ചു. വൈദികരുടെ പിന്തുണയോടെ വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടനകള്‍ രൂപവത്കരിച്ചായിരുന്നു പ്രക്ഷോഭം. കര്‍ദിനാളിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് ആലഞ്ചേരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടു. 

അതേസമയം, സഭയുടെ പരമോന്നത സമിതിയായ മെത്രാന്‍ സിനഡ് കര്‍ദിനാളിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഭൂമി ഇടപാടില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ദിനാളിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സിനഡ് വിലയിരുത്തി. അതിരൂപതാ ആലോചനാ സമിതികളിലും സഹായ മെത്രാന്മാരോടും ഭൂമി വില്‍പന സംബന്ധിച്ച് കർദിനാൾ കൂടിയാലോചന നടത്തിയിരുന്നെന്നും ഇവരുടെ അനുമതിയോടെയാണ് ഇടപാട് നടന്നതെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ സിനഡ് വിലയിരുത്തിയത്. ഭൂമി ഇടപാടില്‍ വീഴ്ച പറ്റിയെങ്കിലും ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സിനഡ് കണ്ടെത്തി.

വിഭാഗീയത രൂക്ഷമായതോടെ  രണ്ട് സഹായ മെത്രാന്മാരെ രൂപതാ ഭരണത്തില്‍ നിന്ന് വത്തിക്കാന്‍ സസ്പെന്‍ഡ് ചെയ്തു. അതിരൂപതയുടെ ഭരണം അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിച്ചു. സിറോ മലബാര്‍ സഭയില്‍ ആദ്യമായാണ് രണ്ട് മെത്രാന്മാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തായിരുന്നു അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ്പായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടര്‍ന്നെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കായി. സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ വത്തിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.  

ഭൂമിവില്പനയുമായി ബന്ധപ്പെട്ട് ആലഞ്ചേരി അനധികൃത ഇടപാടുകളും സാമ്പത്തിക നേട്ടവും ഉണ്ടാക്കിയെന്ന് ആരോപിക്കുന്ന രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതും സഭയെ പ്രതിസന്ധിയിലാക്കി. കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറി ഫാ. ആന്റണി കല്ലൂക്കാരനാണ് ഈ കേസില്‍ ഒന്നാം പ്രതി. കര്‍ദിനാളിന്റെ പ്രധാന വിമര്‍ശകനായ ഫാ. പോള്‍ തേലക്കാട്ട് രണ്ടാം പ്രതിയും ഭൂമി ഇടപാട് സംഭവം ആദ്യം അന്വേഷിച്ച് കര്‍ദിനാള്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയ ഫാ. ബെന്നി മാരാംപറമ്പില്‍ മൂന്നാം പ്രതിയുമാണ്.

കര്‍ദിനാള്‍ അനധികൃതമായി പണമിടപാടുകള്‍ നടത്തുന്നതായും വന്‍ സമ്പത്തിക നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അഴിമതിക്കാരനാണെന്നും ചിത്രീകരിക്കുന്ന വ്യാജരേഖകളായിരുന്നു ഇവര്‍ ചമച്ചത്. വിഷയത്തില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ് ജേക്കബ് മനത്തോടത്തും കുറ്റക്കാരനാണെന്ന നിലപാട് കര്‍ദിനാള്‍ സ്വീകരിച്ചതോടെ വീണ്ടും പ്രതിസന്ധിയായി. ഒടുവില്‍ അഡ്മിനിസ്ട്രറ്ററേയും രണ്ട് സഹായ മെത്രാന്മാരേയും മാറ്റാന്‍ സിനഡ് തീരുമാനിക്കുകയായിരുന്നു.

പ്രശ്‌നങ്ങള്‍ ഒതുങ്ങിയെന്ന് കരുതുമ്പോഴാണ് സിനഡ് കൊണ്ടുവന്ന കുര്‍ബാന ഏകീകരണത്തിന്റെ പേരില്‍ അടുത്ത പ്രതിഷേധമുയരുന്നത്. കുര്‍ബാന അര്‍പ്പണ രീതിയുടെ പേരില്‍ ഒരു ആര്‍ച്ച് ബിഷപ്പിനുതന്നെ രാജിവെക്കേണ്ടിവന്നു. രാജി ചോദിച്ചുവാങ്ങിയതാണെന്ന വിമതപക്ഷത്തിന്റെ വാദം ശരിയാണെങ്കില്‍, കേരള കത്തോലിക്കാ സഭയില്‍ ആദ്യമായായിരിക്കും ആരാധനാക്രമ പ്രശ്നത്തിന്റെ പേരില്‍ ഒരു ബിഷപ്പിന് ഈ നടപടി നേരിടേണ്ടിവരുന്നത്.

ഏകീകൃത കുര്‍ബാന ക്രമത്തിലെ തര്‍ക്കം

വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കിയത്.  2021 ജൂലൈ മൂന്നിനു മാര്‍പ്പാപ്പ ഇതിന് അംഗീകാരം നല്‍കുകയും അത് വളരെ വേഗം നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഭൂമി വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് കുര്‍ബാന ഏകീകരണത്തിന് സിനഡ് ഇറങ്ങിപ്പുറപ്പെട്ടത്. ഇതോടെ എറണാകുളം-അങ്കമാലി അതിരൂപത, കുര്‍ബാന ഏകീകരണം ഭൂമിവില്‍പന വിവാദം മറയ്ക്കാനാണെന്ന നിലപാടെടുത്തു.

കഴിഞ്ഞ 50 വര്‍ഷങ്ങളായി തങ്ങള്‍ ചൊല്ലിക്കൊണ്ടിരുന്ന ജനാഭിമുഖ രീതിയില്‍ മാത്രമെ ഇനിയും കുര്‍ബാന ചൊല്ലു എന്ന ഉറച്ച നിലപാടെടുത്തു എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍. വിശ്വാസികളുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. കുര്‍ബാന ഏകീകരണം സംബന്ധിച്ച് കര്‍ദിനാള്‍ ഇറക്കിയ സര്‍ക്കുലറുകള്‍ വിമത വൈദികര്‍ തള്ളിക്കളഞ്ഞു. ഒഴിവ് കൊടുക്കാനുള്ള രൂപതാ മെത്രാന്റെ അധികാരം ഉപയോഗിച്ച് അതിരൂപതയ്ക്ക് ഇളവ് നല്‍കണമെന്ന് ബിഷപ്പ് കരിയിലിനോട് അവര്‍ ആവശ്യപ്പെട്ടു. ബിഷപ് രൂപതയ്ക്ക് ഇളവ് നല്‍കുകയും ചെയ്തു.

കുര്‍ബാന ഏകീകരണത്തെ ആദ്യം മുതല്‍ എതിര്‍ത്ത ഫരീദാബാദ് രൂപതയും ഇരിങ്ങാലക്കുട രൂപതയും ഒടുവില്‍ വഴങ്ങി. എറണാകുളം മാത്രം വഴങ്ങിയില്ല. ഒടുവില്‍ 2022ലെ ഈസ്റ്റര്‍ മുതല്‍ കുര്‍ബാന ഏകീകരണം നടപ്പിലാക്കണമെന്ന് കര്‍ദിനാള്‍ അന്ത്യശാസനം നല്‍കി. കര്‍ദിനാളും ബിഷപ്പ് കരിയിലും സംയുക്ത സര്‍ക്കുലര്‍ ഇറക്കുകയും ഓശാന ഞായറാഴ്ച ഇരുവരും ഒരുമിച്ച് എറണാകുളം ബസ്ലിക്ക ദൈവാലയത്തില്‍ പുതിയ ക്രമത്തില്‍ കുര്‍ബാന അര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, കാക്കനാട് സൗണ്ട് സെന്റ് തോമസിലെ സഭാ ആസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയ ബിഷപ്പ് കരിയില്‍ തന്റെ ഒപ്പും സീലും വാങ്ങി സമ്മര്‍ദ്ദത്തില്‍പ്പെടുത്തി സര്‍ക്കുലറില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും 2022 ഡിസംബര്‍വരെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് ഒഴിവു നല്‍കുകയാണെന്നും അറിയിച്ചു.

ഓശാന ഞായറാഴ്ച കര്‍ദിനാള്‍ പോലീസ് സംരക്ഷണത്തില്‍ ബസ്ലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ബിഷപ്പ്  കരിയില്‍ ഈ കുര്‍ബാനയില്‍ പങ്കെടുത്തില്ല. ഇതോടെ പ്രശ്നം വീണ്ടും വഷളായി. എറണാകുളത്തിന് പുറത്തുള്ള രൂപതകളും വിശ്വാസികളും എറണാകുളം രൂപതയ്ക്കെതിരെ തിരിഞ്ഞു. സഭാ ഐക്യം തകരുന്നത് നല്ലതല്ലെന്നും സിറോ മലബാര്‍ സിനഡിനെ അനുസരിക്കാന്‍ ആ സഭയിലെ ഒരു അംഗമെന്ന നിലയില്‍ എറണാകുളം അതിരൂപതയ്ക്ക് ബാധ്യത ഉണ്ടന്നുമായിരുന്നു വത്തിക്കാന്റെ നിലപാട്. പല തവണ ഇതു സംബന്ധിച്ച് പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം ബിഷപ്പ് കരിയിലിന് കത്തുകളയക്കുകയും അനുസരണക്കേട് അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വഴങ്ങാന്‍ വിമത വൈദികര്‍ ബിഷപ്പിനെ സമ്മതിച്ചില്ല. സിനഡും പല തവണ കരിയിലിന് മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ വത്തിക്കാന്‍ കരിയില്‍ ബിഷപ്പിനോട് രാജിവെക്കാന്‍ നിര്‍ദേശിച്ചു.  

ആര്‍ച്ച് ബിഷപ് കരിയിലിന് പകരം തൃശൂര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററാക്കി. പിന്നീട് താന്‍ രാജിവെക്കാനിടയായ സാഹചര്യങ്ങള്‍ വിശദീകരിച്ച് ആന്റണി കരിയില്‍ പുറത്തുവിട്ട കത്ത് വീണ്ടും സഭയെ വെട്ടിലാക്കി. അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ (റെസ്റ്റിറ്റിയൂഷന്‍) കോതമംഗലം കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലങ്ങള്‍ സിനഡ് നിര്‍ദേശിക്കുന്ന വിലയ്ക്ക്, സിനഡ് പറയുന്ന വ്യക്തികള്‍ക്കു വില്‍ക്കാന്‍ തന്നോടു നിര്‍ദേശിച്ചെന്ന വെളിപ്പെടുത്തലായിരുന്നു കത്തിലുണ്ടായിരുന്നത്. 

2023 മാര്‍ച്ചില്‍ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതും ആലഞ്ചേരിക്ക് തിരിച്ചടിയായി. ഉള്‍പ്പോരുകള്‍ വീണ്ടും സജീവമായിരുന്നുവെന്നാണ് വിവരം.
 
നുണ്‍ഷ്യോയുടെ വരവ്; ആലഞ്ചേരിയുടെ രാജി

ചൊവ്വാഴ്ച ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി (നുണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി കൊച്ചിയിലെത്തി മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതോടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരിക്കുന്നു. എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ചുമതലയില്‍നിന്നു മാറ്റുമെന്നും പ്രചാരണമുണ്ടായിരുന്നു.

പ്രചാരണങ്ങള്‍ ശരിവെച്ച് വ്യാഴാഴ്ച മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനത്തുനിന്നും ഔദ്യോഗികമായി പടിയിറങ്ങി. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ചുമതലയില്‍നിന്ന് മാറ്റുകയും ചെയ്തു. സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതല നല്‍കി. അതേസമയം, ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. 

ക്രിസ്മസ് പാതിരാക്കുർബാനയോടുകൂടി ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാണ് വത്തിക്കാന്റെ നിര്‍ദേശമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിക്കുന്നതിന്റെ ഭാഗമായി ആലഞ്ചേരിയെ സഭാധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുകയും ആരാധനാക്രമത്തിന്റെ കാര്യത്തില്‍ അവരോട് വിട്ടുവീഴ്ച ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള സമവായ നീക്കത്തിന്റെ ഭാഗമാകാം ഇപ്പോഴത്തെ നടപടിയെന്ന് വിലയിരുത്തുന്നവരും കുറവല്ല. അങ്ങനെയെങ്കില്‍, തങ്ങളുടെ നിലപാട് മയപ്പെടുത്തി ഏകീകൃത കുര്‍ബാനയിലേക്ക് എറണാകുളം-അങ്കമാലി അതിരൂപത എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.