തിരുവനന്തപുരം: ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിൽ പുഷ്ബാക്ക് സംവിധാനമുള്ള ബക്കറ്റ് സീറ്റുകൾ പുനഃസ്ഥാപിച്ച് റെയിൽവേ. എൽ ഷേപ്പ് (L Shape) സീറ്റുകൾ മാറ്റണമെന്ന യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിനാണ് റെയിൽവേ പച്ചക്കൊടി കാട്ടിയത്. എൽ ഷേപ്പ് സീറ്റുകൾ കാരണം ദീർഘദൂര യാത്രക്കാരിൽ കടുത്ത കഴുത്തുവേദനയും നടുവേദനയുമുണ്ടാകുന്നെന്ന പരാതിയെത്തുടർന്നാണ് റെയിൽവേയുടെ നടപടി. ദൂരസ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ഇനി സുഖമായി യാത്രചെയ്യാനും ഇരുന്നുറങ്ങാനും പുതിയ സീറ്റുകൾ സഹായിക്കും.

To advertise here,

റെയിൽവേ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. വന്ദേ ഭാരതിനുശേഷം കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിനുകളിലൊന്നായ ജനശതാബ്ദിയുടെ കണ്ണൂർ-തിരുവനന്തപുരം റൂട്ടിലാണ് ആദ്യഘട്ടത്തിൽ എൽ-സീറ്റുകൾ മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകൾ അവതരിപ്പിച്ചത്. പുതിയ മാറ്റങ്ങളോടെയാണ് ഈ ട്രെയിൻ ഇന്ന് (ഞായർ) ഓടുക. അടുത്ത ഘട്ടത്തിൽ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലും ഈ മാറ്റം വരുമെന്ന് റെയിൽവേ അറിയിക്കുന്നു.

പുതിയ പുഷ്ബാക്ക് സീറ്റുകളിൽ യാത്രക്കാർക്ക് മുന്നിലായി ചായയോ കുപ്പിവെള്ളമോ വയ്ക്കുന്നതിനുള്ള ട്രേ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.