കടുത്തുരുത്തി (കോട്ടയം): അറവുശാലയിൽനിന്ന് വിരണ്ടോടി അക്രമം കാട്ടിയ പോത്തിനെ രണ്ടുകിലോമീറ്റർ അകലെ ഹോം ഗാർഡ് പിടിച്ചുകെട്ടി. ശനിയാഴ്ച വൈകീട്ട് നാലരയോടെ ആപ്പാഞ്ചിറയിലെ അറവുശാലയിൽ നിന്നോടിയ പോത്തിനെ കടുത്തുരുത്തി ടൗണിൽ ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാർഡ് എം.അനീഷാണ് പിടിച്ചുകെട്ടിയത്.

To advertise here,

പൂഴിക്കോൽ സ്വദേശി വലിയപറമ്പിൽ ബേബിയുടെ ആപ്പാഞ്ചിറയിലെ അറവുശാലയിൽ നിന്നാണ് കെട്ടുപൊട്ടിച്ച പോത്ത് തിരക്കുള്ള റോഡിലൂടെ ഓടിയത്. ഉടമസ്ഥൻ പിന്നാലെയെത്തി മാർക്കറ്റ് ജങ്ഷനിൽ വെച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ പായുകയായിരുന്നു. പോലീസ് സ്റ്റേഷൻ റോഡിലെ ഓട്ടോ സ്റ്റാന്റിലെത്തിയ പോത്ത് ഓട്ടോറിക്ഷ ഡ്രൈവർക്കും ബസ് കാത്ത് നിന്ന സ്ത്രീക്കും നേരെ തിരിഞ്ഞു. ഇതിനിടെ ഒരു ബൈക്കും സ്‌കൂട്ടറും തകർത്തു. അക്രമാസക്തനായ പോത്ത് കയർ കഴുത്തിൽ കുടുങ്ങിയതോടെ പിന്നീട് ചത്തു. ചത്ത പോത്തിനെ ഉടമസ്ഥൻ പിക് അപ്പ് വാനിൽ കയറ്റി കൊണ്ടു പോയി.