പുല്പള്ളി: പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും വാഹനപരിശോധനയടക്കമുള്ള നീക്കങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ചോർത്തി നൽകിയ ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ. പെരിക്കല്ലൂർ ചെറിയമുക്കാടയിൽ വീട്ടിൽ ബിബിൻ ബേബി (42), സഹോദരൻ ബിജു ബേബി (38) എന്നിവരെയാണ് പുല്പള്ളി പോലീസ് പിടികൂടിയത്.

To advertise here,

ഇവർ അഡ്മിനായ ‘ടാക്‌സി ഡ്രൈവേഴ്‌സ് വയനാട്’ എന്ന ഗ്രൂപ്പിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും മദ്യം, മയക്കുമരുന്ന് കടത്തുകാർക്കും മണൽ മാഫിയകൾക്കും മറ്റു സമൂഹവിരുദ്ധർക്കും സഹായമാകുന്നരീതിയിൽ വിവരങ്ങൾ കൈമാറിവന്നത്. ഇന്റലിജൻസ് വിഭാഗത്തിന്റെയും സൈബർ സെല്ലിന്റെയും തുടർച്ചയായ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് സഹോദരങ്ങൾ പോലീസിന്റെ വലയിലാകുന്നത്. 2025 ഒക്ടോബർമുതൽ നവംബർവരെയാണ് ഈ ഗ്രൂപ്പിലൂടെ കുറ്റകരമായ പ്രവർത്തനങ്ങൾ നടന്നുവന്നതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വാഹനപരിശോധന നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും മുൻകൂട്ടി പങ്കുവെച്ച് കുറ്റവാളികൾക്ക് സഹായം ചെയ്തുവരുകയായിരുന്നു. നിരവധിയംഗങ്ങളുള്ള ഈ വാട്‌സാപ്പ് ഗ്രൂപ്പിലെ മറ്റു അംഗങ്ങളുടെ പങ്കും പോലീസ് പരിശോധിച്ചുവരുകയാണ്. ഈ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.