തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ നിർമാണത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാണ് തിരുവനന്തപുരത്തെ ഉപകേന്ദ്രമെന്ന് ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സ് മുൻ ഡയറക്ടർ ജനറൽ അതുൽ ഡിങ്കർ റാണെ.
മിസൈലിന്റെ എയർ ബോൺ ലോഞ്ചറുൾപ്പെടെ നിർമിക്കുന്നതും മിസൈൽ ഇന്റഗ്രേഷൻ യൂണിറ്റും തിരുവനന്തപുരത്താണ്. കൂടാതെ അടുത്തഘട്ടത്തിൽ വിഭാവനം ചെയ്യുന്ന വലിപ്പം കുറഞ്ഞ ബ്രഹ്മോസ് മിസൈലുകളുടെ നിർമാണത്തിന്റെ പ്രധാന കേന്ദ്രമാകേണ്ടതും ഇവിടമാണ്. ഇത്രയും പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം മാതൃസ്ഥാപനമായ ബ്രഹ്മോസ് എയ്‌റോ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിൽ (ബിഎപിഎൽ) നിന്ന് വേർപെടുത്താനുള്ള നീക്കം ഗുണകരമല്ലെന്നും അതുൽ റാണെ ’മാതൃഭൂമി’യോട് പറഞ്ഞു.
തിരുവനന്തപുരം ലൊയോള സ്‌കൂളിലെ പൂർവ വിദ്യാർഥിയായ അതുൽ റാണെ, ലൊയോള പൂർവ വിദ്യാർഥി കൂട്ടായ്മ നൽകുന്ന ഗ്ലോബൽ ലീഡർഷിപ്പ് പുരസ്‌കാരം ഏറ്റുവാങ്ങാനാണ് തിരുവനന്തപുരത്ത് എത്തിയത്.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ബ്രഹ്മോസ് മിസൈലിന് അന്താരാഷ്ട്രതലത്തിൽ കൂടുതൽ പ്രാധാന്യം കൈവന്നിട്ടുണ്ട്. മിസൈലിന്റെ പുറംചട്ടയായ കണ്ടെയ്‌നർ യൂണിറ്റിന്റെ രൂപകൽപ്പനയും നിർമാണവും ഇവിടെയാണ്. കോടികൾ മുടക്കി വർഷങ്ങളുടെ മികവുകൊണ്ടുമാത്രം സ്ഥാപിക്കാവുന്ന എസ്ടിഎഫ്ഇയും (സ്‌മോൾ ടർബൈൻ ഫാൻ എൻജിൻ) തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഭാരം കുറഞ്ഞതും കൂടുതൽ കരുത്തുറ്റതുമായ ബ്രഹ്മോസ് ഉടൻ തന്നെ പരീക്ഷണവിജയം നേടും. ഇത്തരം സാഹചര്യങ്ങളെല്ലാം തിരുവനന്തപുരം ബ്രഹ്മോസിന്റെ വികസനവും കൂടുതൽ നിക്ഷേപം ഇവിടെയെത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്തോ-റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിഎപിഎൽ) ഉപകേന്ദ്രമായ തിരുവനന്തപുരം ബ്രഹ്മോസിനെ മാതൃസ്ഥാപനത്തിൽനിന്ന് വേർപെടുത്താൻ കഴിഞ്ഞ ജൂലായിലാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
2007-ൽ എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ്, സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽടെക്കിനെ (കേരള ഹൈടെക് ഇൻഡസ്ട്രീസ് മിലിറ്റഡ്) ഒരു രൂപ നൽകി പ്രതിരോധ മന്ത്രാലയം ഏറ്റെടുത്ത് ബിഎപിഎല്ലിന് നൽകിയത്. പലഘട്ടങ്ങളിലായി 300 കോടിയോളം രൂപ കേന്ദ്രം ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. ബ്രഹ്മോസിനുപുറമേ ഐഎസ്ആർഒ, ബാർക്ക്, ജിടിആർഇ, കൽപ്പാക്കം ആണവകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾക്കായും യന്ത്രങ്ങളും യന്ത്രഘടകങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്.
തുമ്പയിൽ ഐഎസ്ആർഒ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിച്ചപ്പോൾ വിക്രം സാരാഭായിക്കൊപ്പം പ്രവർത്തിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയായ ഡോ. റാണയുടെ മകനാണ് അതുൽ റാണെ. സ്‌കൂൾ, കോളേജ് പഠനം തിരുവനന്തപുരത്ത് പൂർത്തിയാക്കിയശേഷം ചെന്നൈയിൽ എൻജിനിയറിങ് പഠനം കഴിഞ്ഞാണ് അദ്ദേഹം ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായത്.
Content Highlights: Former BrahMos DG Atul Dinger Rane expresses concerns over separating the Thiruvananthapuram unit from its parent company.
Published: 24 Nov 2025, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented