തിരുവനന്തപുരം: ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റിന് ഡി.ആർ.ഡി.ഒ.യ്ക്ക് (ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് ഓർഗനൈസേഷൻ) നെട്ടുകാൽത്തേരിയിൽ 180 ഏക്കർ അനുവദിക്കും. മാർച്ചിൽ 90 ഏക്കർ അനുവദിച്ചെങ്കിലും ഇരട്ടി സ്ഥലം വേണമെന്ന ‌ആവശ്യപ്പെട്ട് ബ്രഹ്‌മോസ് അധികൃതർ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടിരുന്നു. ബ്രഹ്‌മോസ് മിസൈൽ നിർമാണത്തിനുള്ള രണ്ടാം യൂണിറ്റിന്റെ പ്രവർത്തനത്തിനുമാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയിലാണ് ഇപ്പോൾ 180 ഏക്കർ തന്നെ സൗജന്യമായി നൽകുന്നത്.

To advertise here,

ഇന്തോ-റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്‌റോ സ്‌പെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബി.എ.പി.എൽ.) ഉപകേന്ദ്രമായ ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സ് ട്രിവാൻഡ്രം ലിമിറ്റഡ് (ബി.എ.ടി.എൽ.) ചാക്കയിൽ പ്രവർത്തിക്കുന്നുണ്ട്. മിസൈലുകളുടെ പുറംചട്ടയായ കണ്ടെയ്‌നർ യൂണിറ്റിന്റെ രൂപകല്പനയും എയർബോൺ ലോഞ്ചറിന്റെ നിർമാണവും ഇവിടെയാണ്.

നെട്ടുകാൽത്തേരിയിൽ പുതുതലമുറ ബ്രഹ്‌മോസ് നിർമാണ യൂണിറ്റായിരിക്കും തുടങ്ങുക. 2025-ൽ ലഖ്‌നൗവിൽ ആരംഭിച്ച നിർമാണകേന്ദ്രത്തിന്റെ മാതൃകയിലായിരിക്കും ഇത്. 2007-ൽ എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ്, സംസ്ഥാനസർക്കാർ സ്ഥാപനമായ കെൽടെക്കിനെ (കേരളാ ഹൈടെക് ഇൻഡസ്ട്രീസ് മിലിറ്റഡ്) ഒരു രൂപ നൽകി പ്രതിരോധ മന്ത്രാലയം ഏറ്റെടുത്ത് ബ്രഹ്‌മോസിന് കൈമാറിയത്. ഇതിനോട് ചേർന്ന് നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാല തുടങ്ങാനും പദ്ധതിയുണ്ട്.