
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ദശാബ്ദങ്ങളോളം ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നായി തുടർന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ഇന്ന് ആരെയും അമ്പരിപ്പിക്കുന്ന തരത്തിൽ തദ്ദേശീയ രൂപകൽപ്പനയിലും നിർമ്മാണത്തിലും അധിഷ്ഠിതമായ ഒരു ആഗോള പ്രതിരോധ കയറ്റുമതി ഹബ്ബായി വേഗത്തിൽ മാറുകയാണ് രാജ്യം. പ്രതിരോധ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള നയപരമായ മാറ്റങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഇന്ത്യയുടെ സൈനിക സുരക്ഷയെയും നയതന്ത്ര മുൻഗണനകളെയും പൂർണ്ണമായും പുനർനിർവ്വചിച്ചിരിക്കുന്ന നിർണായകമായൊരി കാലഘട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ് രാജ്യം. അതിന് ദീർഘവീക്ഷണത്തോടെയുള്ള നിരവധി നയങ്ങൾ കാലാകാലങ്ങളിൽ ഭരണാധികാരികൾ സ്വീകരിച്ചതിന്റെ ഫലം കൂടിയാണ് ഈ മാറ്റം. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയിലേക്കുള്ള വളർച്ചയുടെ ചരിത്രം പരിശോധിക്കാം.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന പ്രതിരോധ നിർമ്മാണ സംവിധാനം പ്രധാനമായും സൈനിക ക്യാമ്പുകൾക്കും കോട്ടകൾക്കും ചുറ്റുമുള്ള ചെറിയ തോതിലുള്ള ഫാക്ടറികളിലും മില്ലുകളിലും മാത്രമായി പരിമിതപ്പെട്ടിരുന്നു. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമാണ് ഇവ രൂപകൽപ്പന ചെയ്തിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യക്ക് ആകെ 30 ലക്ഷത്തോളം സൈനികരുണ്ടായിരുന്നെങ്കിലും, ആയുധങ്ങളുടെയോ മറ്റ് തന്ത്രപ്രധാന പ്ലാറ്റ്ഫോമുകളുടെയോ കാര്യത്തിൽ സ്വയംപര്യാപ്തത നേടാനുള്ള സാങ്കേതിക അടിത്തറയോ സുരക്ഷിതമായ വിതരണ ശൃംഖലയോ രാജ്യത്തിനുണ്ടായിരുന്നില്ല.
തന്മൂലം, 1950-കളുടെ ആദ്യ പകുതിയിൽ ഇന്ത്യയുടെ പ്രതിരോധ ആവശ്യകതകളുടെ എഴുപത് ശതമാനത്തിലധികവും വിദേശ ഇറക്കുമതിയിലൂടെയാണ് നിറവേറ്റപ്പെട്ടിരുന്നത്. ഈ വിടവ് നികത്തുന്നതിനായി 1956-ലെ വ്യാവസായിക നയപ്രമേയത്തിലൂടെ (Industrial Policy Resolution 1956) ആയുധങ്ങളുടെയും പ്രതിരോധ സാമഗ്രികളുടെയും ഉത്പാദന ചുമതല പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുകയും പൊതുമേഖലയ്ക്ക് കീഴിലാക്കുകയും ചെയ്തു.
എന്നാൽ, പ്രാരംഭ ഘട്ടത്തിൽ വിഭവങ്ങളുടെയും മൂലധനത്തിന്റെയും അഭാവം മൂലം ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല. അതേസമയം ബദ്ധവൈരിയായ പാകിസ്താൻ ഇന്ത്യയുടെ മറ്റൊരു സുരക്ഷാ ഭീഷണിയായ ചൈനയമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചതും അമേരിക്കയുടെ നയങ്ങളും ഇന്ത്യയെ വലിയ സുരക്ഷാ ഭീഷണികളിലേക്ക് നയിച്ചതോടെ വിദേശങ്ങളിൽ നിന്നും വേഗത്തിൽ ആയുധങ്ങൾ സംഭരിക്കാൻ രാജ്യം നിർബന്ധിതമായി.
ഇതിനെ തുടർന്ന് സോവിയറ്റ് യൂണിയനുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുകയും സോവിയറ്റ് സഹായത്തോടെയുള്ള വൻതോതിലുള്ള ഇറക്കുമതിയും ലൈസൻസ് അധിഷ്ഠിത നിർമ്മാണവും രാജ്യത്ത് ആരംഭിക്കുകയും ചെയ്തു. 1990-കളിലെ സാമ്പത്തിക ഉദാരവത്കരണ പ്രക്രിയ ഇന്ത്യയുടെ സംഭരണ രീതികളെ കൂടുതൽ സ്വാധീനിച്ചു. ഇത് മുൻകാലങ്ങളിലെ സിംഗിൾ-വെണ്ടർ (Single Vendor) സംഭരണ രീതികളിൽ നിന്ന് കൂടുതൽ സുതാര്യവും മത്സരപരവുമായ മൾട്ടി-വെണ്ടർ (Multi-Vendor) സംഭരണ രീതികളിലേക്കുള്ള വഴിമാറ്റത്തിന് കാരണമായി.
ഇന്ത്യയുടെ ആധുനിക പ്രതിരോധ സംഭരണ ചട്ടങ്ങളുടെ രൂപീകരണത്തിന് വഴിതെളിച്ച ആദ്യത്തെ ഔദ്യോഗിക രേഖ 1989-ൽ സമർപ്പിക്കപ്പെട്ട പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ 187-ാമത് റിപ്പോർട്ടായിരുന്നു. ബൊഫോഴ്‌സ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ ഇടപാടുകളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത് തയ്യാറാക്കിയത്. ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ 1992-ൽ ആദ്യത്തെ വ്യവസ്ഥാപിത പ്രപ്രതിരോധ സംഭരണ നടപടിക്രമങ്ങൾ (DPP 1992) പുറത്തിറങ്ങി. എന്നാൽ പ്രതിരോധ സംഭരണ രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയത് 1999-ലെ കാർഗിൽ യുദ്ധമായിരുന്നു.
യുദ്ധാനന്തരം രൂപീകരിക്കപ്പെട്ട കാർഗിൽ റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിതല സമിതിയുടെയും ശുപാർശകളെ തുടർന്ന് പ്രതിരോധ നയങ്ങൾ ആധുനികവത്കരിക്കാൻ 'ഡിഫൻസ് അക്വിസിഷൻ കൗൺസിൽ' (DAC), 'ഡിഫൻസ് പ്രൊക്യൂർമെന്റ് ബോർഡ്' (DPB), 'ഡിഫൻസ് പ്രൊഡക്ഷൻ ബോർഡ്' എന്നിവ സ്ഥാപിക്കപ്പെട്ടു.ഇതോടെ 2002-ൽ ആദ്യത്തെ സമഗ്ര 'ഡിഫൻസ് പ്രൊക്യൂർമെന്റ് പ്രൊസീജ്യർ' (DPP 2002) പ്രാബല്യത്തിൽ വന്നു. തുടർന്ന് സാങ്കേതികവും തന്ത്രപരവുമായ മാറ്റങ്ങൾക്ക് വിധേയമായി 2003, 2005, 2006, 2008, 2009, 2011, 2013, 2016 എന്നീ വർഷങ്ങളിൽ ഈ ചട്ടങ്ങൾ പരിഷ്‌കരിക്കപ്പെട്ടു.
ഇതിന്റെ ഏറ്റവും ആധുനികവും സമഗ്രവുമായ രൂപമാണ് 'ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ 2020' (DAP 2020) . ആത്മനിർഭർ ഭാരത് പദ്ധതിയെ മുൻനിർത്തി തദ്ദേശീയ രൂപകൽപ്പനയ്ക്കും ഉത്പാദനത്തിനും പരമാവധി മുൻഗണന നൽകുന്നതിനെ ഈ നയം പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ പ്രതിരോധ സംഭരണം ലളിതമാക്കാൻ 'ഡിഫൻസ് പ്രൊക്യൂർമെന്റ് മാനുവൽ 2025' (DPM 2025) കൊണ്ടുവരികയും തദ്ദേശീയ ഉള്ളടക്കം 60 ശതമാനം വരെയായി വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന 'ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ 2026' (DAP 2026) ന്റെ ഡ്രാഫ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ഇറക്കുമതിയിൽനിന്ന് സ്വയംപര്യാപ്തതയിലേക്ക്
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതി രാജ്യമായിരുന്ന ഇന്ത്യ, ഇന്ന് തദ്ദേശീയമായ ആയുധങ്ങളുടെ സംഭരണത്തിലേക്കും അവ കയറ്റുമതി ചെയ്യുന്നതിലേക്കും മാറിയതിന് പിന്നിൽ കഴിഞ്ഞ ദശാബ്ദത്തിൽ നടപ്പിലാക്കിയ അതിശക്തമായ ഘടനാപരമായ പരിഷ്‌കാരങ്ങളാണ്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി 2020-ൽ പ്രതിരോധ മേഖലയിലെ വിദേശ നേരിട്ടുള്ള നിക്ഷേപ പരിധി (FDI) ഓട്ടോമാറ്റിക് റൂട്ടിലൂടെ 74 ശതമാനമായും സർക്കാർ അനുമതിയോടെ 100 ശതമാനമായും വർദ്ധിപ്പിച്ചു.
കമ്പനികൾക്ക് പ്രതിരോധ ഉത്പാദനം എളുപ്പമാക്കുന്നതിനായി 2015-ൽ വ്യാവസായിക ലൈസൻസുകളുടെ പ്രാരംഭ കാലാവധി 7 വർഷത്തിൽ നിന്നും 15 വർഷമായി നീട്ടി നൽകി. പിന്നീട് ആംസ് ആക്ടിന് കീഴിൽ കമ്പനിയുടെ ആയുഷ്‌കാലം മുഴുവൻ സാധുതയുള്ള തരത്തിൽ ചട്ടങ്ങൾ ലളിതമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ലൈസൻസ് നേടുന്ന കമ്പനികളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു. തദ്ദേശീയ ഉത്പാദന അടിത്തറ വികസിപ്പിക്കുന്നതിനുള്ള മറ്റൊരു വലിയ നാഴികക്കല്ലായിരുന്നു 2021 ഒക്ടോബറിൽ നടന്ന ഓർഡിനൻസ് ഫാക്ടറി ബോർഡിന്റെ (OFB) കോർപ്പറേറ്റ് വത്കരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പൊതുമേഖലാ ബോർഡ് പിരിച്ചുവിട്ട് പകരം യന്ത്ര ഇന്ത്യ ലിമിറ്റഡ് (Yantra India Limited), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (AWEIL) ഉൾപ്പെടെയുള്ള 7 പുതിയ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSU) രൂപീകരിച്ചു. ഈ സ്ഥാപനങ്ങൾ കോർപ്പറേറ്റ് ശൈലിയിലേക്ക് മാറിയതോടെ ഉത്പാദന ക്ഷമതയും കയറ്റുമതി സാധ്യതകളും വർദ്ധിച്ചു.
കൂടാതെ, ആഭ്യന്തര ഗവേഷണ മേഖലയെ സജീവമാക്കാൻ പ്രതിരോധ ഗവേഷണ ബജറ്റിന്റെ 25 ശതമാനം സ്വകാര്യ വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി സർക്കാർ തുറന്നു നൽകി. ഇതിന് പിന്തുണയായി ഡി.ആർ.ഡി.ഒ (DRDO) രൂപീകരിച്ച അഞ്ച് യംഗ് സയന്റിസ്റ്റ് ലബോറട്ടറികളും (DYSLs), സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന ഐഡെക്‌സ് (iDEX), തന്ത്രപ്രധാന സാങ്കേതികവിദ്യ വികസനത്തിനായുള്ള അദിതി (ADITI) പദ്ധതികളും രാജ്യത്തെ പുതിയ പ്രതിരോധ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തി. കൂടാതെ എം.എസ്.എം.ഇകൾക്ക് 50 കോടി രൂപ വരെയുള്ള വലിയ ഗ്രാന്റുകൾ നൽകാൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസന ഫണ്ടും (TDF) ഡി.ആർ.ഡി.ഒ. കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്.
ഇന്ത്യൻ പ്രതിരോധ രംഗത്ത് യഥാർത്ഥ കുതിച്ചുചാട്ടവും വിപ്ലവകരമായ വളർച്ചയും സംഭവിച്ചത് 2014 മുതൽ 2026 വരെയുള്ള കാലയളവിലാണ് എന്ന് കാണാം. വിദേശ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് തന്ത്രപരമായ സ്വയംഭരണത്തെ തളർത്തുമെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സർക്കാർ രണ്ട് സുപ്രധാന നയങ്ങൾ നടപ്പിലാക്കി. ആദ്യത്തേത് 'പോസിറ്റീവ് തദ്ദേശീയവത്കരണ പട്ടികകൾ' (Positive Indigenisation Lists) പുറത്തിറക്കിയതാണ്. ഈ ചട്ടപ്രകാരം അഞ്ച് പട്ടികകളിലായി ഉൾപ്പെടുത്തിയിട്ടുള്ള ഉയർന്ന സാങ്കേതികവിദ്യകളുള്ള വലിയ തോക്കുകൾ, കോർവെറ്റുകൾ, റഡാറുകൾ, മിസൈലുകൾ ഉൾപ്പെടെ 5,500-ലധികം പ്രതിരോധ ഉത്പന്നങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കർശനമായി നിരോധിച്ചു. ഇവയിൽ 3,000-ത്തിലധികം ഇനങ്ങൾ ഇതിനകം തന്നെ വിജയകരമായി തദ്ദേശീയമായി നിർമ്മിച്ചു കഴിഞ്ഞു.
രണ്ടാമത്തെ സുപ്രധാന മാറ്റം പ്രതിരോധ ആധുനികവത്കരണ സംഭരണ ബജറ്റിൽ തദ്ദേശീയ വ്യവസായങ്ങൾക്കായി മാറ്റിവെച്ച വലിയ വിഹിതമാണ്. പുതിയ സാമ്പത്തിക വർഷങ്ങളിൽ ക്യാപിറ്റൽ സംഭരണ ബജറ്റിന്റെ 75 ശതമാനത്തോളം തദ്ദേശീയ കമ്പനികൾക്ക് മാത്രമായി മാറ്റിവെക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് ആഭ്യന്തര വ്യവസായങ്ങൾക്ക് വലിയ വിപണി സാധ്യതകൾ ഉറപ്പുനൽകുകയും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ തദ്ദേശീയവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ഓഗസ്റ്റിൽ 'സൃജൻ' (SRIJAN) എന്ന ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ഈ പോർട്ടലിലൂടെ ഇറക്കുമതി ചെയ്തിരുന്ന ഉത്പന്നങ്ങൾ ആഭ്യന്തര വ്യാവസായിക സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും നിർമ്മിക്കാനായി ലഭ്യമാക്കി.
ഇതിനകം 38,000-ത്തിലധികം ഉത്പന്നങ്ങൾ ഇതിൽ ലിസ്റ്റ് ചെയ്യപ്പെടുകയും 14,000-ത്തിലധികം വസ്തുക്കൾ തദ്ദേശീയമായി വിജയകരമായി രൂപകൽപ്പന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡെവലപ്പ്‌മെന്റ് കം പ്രൊഡക്ഷൻ പാർട്ണർ (DcPP) മോഡലിലൂടെ സ്വകാര്യ മേഖലയെ പ്രാരംഭ ഡിസൈൻ ഘട്ടത്തിൽ തന്നെ ഡി.ആർ.ഡി.ഒയ്‌ക്കൊപ്പം പങ്കാളികളാക്കിയതും നിർമ്മാണ വേഗത ഇരട്ടിയാക്കി. ഇന്ത്യൻ പ്രതിരോധ മേഖലയിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തിയ സുപ്രധാന വർഷങ്ങൾ സാമ്പത്തിക വർഷം 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിലാണ്. ഈ വർഷങ്ങളിൽ ഉത്പാദനത്തിലും കയറ്റുമതിയിലും അഭൂതപൂർവ്വമായ കുതിച്ചുചാട്ടമാണ് പ്രകടമായത്.
2025-26 വർഷത്തിൽ ഇന്ത്യ കൈവരിച്ച വാർഷിക പ്രതിരോധ ഉത്പാദനം 1.78 ലക്ഷം കോടിയാണ്, ഇത് 2013-14 നെയപേക്ഷിച്ച് ഏകദേശം നാല് മടങ്ങ് വർദ്ധനവാണ് കാണിക്കുന്നത്. കയറ്റുമതി വിഹിതമാകട്ടെ 2013-14 ലെ 686 കോടിയിൽ നിന്നും 2025-26 സാമ്പത്തിക വർഷത്തിൽ 38,424 കോടിയായി കുതിച്ചുയർന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിരോധ കയറ്റുമതി നിരക്കാണ്. ഈ കുതിച്ചുചാട്ടത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 42,000 കോടിയായി ഉയർന്നതും തദ്ദേശീയമായി കൂടുതൽ കമ്പനികൾ പ്രതിരോധ രംഗത്തേക്ക് കടന്നുവന്നതിനെ വ്യക്തമാക്കുന്നു.
പ്രതിരോധ രംഗത്തെ കയറ്റുമതി ചരിത്രം
ഇന്ത്യൻ പ്രതിരോധ രംഗത്തെ കയറ്റുമതിയുടെ ആരംഭം പരിശോധിച്ചാൽ അത് ചെന്നെത്തുക 1959ലാണ്. അന്ന് ഇന്ത്യ പ്രതിരോധ കയറ്റുമതി നടത്തിയെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നേണ്ടതില്ല. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആദ്യത്തെ മിലിട്ടറി ട്രെയിനർ എയർക്രാഫ്റ്റ് ആയ HAL HT-2 പ്രൈമറി ട്രെയിനർ വിമാനം 1959-ൽ പന്ത്രണ്ട് എണ്ണം ഘാന എയർഫോഴ്‌സിന് (Ghana Air Force) നൽകിക്കൊണ്ടാണ് ഇന്ത്യ ഔദ്യോഗികമായി ആദ്യ പ്രതിരോധ വിമാന കയറ്റുമതി നടത്തിയത്. എന്നാൽ ഇതിന് ശേഷം ഇന്ത്യ ഏറെക്കാലും ഈ മേഖലയിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല.
ഇതിന് ശേഷമുള്ള സുപ്രധാന പ്രതിരോധ കയറ്റുമതി നടന്നത് 2011ലാണ് എന്ന് കാണാം. ഇന്ത്യ സ്വന്തമായി നിർമ്മിച്ച മൾട്ടി-റോൾ ഓഫ്ഷോർ പട്രോൾ വെസ്സൽ (OPV) ആയ 'ബാരാക്കുഡ' (Barracuda) മൗറീഷ്യസിന് വിൽക്കാൻ ഇന്ത്യ കരാർ ഒപ്പിട്ടു. അതേ വർഷം തന്നെ ഇക്വഡോറിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ധ്രുവ് (Dhruv) ഹെലികോപ്റ്ററുകൾ കൈമാറി. 2017 മാർച്ചിൽ മ്യാൻമറിന് 37.9 മില്യൺ ഡോളറിന്റെ ഭാരം കുറഞ്ഞ ടോർപിഡോകൾ വിറ്റതും നാവിക പ്രതിരോധ രംഗത്തെ പ്രധാന മുന്നേറ്റമായിരുന്നു.
എന്നാൽ, പ്രതിരോധ കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം പരസ്യമാക്കിയ ചരിത്രപ്രധാനമായ സംഭവം 2022 ജനുവരിയിൽ ഒപ്പുവെച്ച 375 മില്യൺ ഡോളറിന്റെ 'ബ്രഹ്‌മോസ്' (BrahMos) മിസൈൽ കരാറാണ്. ഫിലിപ്പീൻസിന് തീരദേശ സംരക്ഷണത്തിനായി മൂന്ന് ബ്രഹ്‌മോസ് മിസൈൽ ബാറ്ററികൾ നൽകാനാണ് ഈ കരാറിലൂടെ തീരുമാനിച്ചത്. ഇതിന്റെ വിതരണം 2024 ഏപ്രിലിൽ ആരംഭിച്ചു. 2025ൽ പൂർത്തിയാകുകയും ചെയ്തു. ഇതോടൊപ്പം ആർമേനിയക്ക് പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകളും ആകാശ് എയർ ഡിഫൻസ് മിസൈലുകളും എ.റ്റി.എ.ജി.എസ് (ATAGS) ആർട്ടിലറി തോക്കുകളും നൽകുന്ന വലിയ ഓർഡറുകൾ ഇന്ത്യ നടപ്പാക്കി.
ഈ വലിയ സായുധ പ്ലാറ്റ്ഫോമുകൾക്കൊപ്പം തന്നെ പ്രതിരോധ വസ്ത്ര നിർമ്മാണ രംഗത്തും ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. 2025 ജനുവരി 28-ന് തമിഴ്നാട്ടിലെ ആവഡി ഓർഡിനൻസ് ക്ലോത്തിങ് ഫാക്ടറി (OCF Avadi), സൗത്ത് അമേരിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് സുരിനാമിലേക്ക് (Suriname) 1.71 കോടി രൂപ വിലമതിക്കുന്ന 4,500 അത്യാധുനിക മിലിട്ടറി യൂണിഫോമുകൾ ഡിസ്പാച്ച് ചെയ്തത് ഇന്ത്യയുടെ പ്രതിരോധ വസ്ത്ര കയറ്റുമതി രംഗത്തെ വലിയൊരു നാഴികക്കല്ലാണ്. നിലവിൽ യു.എസ്.എ, ഫ്രാൻസ്, ആർമേനിയ ഉൾപ്പെടെ 80-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ പ്രതിരോധ സാമഗ്രികൾ കയറ്റി അയക്കുന്നുണ്ട് എന്നറിയുമ്പോഴാണ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രംഗത്തെ വളർച്ചയുടെ ആഴം വ്യക്തമാകുക.
ഭരണനേതൃത്വവും തന്ത്രപ്രധാന തീരുമാനങ്ങളും
പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഈ അപൂർവ്വ വളർച്ചയ്ക്ക് പിന്നിൽ വിവിധ കാലഘട്ടങ്ങളിലെ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ധീരമായ തീരുമാനങ്ങളും ദീർഘവീക്ഷണങ്ങളുമുണ്ടായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഭരണകൂടത്തിൽ സിവിൽ മേധാവിത്വം ഉറപ്പുവരുത്തുകയും വ്യവസ്ഥാപിതമായ പ്രതിരോധ മാനേജ്മെന്റ് ഘടന നിർമ്മിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് 1958-ൽ ഡി.ആർ.ഡി.ഒ (DRDO) രൂപീകരിക്കപ്പെട്ടതും ആദ്യത്തെ തദ്ദേശീയ വിമാന വികസനത്തിന് തുടക്കമിട്ടതും.
ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത്, പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ആയുധ കൈമാറ്റ ഉപരോധങ്ങളെ തുടർന്ന് സോവിയറ്റ് യൂണിയനുമായി തന്ത്രപരമായ പ്രതിരോധ സഹകരണം സ്ഥാപിച്ചു. ഇത് രാജ്യത്ത് ലൈസൻസുള്ള വലിയ ആയുധ പ്ലാറ്റ്ഫോമുകളുടെ സഹ-നിർമ്മാണത്തിന് അടിത്തറയിട്ടു. തുടർന്ന് വന്ന രാജീവ് ഗാന്ധിയുടെയും പി. വി. നരസിംഹറാവുവിന്റെയും ഭരണകാലത്താണ് തദ്ദേശീയ മിസൈൽ വികസന പദ്ധതികൾക്കും തേജസ് ലൈറ്റ് കോംബാറ്റ് വിമാന നിർമ്മാണ പദ്ധതികൾക്കും കൂടുതൽ വേഗത കൈവന്നത്. 1990-കളിലെ സാമ്പത്തിക ഉദാരവത്കരണം സ്വകാര്യ വ്യവസായ സംരംഭങ്ങളെ പ്രതിരോധ രംഗത്തേക്ക് ആകർഷിക്കാനും സഹായകരമായി.
അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലം പ്രതിരോധ രംഗത്തെ സുപ്രധാന ഘടനകൾക്ക് രൂപം നൽകി. കാർഗിൽ യുദ്ധാനന്തരം പ്രതിരോധ സംഭരണ രീതികളെ വ്യവസ്ഥാപിതമാക്കാൻ 2002-ൽ ആദ്യത്തെ ഔദ്യോഗിക ഡി.പി.പി (DPP 2002) കൊണ്ടുവന്നതും, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) പദവി സൃഷ്ടിക്കാനുള്ള പ്രാഥമിക ശുപാർശ നൽകിയതും വാജ്പേയി സർക്കാരിന്റെ കാലത്താണ്. റഷ്യയുമായുള്ള സഹകരണത്തിലൂടെ സുപ്രധാനമായ ബ്രഹ്‌മോസ് മിസൈൽ സംയുക്ത സംരംഭം ആരംഭിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്താണ് മുൻകാലങ്ങളിൽ പരിഹരിക്കപ്പെടാതെ കിടന്ന പല തന്ത്രപ്രധാന പരിഷ്‌കാരങ്ങളും അതിവേഗത്തിൽ നടപ്പിലാക്കപ്പെട്ടത്. സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി 2019-ൽ ആദ്യമായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) പദവി പ്രാബല്യത്തിൽ വരുത്തുകയും തിയേറ്ററൈസേഷൻ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
മേക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളിലൂടെ പ്രതിരോധ ബജറ്റും ഉത്പാദന സംവിധാനങ്ങളും തദ്ദേശീയ കമ്പനികൾക്കായി പൂർണ്ണമായി മാറ്റിമറിച്ചതും, ഓർഡിനൻസ് ഫാക്ടറികളെ കോർപ്പറേറ്റ് വത്കരിച്ചതും അദ്ദേഹത്തിന്റെ ദൃഢമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ്.
ഇന്ത്യയുടെ പ്രതിരോധ സംഭരണ നയത്തിന്റെ ചരിത്രം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഒരു വലിയ ഇറക്കുമതിക്കാരനിൽ നിന്ന് സ്വയംപര്യാപ്തത കൈവരിച്ച ഒരു തദ്ദേശീയ ഉത്പാദകനിലേക്കുള്ള വളർച്ചയുടെ കഥയാണ്. തന്ത്രപരമായ ആഭ്യന്തര ഗവേഷണ നിക്ഷേപങ്ങളും സ്വകാര്യ വ്യവസായങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തവും ഈ അപൂർവ്വ കുതിച്ചുചാട്ടത്തിന് വഴിതെളിച്ചു.
പുതിയ നയപരിഷ്‌കാരങ്ങളുടെ ഫലമായി 2029-ഓടെ ആഭ്യന്തര പ്രതിരോധ ഉത്പാദനം 3 ലക്ഷം കോടി രൂപയായും ആകെ കയറ്റുമതി 50,000 കോടി രൂപയായും ഉയർത്തുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണ്. ആർട്ടിലറി ഷെല്ലുകളും മറ്റ് അമ്യൂണിഷനുകളും മാത്രം കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് തന്ത്രപ്രധാനമായ മിസൈലുകൾ ഉൾപ്പെടെ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി.
ഇന്ത്യയിൽ നിന്ന് ഫിലിപ്പീൻസ്, വിയറ്റ്‌നാം, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങൾ ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങുന്നു. അസ്ത്ര മിസൈലുകളും ആകാശ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, പ്രളയ് മിസൈലുകൾ, പിനാക റോക്കറ്റുകൾ എന്നിവയ്ക്ക് കടലുകടന്നും ആവശ്യക്കാരെത്തുന്നു എന്ന നിലയിലേക്ക് ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം വളർന്നു. ഭാവിയിൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളുമടക്കം കയറ്റുമതി ചെയ്യുന്ന കാലം വിദൂരമല്ല. അതിലേക്ക് അടുക്കുകയാണ് ഇന്ത്യ. സ്വന്തമായി യുദ്ധവിമാന എൻജിൻ വികസിപ്പിക്കാനുള്ള പദ്ധതി പലരീതിയിൽ ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
വിദേശ സഹകരണത്തിനൊപ്പം സ്വന്തമായി അറിവുകൾ ആർജിച്ചെടുത്ത് സ്വന്തം സാങ്കേതിക വിദ്യയിലുള്ള എൻജിനുകൾ വികസിപ്പിക്കുന്ന കാവേരി എൻജിൻ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഇതിനൊപ്പം യുദ്ധക്കപ്പലുകൾ ഡിസൈൻ ചെയ്യാനും നിർമിക്കാനുമുള്ള കഴിവുള്ള ഇന്ത്യ ഇന്ന് അതിനാവശ്യമായ എൻജിനുകളും വികസിപ്പിക്കാനുള്ള ഘട്ടത്തിലാണ്. ഡ്രോൺ സാങ്കേതിക വിദ്യയിലും ഇന്ത്യയിൽ നിന്ന് സ്വകാര്യ പ്രതിരോധ കമ്പനികൾ ഉയർന്നുവന്നു. വിദേശ രാജ്യങ്ങളുടെ സേനകൾക്കായി ഇന്ത്യയിൽ നിന്ന് നിരവധി കമ്പനികൾ ഡ്രോണുകൾ നിർമിച്ച് നൽകുന്നുണ്ട്.
പ്രതിരോധ രംഗത്തെ ഈ വളർച്ച ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനവും വർധിപ്പിക്കാനിടയാക്കുമെന്നതിൽ സംശയമില്ല. ഇന്ത്യയുടെ ആഗോള താത്പര്യങ്ങളും മാറുകയാണ്. അതിനനുസരിച്ചുള്ള വളർച്ച പ്രതിരോധ രംഗത്തിന് നിലനിർത്താനായാൽ അതുണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കും. നിലവിൽ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ തന്ത്രപ്രധാനമായ നയതന്ത്ര നേട്ടമാണ് ബ്രഹ്‌മോസ് കരാറുകളിലൂടെ ഇന്ത്യയ്ക്ക് കൈവന്നത്. അസ്ത്ര മിസൈൽ ഇൻഡൊനീഷ്യ വാങ്ങാൻ തയ്യാറായതോടെ റഷ്യൻ സുഖോയ് യുദ്ധവിമാനങ്ങൾ സ്വന്തമായുള്ള മറ്റ് രാജ്യങ്ങളിലേക്കും, ഫ്രഞ്ച് റഫാൽ വിമാനങ്ങളുള്ള രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യാനുള്ള സാധ്യത തെളിഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയ്ക്ക് ലഭിച്ച അധിക ബോണസുകളാണ് ഇവയൊക്കെ. ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച ആയുധങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിൽ കൂടുതലായി ഉപയോഗിച്ചത്. യുദ്ധസാഹചര്യങ്ങളിൽ ഇവ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വിലയേറിയ ആയുധങ്ങൾക്ക് നിലവാരമുള്ളതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായ ബദലുകൾ തിരഞ്ഞിരുന്ന രാജ്യങ്ങൾക്ക് ഇന്ത്യ മികച്ചൊരു ഓപ്ഷനായി മാറി. അവസരങ്ങളെ ഇന്ത്യ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട് എന്ന് സാരം.
Content Highlights: Transformation from world's largest importer to a strategic defense exporter., Policy milestones including DPP 2002, DAP 2020, and the upcoming DAP 2026., Record defense production of 1.78 lakh crore in FY 2025-26., Strategic exports including BrahMos, Akash missiles, and Pinaka systems to 80+ countries., Increased private sector participation and FDI reforms up to 100%.
Published: 09 Jul 2026, 01:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented