കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടർന്ന്. ബിനാലെയുടെ നിലവിലെ ചെയർമാൻ വി. വേണു ബോസ് കൃഷ്ണമാചാരിക്കെതിരെ പരാതി ലഭിച്ചിരുന്നുവെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് സ്ഥിരീകരിച്ചു.

To advertise here,

കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്ന ബോസ് കൃഷ്ണമാചാരി 2026 ജനുവരി 14ന് ആണ് രാജിവെച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നൽകിയിരുന്ന വിശദീകരണം. എന്നാൽ ബിനാലെയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന യുവതി നൽകിയ ലൈംഗിക പീഡന ആരോപണത്തെ തുടർന്നാണ് അദ്ദേഹം രാജിവെച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ബോസ് കൃഷ്ണമാചാരിക്കെതിരേ ജനുവരിയിൽ പരാതി ലഭിച്ചിരുന്നെന്നും ഇന്റേണൽ കമ്മിറ്റിയിൽ ചർച്ചചെയ്ത് നടപടി എടുത്തിരുന്നെന്നും ബിനാലെ ട്രസ്റ്റിന്റെ ചെയർമാൻ വി. വേണു സ്ഥിരീകരിച്ചിട്ടുണ്ട്. ബോസ് കൃഷ്ണമാചാരിയുടെ രാജിക്കു പിന്നിൽ ഈ സംഭവവും ഒരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബോസ് കൃഷ്ണമാചാരിയുടെ കീഴിൽ ജോലിചെയ്യുന്ന യുവതിയാണ് പരാതിക്കാരി. 2025 ഡിസംബർ 28-ന് ആണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്ന് പരാതിക്കാരി നൽകിയ പരാതിയിൽ പറയുന്നു. ജോലിയുടെ ഭാഗമെന്ന് പറഞ്ഞ് ഫോർട്ട് കൊച്ചിയിലെ അപ്പാർട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയെന്നും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗികോദ്യോശ്യത്തോടെ സ്പർശിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി 2012 ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. മറ്റൊരു കലാകാരനായ റിയാസ് കോമുവുമായി ചേർന്നാണ് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ബോസ് കൃഷ്ണമാചാരി തുടക്കമിടുന്നത്. ലൈംഗികാരോപണങ്ങൾ നേരിട്ടതിനേത്തുടർന്ന് 2018-ൽ റിയാസ് കോമുവിന് കൊച്ചി ബിനാലേയിൽനിന്ന് രാജിവെക്കേണ്ടിവന്നിരുന്നു.