കോഴിക്കോട്: നടക്കാവ്‌ സി.ഐ. ജിജീഷിനെതിരെ വധഭീഷണിയുമായി യുവമോർച്ച - ബി.ജെ.പി. നേതാക്കൾ. കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകനെ മർദിച്ച സി.ഐയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നടത്തിയ ബി.ജെ.പിയുടെ കോഴിക്കോട്‌ കമ്മീഷണർ ഓഫീസ് മാർച്ചിലാണ് കൊലവിളി പ്രസംഗം. ഞായറാഴ്ച ഗസ്റ്റ് ഹൗസിന് സമീപം കരുതൽ തടങ്കലിൽ എടുക്കുമ്പോൾ യുവമോർച്ച പ്രവർത്തകനെ മർദിച്ചെന്നാണ് പരാതി.

To advertise here,

അതേ സമയം, പോലീസിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി. നേതാക്കൾക്കെതിരെ കേസെടുത്തു.  റിനീഷ് എം., മോഹനൻ എന്നിവർക്ക് എതിരെയാണ് കസബ പൊലീസ് കേസെടുത്തത്. വധഭീഷണിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

നടക്കാവ് സി.ഐ. യൂണിഫോമിൽ അല്ലായിരുന്നുവെങ്കിൽ ശവം ഒഴുകി നടന്നേനെ എന്ന് കൗൺസിലർ റിനീഷ് ഭീഷണിപ്പെടുത്തി. വെട്ടിയാൽ മുറിയുന്ന ശരീരം തന്നെയാണ് സി.ഐ. ജിജീഷിന്റേതെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി മോഹനനും പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ്‌ കൊലവിളി നടത്തിയത്‌. വിചാരിച്ചാൽ കൈപ്പത്തി വെട്ടിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും കണക്ക് എടുത്തു വെച്ചിട്ടുണ്ട്. എല്ലാ സമയത്തും കാക്കി ധരിച്ചല്ലല്ലോ പുറത്തിറങ്ങുന്നത്. ഇനിയും നേർക്കു നേർക്ക് കാണേണ്ടവരാണെന്ന ഓര്‍മ്മ വേണമെന്നും പറഞ്ഞു.