തിരുവനന്തപുരം: ബസിൽനിന്ന് റോഡിലിറങ്ങിയ ഗോവിന്ദ് അന്തംവിട്ടുപോയി. റോഡിന് ഒത്തനടുവിൽ ബാരിക്കേഡ്. ഈ ബാരിക്കേഡ് മറികടന്നുവേണം വീട്ടിലേക്കു പോകാൻ. ബിജെപിയുടെ ക്ലിഫ്ഹൗസ് മാർച്ചായതിനാൽ റോഡിൽ പോലീസ് ബാരിക്കേഡ് വെച്ചിരുന്നു. ദേവസ്വം ബോർഡ് ജങ്ഷനു സമീപമുള്ള വീട്ടിലെത്തണമെങ്കിൽ ഗോവിന്ദിന് ബാരിക്കേഡ് മറികടന്നേ പറ്റൂ.

To advertise here,

ആശങ്കയോടെ ബാരിക്കേഡിനു സമീപത്തേക്കു നടന്ന ഗോവിന്ദ് പോലീസുകാരോടു വീട്ടിൽ പോകണമെന്ന കാര്യം പറഞ്ഞു. എന്നാൽ, സമരംതീരാതെ പോലീസിന് ബാരിക്കേഡ് മാറ്റാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ ഗതികെട്ട് ഗോവിന്ദ് പോലീസുകാരോട് പറഞ്ഞു. ‘എനിക്ക് ചോറു വേണം, അല്ലെങ്കിൽ അപ്പുറത്താക്കി താ...’

പോലീസുകാർ ആശ്വാസവാക്കുകൾ പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, വിശന്നുതളർന്ന സങ്കടത്തിലായിരുന്നു ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഗോവിന്ദ്. കുറേനേരം ബാരിക്കേഡിനടുത്തുതന്നെ നിന്ന ഗോവിന്ദ് പിന്നീട് തണലത്തേക്കു മാറിനിന്നു. ഒടുവിൽ സമരം കഴിഞ്ഞപ്പോൾ പോലീസ് ബാരിക്കേഡ് മാറ്റി കുട്ടിയെ കടത്തിവിട്ടു.

ബുധനാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ ഗോവിന്ദിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ചൂടുകാരണം കുട്ടി തന്റെ കുപ്പിയിലെ വെള്ളം മുഖത്തേക്ക് ഒഴിക്കുന്നതുമൊക്കെ പിന്നീട് മാധ്യമങ്ങളിൽ വൈറലായി. രാവിലെ 10-ന് ആരംഭിക്കുമെന്നു പറഞ്ഞ ബിജെപി മാർച്ച് ഉച്ചയ്ക്ക് 12 കഴിഞ്ഞാണ് തുടങ്ങിയത്.

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ ക്ലിഫ്ഹൗസ് മാർച്ചിനെ തടയാനാണ് പോലീസ് ബാരിക്കേഡ് വെച്ചത്. സമരത്തെത്തുടർന്ന് മണിക്കൂറുകളോളം സ്ഥലത്തെ ഗതാഗതം മുടങ്ങിയിരുന്നു.