കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ വേദിയിലിരുത്തി കോൺഗ്രസ് പുനഃസംഘടനയിൽ ലത്തീൻ കത്തോലിക്ക സമുദായത്തിന് അർഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെന്ന അതൃപ്തിയറിയിച്ച് കണ്ണൂർ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല. കണ്ണൂർ രൂപതാ കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

To advertise here,

നിലവിലെ സാഹചര്യത്തിൽ പ്രത്യേകിച്ച് സാമുദായികപരിഗണനയ്ക്ക് രാഷ്ട്രീയരംഗത്താണെങ്കിലും അധികാരരംഗത്താണെങ്കിലും ഇതുപോലുള്ള സമുദായങ്ങളെ കൂടുതൽ പരിഗണിക്കണം. കോൺഗ്രസിന്റെ പുതിയ സംസ്ഥാനസമിതി രൂപവത്കരിച്ചപ്പോൾ മൂന്ന് അംഗങ്ങളാണുള്ളത്. പക്ഷേ കണ്ണൂർ ഭാഗത്തുള്ള ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന കാര്യം സ്നേഹത്തോടെയും ആദരവോടെയും സംസ്ഥാന പ്രസിഡന്റിനോട് പറയുകയാണെന്ന് വേദിയിലിരിക്കുന്ന സണ്ണി ജോസഫിനെ നോക്കി പറഞ്ഞു. പിന്നീട് സംസാരിച്ച സണ്ണി ജോസഫ് ഇതുസംബന്ധിച്ച പരാമർശമൊന്നും പ്രസംഗത്തിൽ നടത്തിയില്ല.

പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ചടങ്ങ് കഴിഞ്ഞിറങ്ങിയശേഷം സണ്ണി ജോസഫ് പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും കഴിയുന്നത്ര സമന്വയിപ്പിക്കാൻ ശ്രമിക്കും. നേതാക്കളുൾപ്പെടെ ആരും നൂറുശതമാനം തൃപ്തരല്ല. കഴിയുന്നത്ര എല്ലാവരോടും നീതിപുലർത്താൻ ശ്രമിച്ചിട്ടുണ്ട്- സണ്ണി ജോസഫ് പറഞ്ഞു.