കൊല്ലം: സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം താറുമാറായി. മൂന്നുമാസമായി ഓഫീസുകളിലൊന്നും പഞ്ചിങ് കാര്യക്ഷമമല്ല. വിരലടയാളം പതിക്കുന്ന ബയോമെട്രിക് പഞ്ചിങ് യന്ത്രം മിക്ക ഓഫീസുകളിലും പ്രവര്‍ത്തനരഹിതമായി.
ഒക്ടോബര്‍ ഒന്നുമുതലാണ് ഇവ പ്രവര്‍ത്തിക്കാതെയായത്. ബയോമെട്രിക് പഞ്ചിങ് സംവിധാനമുള്ളതും സ്പാര്‍ക്ക് മുഖേന ശമ്പളം ലഭിക്കുന്നതുമായ എല്ലാ ഓഫീസുകളിലും അടിയന്തരമായി പഞ്ചിങ് വിവരങ്ങള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണമെന്നു കാട്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവും വെറുതെയായി.
ആദ്യം സ്ഥാപിച്ച പഞ്ചിങ് യന്ത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനായി അപ്‌ഗ്രേഡ് ചെയ്യുകയാണെന്നും അതുവരെ, ഫെയ്‌സ് റെക്കഗ്‌നിഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പഞ്ചിങ് രേഖപ്പെടുത്തണമെന്നും ഉത്തരവിട്ടെങ്കിലും എല്ലായിടത്തും നടപ്പായില്ല.
അവരവരുടെ സ്മാര്‍ട്ട് ഫോണില്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, സ്വയം ഹാജര്‍ രേഖപ്പെടുത്താനായിരുന്നു നിര്‍ദേശം. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത ജീവനക്കാര്‍, മറ്റുള്ളവരുടെ ഫോണുകളില്‍നിന്ന് പഞ്ചിങ് രേഖപ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. സാങ്കേതികപ്രശ്‌നങ്ങള്‍ വന്നതോടെ ഒട്ടേറെ ജീവനക്കാര്‍ക്ക് ഇത് ചെയ്യാനാകുന്നില്ല.
ഓഫീസിലെത്തിയിട്ടും മൊബൈല്‍ ആപ്പ് വഴി പഞ്ചിങ് രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ ഹാജര്‍ നഷ്ടപ്പെടാതിരിക്കാന്‍ കത്തുകളുമായി നെട്ടോട്ടത്തിലാണ്. രണ്ടാംഘട്ടമെന്നനിലയില്‍ വിരലടയാളത്തിനു പകരം മുഖം തിരിച്ചറിയുന്ന പഞ്ചിങ് യന്ത്രം കൊണ്ടുവരുമെന്ന അറിയിപ്പുവന്നത് സെപ്റ്റംബര്‍ 29-നാണ്. പുതിയ പഞ്ചിങ് യന്ത്രം ഒരുമാസത്തിനുള്ളില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്. മാസം മൂന്നായിട്ടും ഇവ സ്ഥാപിക്കാനായിട്ടില്ല.
ആദ്യഘട്ടത്തില്‍ വിരലടയാളം പതിക്കുന്ന പഞ്ചിങ് യന്ത്രങ്ങള്‍ സ്ഥാപിച്ചത് കെല്‍ട്രോണ്‍ ആയിരുന്നു. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ കെല്‍ട്രോണുമായി വാര്‍ഷിക അറ്റകുറ്റപ്പണി കരാറിന് ധാരണാപത്രം ഒപ്പിടാന്‍ ജില്ലാ ഭരണകൂടങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതിനുള്ള ഫണ്ട് അനുവദിച്ചില്ല. അതുകൊണ്ടുതന്നെ കെല്‍ട്രോണുമായി ധാരണാപത്രം ഒപ്പിട്ടില്ല. ഇതോടെ തകരാറുകള്‍ പരിഹരിക്കാന്‍, കളക്ടറേറ്റുകളിലേക്കോ താലൂക്ക് ഓഫീസുകളിലേക്കോ കെല്‍ട്രോണ്‍ അധികൃതര്‍ എത്താതെയായി. വന്‍തുക മുടക്കി സ്ഥാപിച്ച പഞ്ചിങ് യന്ത്രങ്ങള്‍ ഓഫീസുകളില്‍ കാഴ്ചവസ്തുവാണിപ്പോള്‍.
Content Highlights: biometric attendance system fails in kerala goverment offices
Published: 23 Dec 2024, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented