ന്യൂഡൽഹി: കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബി.ജെ.പി. നേതാവുമായ കെ.കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയതിനെതിരെ കേരളം സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.

To advertise here,

2020 ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവിൽ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 10 വയസ്സും ആറുമാസവും മാത്രം പ്രായമുള്ള പെൺകുട്ടിയെ വിദ്യാലയത്തിലെ ശുചിമുറിയിൽവെച്ച് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പദ്മരാജന് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

എന്നാൽ പെൺകുട്ടിയുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.

ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിൽ ഒരു വർഷവും 11 ദിവസവും മാത്രമാണ് പദ്മരാജൻ ജയിലിൽ കഴിഞ്ഞത് എന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണക്കോടതി വിധിയിൽ തെറ്റുകളോ അപാകതകളോ ചൂണ്ടിക്കാണിക്കാതെ ഹൈക്കോടതി ശിക്ഷാവിധി സസ്‌പെൻഡ് ചെയ്തത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്റ്റാൻഡിങ് കോൺസൽ സയ്യദ് മർസൂഖ് ബാഫഖി ആണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. വിചാരണക്കോടതിയുടെ വിധിയിൽ നിയമപരമായ തെറ്റോ നിലനിൽക്കാനാവാത്ത വീഴ്ചയോ ഉണ്ടെങ്കിൽ മാത്രമേ അപൂർവ സാഹചര്യങ്ങളിൽ ശിക്ഷ സസ്‌പെൻഡ് ചെയ്യാവൂ എന്ന് സുപ്രീംകോടതി തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട് എന്നാണ് അപ്പീലിൽ കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ക്രിമിനൽ അപ്പീൽ തീർപ്പാക്കുന്നതിന് മുമ്പുള്ള ഇടക്കാല ഘട്ടത്തിൽ വിചാരണക്കോടതി സ്വീകരിച്ച തെളിവുകൾ ഹൈക്കോടതി വിശദമായി പുനഃപരിശോധിച്ചത് അനാവശ്യവും നിയമവിരുദ്ധവുമാണ്. ഇരയായ കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളും വൈദ്യപരിശോധനാ റിപ്പോർട്ടും വിവിധ അന്വേഷണ ഏജൻസികളുടെ പങ്കും ഈ ഘട്ടത്തിൽ വിലയിരുത്തിയത് സുപ്രീംകോടതിയുടെ മുൻവിധികൾക്ക് എതിരാണ് എന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്

വിദ്യാർഥിനിക്ക് സംരക്ഷണവും തണലും നൽകേണ്ട അധ്യാപകൻ തന്നെ വിദ്യാലയത്തിലെ ശുചിമുറിയിൽവെച്ച് കൈകൾ കൂട്ടിക്കെട്ടിയും വായ മൂടിക്കെട്ടിയും പീഡനം നടത്തിയത് സമൂഹത്തിന്റെ മനസക്ഷിയേയും കുട്ടികളുടെ സുരക്ഷയേയും സാരമായി ബാധിക്കുന്ന കുറ്റകൃത്യമാണ്.

വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷ സസ്‌പെൻഡ് ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന മുൻവിധികളും ഹൈക്കോടതി ഉത്തരവിലൂടെ ലംഘിക്കപ്പെട്ടുവെന്നും സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.