കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലൂടെ യുവാവ് ബൈക്ക് പായിച്ച സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളും ബൈക്ക് വാടകയ്ക്കെടുത്ത ഓഫീസിൽ നൽകിയ തിരിച്ചറിയൽ രേഖകളും പരിശോധിച്ചതിൽനിന്ന് പെരുമ്പാവൂർ മുടിക്കൽ സ്വദേശി അജ്മലാണ് ആഡംബര ബൈക്ക് ഓടിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫുമാണ്.

To advertise here,

പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ചത് ഗൗരവമായാണ് റെയിൽവേ കണ്ടിരിക്കുന്നത്. സുരക്ഷാ വീഴ്ചയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേസ് റെയിൽവേ പോലീസിലെ പ്രത്യേക സംഘം അന്വേഷിക്കും.

ചൊവ്വാഴ്ച പുലർച്ചെ 4.40-ന് പുണെ-കന്യാകുമാരി എക്സ്പ്രസ് കടന്നുപോയതിന് തൊട്ടു പിന്നാലെയായിരുന്നു യുവാവ് ബൈക്കുമായി പ്ലാറ്റ്ഫോമിൽ എത്തിയത്. ഈ സമയം മറ്റൊരു ട്രെയിൻ സ്റ്റേഷനിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു. ഒട്ടേറെ യാത്രക്കാരും പ്ലാറ്റ്ഫോമിലുണ്ടായിരുന്നു. സ്റ്റേഷന്റെ കിഴക്കുഭാഗത്ത് യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള ചെറിയ ഭാഗത്തുകൂടിയാണ് ബൈക്കുമായി പ്ലാറ്റ്ഫോമിലെത്തിയത്. 

സുരക്ഷാ ജീവനക്കാർ ഇയാളെ തടഞ്ഞെങ്കിലും നിർത്തിയില്ല. റെയിൽവേ പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും പിന്തുടർന്നതോടെ വാടകയ്ക്കെടുത്ത ആഡംബര ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്ത് വെച്ചാണ് താക്കോൽ ഊരിയെടുത്ത ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.

സംഭവത്തിൽ ഏതെങ്കിലും തരത്തിൽ അട്ടിമറി സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പടമുകളിലെ സ്ഥാപനത്തിൽനിന്നാണ് ഇയാൾ ബൈക്ക് വാടകയ്ക്ക് എടുത്തത്. യുവാവിന്റെ ചിത്രമടക്കമുള്ള വിവരങ്ങളെല്ലാം റെയിൽവേ പോലീസ് ശേഖരിച്ചിട്ടുണ്ട്.

സംശയിക്കപ്പെടുന്ന യുവാവ് എംഡിഎംഎ കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയാണെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അജ്‌മലാണോ മറ്റാരെങ്കിലുമാണോ ബൈക്ക്‌ ഓടിച്ചതെന്ന്‌ സ്ഥിരീകരിക്കാനായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. 

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്‌. ഇയാളുടെ ഫോൺകോൾ വിശദാംശങ്ങളും ശേഖരിക്കുന്നു. ബൈക്ക്‌ യാത്രക്കാരെ തട്ടിയിരുന്നെങ്കിലോ ട്രാക്കിലേക്ക്‌ വീണെങ്കിലോ അത്യാഹിതത്തിനിടയാക്കുമായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ എസ്ഐക്കാണ് അന്വേഷണച്ചുമതല.