
കോഴിക്കോട്: വിജയം പോലെ വിജയിക്കുന്ന മറ്റൊന്നുമില്ല. നൂറ്റാണ്ടിലേറെ നീണ്ട മലങ്കര സഭാ കേസില്‍ വിജയം കണ്ടാണ് ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവ നിത്യതയിലേക്ക് യാത്രയാവുന്നത്.
2017 ജൂലായ് മൂന്നിനായിരുന്നു കേസിലെ സുപ്രീംകോടതി വിധി. തര്‍ക്കത്തിലുള്ള പള്ളികളും അവയുടെ ഭാരിച്ച സ്വത്തുക്കളും ഓര്‍ത്തഡാക്സ് സഭയ്ക്ക് കിട്ടി. യാക്കോബായ സുറിയാനി സഭയ്ക്ക് പുരാതന പള്ളികളും അവരുടെ പൂര്‍വ്വപിതാക്കന്മാരുടെ കബറിടവുമൊക്കെ നഷ്ടപ്പെട്ടു. പിടിച്ചെടുക്കപ്പെട്ട പള്ളികളില്‍ നിന്ന അവര്‍ പടിയിറങ്ങി. ഈ സാഹചര്യത്തില്‍ സമാനമായ ആചാരാനുഷ്ഠാനങ്ങളുള്ള സഹോദരസഭകള്‍ വിട്ടുവീഴ്ചകളോടെ മുന്നോട്ട് പോകണമെന്ന് ഇതര സഭാധ്യക്ഷന്‍മാരും ഭരണാധികാരികളുമൊക്കെ ആവശ്യപ്പെട്ടെങ്കിലും ഓര്‍ത്തഡോക്സ് സഭയുടെ പഴയ നിലപാടില്‍ നിന്ന് അണുവിട വ്യതിചലിച്ചില്ലെന്നതാണ് കാലം ചെയ്ത കാതോലിക്കാ ബാവയുടെ പ്രത്യേകത. ആഗോള സുറിയാനി സഭകളുടെ പരമാധ്യക്ഷനായ അന്ത്യോഖ്യാപാത്രിയര്‍ക്കീസ് ബാവ ആവശ്യപ്പെട്ടിട്ടുപോലും അദ്ദേഹം ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്കു പോലും തുനിഞ്ഞില്ല.
1995 ജൂണ്‍ 20-നും സഭാകേസില്‍ ഇതുപോലൊരു സുപ്രീംകോടതി വിധിയുണ്ടായിരുന്നു. അന്ന് കാതോലിക്ക ബാവയായിരുന്ന ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ വ്യത്യസ്തമായ സമീപനമാണ സ്വീകരിച്ചത്. സമാധാനത്തിന്റെ പാതയിലൂടെയല്ലാതെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന അദ്ദേഹം വിശ്വസിച്ചു. നാലു മെത്രാപ്പോലീത്തമാര്‍ ഓര്‍ത്തഡോക്സ് പക്ഷത്തേക്ക് ഒരു കൂട്ടം വിശ്വാസികളോടൊപ്പം കൂറുമാറിയെത്തുന്നതിലേക്കു വരെ ആ സമീപനം വളര്‍ന്നു.
2017-ലെ വിധിയിലാവട്ടെ യാക്കോബായ പക്ഷത്തു നിന്ന് വിശ്വാസികളെയോ പുരോഹിതരെയോ ആകര്‍ഷിക്കാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കഴിഞ്ഞില്ല. പള്ളികള്‍ നഷ്ടപ്പെട്ടിടത്ത് പുതിയ ചാപ്പലുകളും പള്ളികളും നിര്‍മ്മിക്കുകയാണ് യാക്കോബായക്കാര്‍ ചെയ്തത്.
ഇന്ത്യയിലെ സഭ,സ്വതന്ത്ര സഭയാണെന്നും അതിന് സ്വയം ശീര്‍ഷകത്വമുണ്ടെന്നും ബാവ വിശ്വസിച്ചു. ഏത് സാഹചര്യത്തിലും സഭ തനിമ നിലനിര്‍ത്തണമെന്നും പൂര്‍വ്വിക രീതിയില്‍ത്തന്നെ ലോകാവസാനത്തോളം തുടരണമെന്നും അദ്ദേഹം ശഠിച്ചു. ഓര്‍ത്തഡോക്സ് സഭയിലെ തന്നെ പല പ്രമുഖവ്യക്തികളും ഈ നിലപാട് ശരിയല്ലെന്ന വാദവുമായി രംഗത്ത് വന്നെങ്കിലും ബാവ വഴങ്ങിയില്ല. അര്‍ബുദബാധിതനായി രോഗശയ്യയിലായപ്പോള്‍പ്പോലും അദ്ദേഹം ഇത്തരം നിലപാടുകളില്‍ ഉറച്ചു നിന്ന് സഭാഭരണം നിര്‍വ്വഹിച്ചു.
അതിനര്‍ത്ഥം അദ്ദേഹം സമാധാനത്തോട എന്നും മുഖം തിരിച്ചുനിന്നയാളാണ് എന്നല്ല. നിയുക്ത കാതോലിക്കയായിരിക്കെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയും മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌ക്കോപ്പയും ഫാ. സി.സി. ചെറിയാനും മറ്റും മുന്നോട്ടുവച്ച സമാധാന നിര്‍ദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചിരുന്നു. രണ്ട് സഭകളായി നിന്ന് സമാധാനപൂര്‍വ്വം സഹവര്‍ത്തിത്വത്തോടെ മുന്നോട്ടുപോവുകയെന്ന നിര്‍ദ്ദേശം അന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ചര്‍ച്ചകള്‍ പോലുമുണ്ടാവാതെ ആ സമാധാനശ്രമവും കൂമ്പടഞ്ഞു.
കുന്നംകുളം മങ്ങാട് സ്വദേശിയായ പാവൂട്ടി എന്ന ബാലന്‍ 12-ാം വയസ്സില്‍ പള്ളിശുശ്രൂഷക്കാരനായതാണ്. പിന്നീട് കെ.എ.പോള്‍. എന്ന വിദ്യാര്‍ത്ഥിയായിരിക്കെ തൃശ്ശൂരില്‍ പള്ളി വികാരിയായിരുന്ന ഫാ. സി.എം.തോമസും ( ഇപ്പോഴത്തെ യാക്കോബായ ശ്രേഷ്ഠകാതോലിക്ക ബാവ ) ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. അന്ന് സി.സി. ചെറിയാനും ഇവരോടൊപ്പമുണ്ടായിരുന്നു. ഇദ്ദേഹവും പിന്നീട് വൈദികനായി.
ഓര്‍ത്തഡോക്സ് സഭയുടെ 91-ാം കാതോലിക്കയും 21-ാം മലങ്കര മെത്രാപ്പോലീത്തയുമായ ബാവ പച്ചയായ മേച്ചില്‍പുറങ്ങളിലേക്ക് സഭയെ നയിച്ചു. മാര്‍പാപ്പയുമായ കൂടിക്കാഴ്ചയിലൂടെ കത്തോലിക്ക സഭയുമായി എക്യുമെനിക്കല്‍ ബന്ധം സ്ഥാപിച്ചു. 'യു-ടേണ്‍' എന്ന പേരില്‍ ലഹരിമുക്തി ചികിത്സയ്ക്കും ' കതിരാവരുത് ഈ പതിരുകള്‍' എന്ന പേരില്‍ നല്ല പേരന്റിംഗിനും നടത്തിയ ശ്രമങ്ങള്‍ പൊതു സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മതങ്ങളും രാഷ്ട്രീടീയവുമായി കൂട്ടുകെട്ടുണ്ടാക്കിയാല്‍ നഷ്ടം മതങ്ങള്‍ക്കായിരിക്കുമെന്ന് കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തി.
കോവിഡ് കാലത്ത് ദേവാലയങ്ങള്‍ അടയുകയും ആളനക്കമില്ലാതാവുകയും ചെയ്തപ്പോള്‍ ബാവ അതീവഖിന്നനായി. കൂടുതല്‍ സമയവും ഏകാകിയായി പ്രാര്‍ത്ഥനയില്‍ മുഴുകി. നിത്യജീവനും ആത്മരക്ഷയ്ക്കും വേണ്ടി ഉദ്ബോധിപ്പിക്കുകമാത്രം ചെയ്യാതെ ജീവന്‍ രക്ഷിക്കാനും സഭ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശിച്ചു. ഭൗമികവും നശ്വരവുമായ മണ്‍കൂടാരം വിട്ട് സ്വര്‍ഗ്ഗീയ ഭവനങ്ങളിലേക്ക് ബാവാ കടന്നുപോവുമ്പോള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക ആ വിയോഗം വലിയ നഷ്ടമാണ്.
Content Highlight: Baselios Marthoma Paulose II
Published: 12 Jul 2021, 07:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented