ചെറുകുന്ന്: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ കണ്ണപുരം പാലം റോഡ് വീണ്ടും അപകടാവസ്ഥയിൽ. പാലത്തിലെ കുഴികൾ ഒരുമാസം മുമ്പാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മെറ്റലിട്ട് അടച്ചത്. രണ്ടുപ്രാവശ്യമായി അടച്ച കുഴികളുള്ള ഭാഗം ഇപ്പോൾ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്. പാലത്തിന്റെ അനുബന്ധറോഡിന്റെ അടിഭാഗത്തായി വീണ്ടും ഗർത്തം രൂപപ്പെട്ടുവരുന്നുണ്ട്. ഇത് വാഹനയാത്രയ്ക്ക് ഭീഷണിയാണ്. ഗർത്തത്തിന്റെ ആഴം ഓരോ ദിവസവും കൂടിവരികയാണ്. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ദീർഘദൂര ചരക്കുവാഹനങ്ങളും മറ്റ് വലിയ വാഹനങ്ങളും കെ.എസ്.ടി.പി. റോഡിലൂടെയാണ് കൂടുതലായും കടന്നുപോകുന്നത്. പല ഡ്രൈവർമാർക്കും ഈ റോഡിന്റെ ദുരവസ്ഥയെ കുറിച്ച് അറിയില്ല. ഇവിടെ ഏത് നിമിഷവും അപകടസാധ്യത നിലനിൽക്കുന്ന പ്രദേശമാണ്. റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച്

To advertise here,

‘മാതൃഭൂമി’ പലപ്പോഴായി വാർത്ത പ്രസിദ്ധീകരിക്കുകയും അടുത്തദിവസംതന്നെ അധികൃതർ മെറ്റലും ടാറും ഉപയോഗിച്ച് കുഴിയടച്ച് വാഹനയാത്ര സുഗമമാക്കുകയും ചെയ്തിരുന്നതാണ്. ഒരുമാസത്തിന് ശേഷമാണ് ഈ സ്ഥലത്ത് വീണ്ടും കുഴി രൂപപ്പെടുന്നത്.

   താത്കാലിക അറ്റകുറ്റപ്പണികൾ മാത്രം നടത്തി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. താത്കാലിക കുഴിയടക്കൽ  അവസാനിപ്പിച്ച് ശാശ്വതപരിഹാരം കാണണമെന്നാണ് വാഹനയാത്രക്കാർ ആവശ്യപ്പെടുന്നത്. പ്രദേശത്ത് തെരുവുവിളക്കുകൾ ഇല്ലാത്തത് അപകടസാധ്യതയുണ്ടാക്കുന്നു. മാത്രമല്ല, റോഡിനിരുവശവും കാടുവളർന്നുകിടക്കുന്നതിനാൽ യാത്ര ദുഷ്കരമാണ്. ദുരന്തം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിന് പകരം അത് ഒഴിവാക്കാൻ അടിയന്തരപരിഹാരം കാണണമെന്ന് കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ.വി. സിദ്ധിഖും ഡി.സി.സി. സെക്രട്ടറി കാപ്പാടൻ ശശിധരനും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മഹാത്മാ സേവാഗ്രാം അധികൃതർക്ക് നിവേദനവും നൽകി.