തിരുവനന്തപുരം: ’പതിവില്ലാത്ത വഴിയും നേരംതെറ്റിയ യാത്രയും...’ ഒരു നിയോഗംപോലെ താൻ അവിടെ എത്തിയെന്നാണ് വിനോദ് വിശ്വസിക്കുന്നത്. ആക്കുളം കായലിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച 15 വയസ്സുകാരി പെൺകുട്ടിയെ രക്ഷിച്ച് മണിക്കൂറുകൾക്കു ശേഷവും ഞെട്ടലിൽനിന്നു മുക്തനാവാൻ വിനോദിനായിട്ടില്ല.

To advertise here,

സ്ഥിരമായി വീട്ടിലേക്കു പോകുന്ന വഴിയായിരുന്നില്ല ചൊവ്വാഴ്ച വിനോദ് ഓട്ടോയുമായി തിരിച്ചത്. സുഹൃത്തിനെ കണ്ടു മടങ്ങുമ്പോൾ പതിവിലും ഏറെ വൈകിയിരുന്നു. തന്റെ ഓട്ടോ പോകുംവരെ കൈവരിയിൽ പിടിച്ചുനിന്ന ആ കുട്ടി, കായലിലേക്കു ചാടാനുള്ള അവസരത്തിനായി കാത്തുനിൽക്കുകയാണെന്ന് ആദ്യ നോട്ടത്തിൽത്തന്നെ വിനോദ് ഊഹിച്ചു.

പെൺകുട്ടി നിന്നയിടം കഴിഞ്ഞു പോകുമ്പോഴും കണ്ണുകൾ സൈഡ് മിററിലൂടെ അവളിൽത്തന്നെയായിരുന്നു. ഊഹം തെറ്റിയില്ല, രണ്ടാൾ താഴ്ചയുള്ള കായലിലേക്ക് പെൺകുട്ടി ഒറ്റച്ചാട്ടം. പെട്ടെന്ന്‌ ഓട്ടോറിക്ഷ നിർത്തി ഓടിയിറങ്ങി. പിന്നാലെ വന്ന ബൈക്ക് യാത്രക്കാർ വിനോദിനൊപ്പം ഓടിക്കൂടിയെങ്കിലും ആരും രക്ഷിക്കാനായി കായലിലേക്കു ചാടുകയോ അധികൃതരെ വിവരമറിയിക്കുകയോ ചെയ്യാതെ നോക്കിനിൽക്കുക മാത്രമായിരുന്നു. ആക്കുളം പാലത്തിൽനിന്നു കായലിലേക്കു നോക്കുമ്പോൾ കുറ്റാക്കൂരിരുട്ടു മാത്രം. പിന്നൊന്നും ചിന്തിച്ചില്ല, കായലിലേക്കു ചാടി. കായിലിന്റെ ആഴമോ ചാടിയ ആളെയോ ഒന്നും കാണാനാകുമായിരുന്നില്ല.

28-കാരനായ വിനോദിന്റെ കാലുകൾ വെള്ളത്തിനടിയിലെ ചതുപ്പിലേക്കു പൂണ്ടുപോയിരുന്നു. കൈകളിട്ടടിച്ച് മുകളിലേക്കുയർന്ന് പെൺകുട്ടിയുടെ മുടിയിലും കൈകളിലും പിടിച്ചടുപ്പിച്ചു. രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ലെന്നുറപ്പായപ്പോൾ പാലത്തിന്റെ തൂണിനെ ലക്ഷ്യമാക്കി നീന്തി. അടുക്കുന്തോറും ഊഹിച്ചപോലെ രണ്ടാൾ താഴ്ച എന്നതു കുറഞ്ഞുവന്നു. എങ്കിലും അധികനേരം തൂണിൽ ചേർന്ന് വെള്ളത്തിൽ പൊന്തിക്കിടക്കുകയെന്നത് സാഹസികമായിരുന്നു. ബോധം വന്നപ്പോൾ പെൺകുട്ടി കുതറിമാറാൻ ശ്രമിച്ചു. തനിക്കു രക്ഷപ്പെടേണ്ടെന്നും മരിക്കണമെന്നുമായിരുന്നു അവളുടെ ആവശ്യം.

അരമണിക്കൂറിനു ശേഷമാണ് പോലീസും അഗ്നിരക്ഷാസേനയും എത്തിയത്. പാലത്തിൽനിന്നു കയറിട്ട് രക്ഷിക്കാനുള്ള ആദ്യ പ്രയത്നം പരാജയപ്പെട്ടപ്പോൾ ബോട്ടുമായി എത്തി. ബോട്ടിൽ രണ്ടുപേരെയും കയറ്റുമ്പോൾ, ബാല്യത്തിൽ സ്വന്തമായി പഠിച്ചെടുത്ത നീന്തലിന്‌ ഒരു ജീവനോളം വിലയുണ്ടെന്ന തോന്നലും ആത്മാഭിമാനവുമായിരുന്നു വിനോദിന്റെ മനസ്സു നിറയെ. മുഷിഞ്ഞ വസ്ത്രത്തോടെ വീട്ടിലെത്തി കുടുംബത്തെ വിവരങ്ങളറിയിച്ചപ്പോൾ അവർക്കു മാത്രമല്ല തനിക്കും ആ നിമിഷം വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ലെന്ന് വിനോദ് ചിരിച്ചുകൊണ്ടു പറഞ്ഞു.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ താത്‌കാലിക ജീവനക്കാരനാണ് പി.വിനോദ്. പാർട്ട് ടൈം തൊഴിലായാണ് ഓട്ടോ ഓടിക്കുന്നത്. തന്റെ വീരോചിതകഥ വിവരിക്കുമ്പോഴും കായലിൽ ചാടിയ പെൺകുട്ടി ആരെന്നോ ആ കുട്ടിയുടെ അവസ്ഥ ഇപ്പോഴെന്താണെന്നോ മണക്കാട് പുത്തൻകോട്ട സ്വദേശി വിനോദിന് അറിയില്ല.