തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കു നാടൊരുങ്ങി. പ്രാർഥനകളുമായി ഭക്തലക്ഷം ഞായറാഴ്ച ആറ്റുകാൽ ദേവിക്കു പൊങ്കാല അർപ്പിക്കും. ക്ഷേത്രവും നഗരത്തിലെ ചുറ്റുവട്ടവും പൊങ്കാലയുടെ വരവേൽപ്പിനു തയ്യാറെടുത്തു. വിവിധ സ്ഥലങ്ങളിൽനിന്നു ശനിയാഴ്ച പകലും വൈകീട്ടുമായി ജനക്കൂട്ടം തലസ്ഥാനത്തേക്ക് ഒഴുകി. എല്ലാ വഴികളും ആറ്റുകാലിലേക്കു എന്ന സ്ഥിതിയായിരുന്നു.

To advertise here,

ഞായറാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിത്തീരുന്നതോടെ 10.30-ന് പൊങ്കാലയ്ക്കു തുടക്കമാകും. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്കു കൈമാറും.

ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ച ശേഷം അതേ ദീപം സഹമേൽശാന്തിമാർക്കു കൈമാറും. തുടർന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാരയടുപ്പിലും തീ പകരും. ഇവിടെനിന്നു പകർന്നുകിട്ടുന്ന ദീപമാണ് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ ഭക്തർ ഒരുക്കുന്ന പൊങ്കാലയടുപ്പുകളെ ജ്വലിപ്പിക്കുന്നത്.

ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. നിവേദ്യത്തിനായി 250-ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ ക്ഷേത്രം ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്. രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്.

രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.

തിങ്കളാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. 

ഇന്ന് കുത്തിയോട്ടം

ഒൻപതാം ഉത്സവദിവസമായ ഞായറാഴ്ചയാണ് പൊങ്കാലയും കുത്തിയോട്ടവും പുറത്തെഴുന്നള്ളത്തും. രാവിലെ 10.30-നാണ് അടുപ്പ് വെട്ട്, ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദ്യം. രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിന് വ്രതം നോക്കുന്നത്.

ആറിനും 12-നുമിടയിൽ പ്രായമുള്ള ബാലന്മാരാണ് കുത്തിയോട്ടവ്രതമെടുക്കുന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽനിന്ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് സായുധ പോലീസിന്റെയും കുത്തിയോട്ട ബാലന്മാരുടെയും അകമ്പടിയോടെ ദേവി ആനപ്പുറത്ത് എഴുന്നള്ളും. രാത്രി 11-നാണ് പുറത്തെഴുന്നള്ളത്ത്. പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.

പത്താം ഉത്സവദിവസമായ തിങ്കളാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കിപ്പൂജയ്ക്കുശേഷം മടക്കിയെഴുന്നള്ളത്ത്. രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പ്. തുടർന്ന് ദീപാരാധന, പന്തീരടി പൂജ എന്നിവയുണ്ടാകും.

രാത്രി എട്ടിന് അത്താഴപൂജയ്ക്കുശേഷം 9.45-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 10.15-ന് നട അടയ്ക്കൽ. 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് നടതുറക്കുന്നത്.

സുരക്ഷയൊരുക്കാൻ 3500 പോലീസുകാർ

ആറ്റുകാൽ പൊങ്കാലയ്ക്ക്‌ സുരക്ഷയൊരുക്കാൻ ശക്തമായ സുരക്ഷാസംവിധാനങ്ങളുമായി പോലീസ്. സിറ്റി പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തിൽ നാല് എസ്.പി.മാരുടെ മേൽനോട്ടത്തിൽ 3500 പോലീസുകാരെ വിന്യസിക്കും. തിരക്കുള്ള സ്ഥലങ്ങളിൽ ഷാഡോ പോലീസിന്റെ സേവനമുണ്ടാകും. ക്ഷേത്രപരിസരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന കൺട്രോൾ റൂമും ഒരു വനിതാ കൺട്രോൾ റൂമും സജ്ജമാക്കി. സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും പോലീസ് ഹെൽപ്പ് ഡെസ്കും ഉണ്ടാകും. സ്ത്രീ സുരക്ഷയ്ക്കായി വനിതാ പോലീസിന്റെ സേവനം മഫ്തിയിലും ഉറപ്പാക്കി. ഞായറാഴ്ച ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ വിപുലമായ ക്രമീകരണം ഏർപ്പെടുത്തി. ആറ്റുകാലിൽ സുരക്ഷ ശക്തമാക്കാൻ നാല് സ്ഥലങ്ങളിൽ ഡ്രോൺ ക്യാമറ നിരീക്ഷണവും ഒരുക്കും. സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന 90 ക്യാമറകൾക്കു പുറമേ 90 ക്യാമറകൾകൂടി അധികം സജ്ജമാക്കി. ക്ഷേത്രപരിസരവും ക്ഷേത്രത്തിലേക്കുള്ള പ്രധാന വീഥികളും സി.സി.ടി.വി. ക്യാമറാ നിരീക്ഷണത്തിലാകും.