ആറ്റിങ്ങൽ: വിദ്യാർഥികളുടെ കൺസെഷൻ നിരക്കുവർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ജൂലായ് 22 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാർഥികളുടെ കുറഞ്ഞ യാത്രാനിരക്ക് ഒരുരൂപയിൽനിന്ന് അഞ്ചുരൂപയാക്കണമെന്നതാണ് പ്രധാന ആവശ്യം. എന്നാൽ ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ വിദ്യാർഥികളിൽനിന്നു സ്വകാര്യ ബസുകളിൽ ഇടാക്കുന്ന കുറഞ്ഞനിരക്ക് അഞ്ചുരൂപയാണ്. വർഷങ്ങളായി ഈ നിരക്കുനൽകിയാണ് വിദ്യാർഥികൾ യാത്രചെയ്യുന്നത്. ഇക്കാര്യം അറിഞ്ഞിട്ടും അറിയാത്ത മട്ടിലാണ് മോട്ടോർവാഹന വകുപ്പ്.
വിദ്യാർഥികളുടെ യാത്രാനിരക്കു സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് വ്യക്തമായ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിൽ മിനിമം ചാർജ് ഒരു രൂപയാണ്.
എന്നാൽ ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ഇത് അഞ്ചുരൂപയാണ്. അല്പം ദൂരക്കൂടുതലുണ്ടെങ്കിൽ പത്തുരൂപ നൽകണം. സമരം നടക്കുന്ന ദിവസങ്ങളിൽ ചില സ്കൂളുകൾ വൈകിയാകും വിടുക. അങ്ങനെയുള്ള ദിവസങ്ങളിൽ യൂണിഫോമും തിരിച്ചറിയൽരേഖയും ഉണ്ടായാലും പത്തുരൂപ നൽകണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.
2024 ഡിസംബറിൽ വിദ്യാർഥികളിൽനിന്ന് അമിതകൂലി ഈടാക്കുന്നതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് മോട്ടോർവാഹന വകുപ്പധികൃതർ പരിശോധനകൾ തുടങ്ങി. ഇതിൽ പ്രതിഷേധിച്ച് ചില സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളിൽനിന്നു പണം വാങ്ങാതെ സൗജന്യയാത്രയെന്ന പേരിൽ കുട്ടികളെ പൊതുസമൂഹത്തിനു മുന്നിൽ അവഹേളിച്ചു. അതിലും യാതൊരു നടപടിയുമുണ്ടായില്ല. കുട്ടികൾക്ക് രാവിലെ ഏഴുമണിമുതൽ ട്യൂഷൻ ക്ലാസുകളുണ്ടാകും.
ഇവിടേക്കു പോകാനായി ആറുമണിമുതലുള്ള സർവീസുകളെ കുട്ടികൾ ആശ്രയിക്കുന്നുണ്ട്. പല ബസുകളിലും ഈ സമയത്ത് കൺസെഷൻ നിരക്ക് നൽകില്ല. ഏഴുമണിമുതലേ കൺസെഷൻ നിരക്ക് അനുവദിക്കൂ എന്നാണ് നിലപാട്. അതിനാൽ പത്തുരൂപ നൽകിയാണ് കുട്ടികളുടെ യാത്ര. ഈ പ്രശ്നത്തിനും പരിഹാരമില്ല.
സർക്കാർ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ നിരക്കായ ഒരു രൂപ നൽകിയാൽ വിദ്യാർഥികളെ ബസിനുള്ളിൽ അപമാനിക്കുന്നതു ജീവനക്കാരുടെ പതിവാണ്. കുട്ടികൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക, ചുമലിൽ ബാഗ് തൂക്കുന്നതിനെ ആക്ഷേപിക്കുക ഇങ്ങനെ പലവിധത്തിലുള്ള പ്രശ്നങ്ങളാണ് സ്വകാര്യ ബസ് ജീവനക്കാരിൽനിന്നു വിദ്യാർഥികൾ നേരിടുന്നത്.
കൺസെഷൻ നിഷേധിക്കുന്നതായി നിരവധി പരാതികൾ ഈ വർഷവും ആറ്റിങ്ങൽ ആർടി ഓഫീസിൽ ലഭിച്ചതായാണ് സൂചന. പരിശോധനകളും നടപടികളുമുണ്ടാകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും സ്കൂൾ തുറന്ന് ഒരുമാസം പിന്നിടുമ്പോഴും ഇടപെടൽ ഉണ്ടായിട്ടില്ല.
Content Highlights: Private bus owners in Attingal, Kerala, have announced an indefinite strike
Published: 28 Jun 2025, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented