കാക്കനാട്: കൊച്ചി നഗരത്തിലൂടെ ബസോടിക്കുന്ന ഡ്രൈവർമാരിലും കണ്ടക്ടർമാരിലും പകുതിയിലേറെപ്പേർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) ഇല്ല. ബസ് ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്.

To advertise here,

ബസുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, സ്പീഡ് ഗവർണർ എന്നിവയ്‌ക്കൊപ്പം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കാനുള്ള നടപടികൾക്കിടെയാണ് ഈ കണ്ടെത്തൽ. പി.സി.സി. ഇല്ലാത്ത ജീവനക്കാരുമായി സർവീസ് നടത്തുന്ന ബസുകൾക്കെതിരേ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന് നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, സ്വകാര്യ ബസുകളുടെ മത്സരയോട്ടം, അപകടകരമായ ഡ്രൈവിങ്, മറ്റ് നിയമലംഘനങ്ങൾ എന്നിവയ്‌ക്കെതിരേ എറണാകുളം ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പ്രത്യേക മിന്നൽ പരിശോധനയിൽ 382 ബസുകൾക്കെതിരേ നടപടിയെടുത്തു. വിവിധ നിയമലംഘനങ്ങളിലായി 2,41,344 രൂപ പിഴയും ചുമത്തി. ആലുവ, കളമശ്ശേരി, കാക്കനാട്, തൃപ്പൂണിത്തുറ, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് അഞ്ച് പ്രത്യേക സ്‌ക്വാഡുകളെ വിന്യസിച്ചായിരുന്നു പരിശോധന.

വേഗനിയന്ത്രണ സംവിധാനമായ സ്പീഡ് ഗവർണർ ഇല്ലാതെയോ പ്രവർത്തനരഹിതമാക്കിയോ സർവീസ് നടത്തിയ 28 വാഹനങ്ങൾക്കെതിരേ നടപടിയെടുത്തു. ഇവയുടെ സർവീസ് നിർത്തിവെക്കാനും സംവിധാനം പുനഃസ്ഥാപിച്ചശേഷം പരിശോധനയ്ക്ക് ഹാജരാകാനും നിർദേശിച്ചു. കണ്ടക്ടർ ലൈസൻസില്ലാതെ സർവീസ് നടത്തിയതിന് 89 കേസുകളും ബസുകളുടെ വാതിൽ തുറന്നിട്ട് സർവീസ് നടത്തിയതിന് 55 കേസുകളും രജിസ്റ്റർ ചെയ്തു. ബ്ലൈൻഡ് സ്‌പോട്ട് മിറർ ഇല്ലാത്ത 31 വാഹനങ്ങളും കണ്ടെത്തി.

ഡ്രൈവിങ്ങിനിടെ ഫോണും പുകയിലയും

അമിതവേഗത്തിൽ വാഹനമോടിച്ചതിന് ഒൻപത് കേസുകളും ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ഏഴ് കേസുകളും രജിസ്റ്റർ ചെയ്തു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 14 കേസുകളും ട്രിപ്പ് മുടക്കലിന് 17 കേസുകളുമുണ്ട്. അനുവദിച്ച സ്റ്റോപ്പുകളിൽ നിർത്താതെ യാത്രക്കാരെ വഴിയിൽ ഇറക്കുകയോ കയറ്റുകയോ ചെയ്തതിന് 14 കേസുകളും പെർമിറ്റില്ലാതെ സർവീസ് നടത്തിയതിന് 12 കേസുകളും ഇൻഷുറൻസ് ഇല്ലാത്തതിന് രണ്ടുകേസുകളും കണ്ടെത്തി. പരിശോധന തുടരുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക് വ്യക്തമാക്കി.