പത്തനാപുരം: റബ്ബർ വിലയിൽ കുത്തനെയുള്ള ഇടിവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി. ഓരോദിവസവും നാലും അഞ്ചും രൂപെവച്ച് വില കുറയുകയാണ്. ഈ മാസം ആദ്യം കിലോയ്ക്ക് 300 രൂപയോളം എത്തിയ റബ്ബർ വില ദിവസങ്ങൾക്കകം 30 രൂപയോളം കുറഞ്ഞതോടെ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. വില ഉയർന്നതോടെ ടാപ്പിങ് പുനരാരംഭിച്ചും കൃഷി വ്യാപിപ്പിച്ചും കൂടുതൽ വരുമാനം പ്രതീക്ഷിച്ച കർഷകരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. വില ഇനിയും കുറഞ്ഞാൽ ടാപ്പിങ് നിർത്തിവെക്കാൻ ഒരുങ്ങുകയാണ് കർഷകർ.
ഈ സീസണിൽ റബ്ബറിന് സാമാന്യം വില ലഭിച്ചിരുന്നു. ലാറ്റക്‌സിന്റെ വിലയും മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിയിരുന്നു. കിലോഗ്രാമിന് 250 രൂപയിലേറെ ലഭിച്ചതോടെ കർഷകരുടെ പ്രതീക്ഷയേറി. വില വീണ്ടും ഉയർന്നതിനെത്തുടർന്ന് നേരത്തെ ടാപ്പിങ് നടത്താതെ കിടന്നിരുന്ന ഒട്ടേറെ തോട്ടങ്ങൾ വീണ്ടും സജീവമാക്കിയിരുന്നു. ടാപ്പിങ് തൊഴിലാളികളെ ഏർപ്പെടുത്തുന്നതിനും തോട്ടങ്ങളുടെ പരിപാലനത്തിനുമായി കർഷകർ കൂടുതൽ പണം ചെലവഴിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നതിനുമുമ്പേ വില താഴ്ന്നത് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തൊഴിലാളികളുടെ കൂലി, വളം, മരുന്ന് തുടങ്ങിയ ചെലവുകൾ വർധിച്ച സാഹചര്യത്തിൽ വിലയിടിവ് ചെറുകിട കർഷകർക്ക് വലിയ ഭാരമാകുകയാണ്.
റബ്ബറിന് കിലോയ്ക്ക് 280 രൂപ അടിസ്ഥാനവില കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിലസ്ഥിരതാ ഫണ്ടിലൂടെ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. വിപണിവില ഉയർന്നുനിന്നപ്പോൾ സർക്കാർ വിലസ്ഥിരതാ ഫണ്ടിലൂടെയുള്ള സബ്‌സിഡി വിതരണം നിർത്തിവെച്ചിരുന്നു.
എന്നാൽ വില കുറഞ്ഞാൽ കിലോയ്ക്ക് 300 രൂപ അടിസ്ഥാനവില ഉറപ്പാക്കുന്ന രീതിയിൽ ഫണ്ട് ഉപയോഗിക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. യു.ഡി.എഫിന്റെ പ്രകടനപത്രികയിലും റബറിന്റെ അടിസ്ഥാനവില കിലോയ്ക്ക് 300 രൂപയായി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴത്തെ വിലയിടിവിന്റെ പശ്ചാത്തലത്തിൽ ഈ ഉറപ്പ് കർഷകർക്ക് യഥാർഥ നേട്ടമാകണമെങ്കിൽ വിപണിവിലയും പ്രഖ്യാപിച്ച അടിസ്ഥാനവിലയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി നൽകണം. വിലസ്ഥിരതാ ഫണ്ടിൽ അവശേഷിക്കുന്ന തുക ഇതിനായി വിനിയോഗിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്.
വില ഉയർന്നപ്പോൾ കൂടുതൽ പ്രതീക്ഷയോടെ കൃഷിയിലേക്ക് ഇറങ്ങിയ കർഷകർക്ക് ഇപ്പോഴത്തെ വിലയിടിവ് ഇരട്ടപ്രഹരമായിരിക്കുകയാണ്. റബർ കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞാൽ തോട്ടങ്ങളുടെ പരിപാലനവും ടാപ്പിങ്ങും തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. പ്രഖ്യാപിച്ച അടിസ്ഥാനവില കർഷകർക്ക് യഥാർഥത്തിൽ ലഭ്യമാക്കുകയും വിലസ്ഥിരതാ ഫണ്ട് പുനരുജ്ജീവിപ്പിച്ച് സബ്‌സിഡി വിതരണം പുനരാരംഭിക്കുകയും ചെയ്താൽ മാത്രമേ കർഷകർക്ക് ആശ്വാസമാകൂ.
Content Highlights: Rubber prices have dropped by around Rs 30 within days after touching Rs 300 per kg earlier this month., Farmers who resumed tapping and invested in plantations are facing heavy financial losses., Rising costs of labor, fertilizers, and medicines have worsened the crisis for small-scale farmers., Farmers are strongly demanding the revival of the price stabilization fund to ensure a base price of Rs 300 per kg.
Published: 20 Nov 2026, 07:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented