തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണർക്ക് നൽകിയ നിയമോപദേശം സർക്കാരിനെ തിരിഞ്ഞുകുത്തി. ഗോപിനാഥിനെ നിയമിക്കാൻ ഗവർണർക്ക് അശേഷം താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം സ്ഥാനമൊഴിയുന്നതിനു മുൻപുതന്നെ പുതിയ വി.സി.യെ കണ്ടെത്താൻ സമിതി രൂപവത്കരിച്ചു. ഈ ഘട്ടത്തിലാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഇൗ നിയമനം ചില ചോദ്യങ്ങളുയർത്തി.

To advertise here,

തിരഞ്ഞെടുപ്പ് സമിതി യോഗ്യനായ ആളെ കണ്ടെത്താൻ നടപടി തുടങ്ങിയശേഷം അത് റദ്ദാക്കി നിലവിലുള്ള ആളിന് പുനർനിയമനം നൽകാമോയെന്നതായിരുന്നു ഇതിലൊന്ന്. പുനർനിയമനം നൽകുന്നതിന് സാധാരണ വി.സി. നിയമനത്തിനുള്ള നടപടികൾ ആദ്യംമുതൽ നടത്തണോയെന്നതായിരുന്നു രണ്ടാംചോദ്യം.

ഗവർണർ ഉന്നയിച്ച ചോദ്യങ്ങൾക്ക്, പുനർനിയമനത്തിൽ തെറ്റില്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഗോപിനാഥിന്റെ കാലാവധി പൂർത്തിയാക്കുന്നതിന്റെ തലേന്ന് ഇൗ ഉപദേശം ഗവർണർക്ക് സർക്കാർ നൽകി. വഴങ്ങിയ ഗവർണർ അദ്ദേഹത്തിന് പുനർനിയമനം നൽകി.

പുനർനിയമനം നിയമവിരുദ്ധമല്ലെന്ന നിലപാടാണ് ഹൈക്കോടതിയും സുപ്രീംകോടതിയും സ്വീകരിച്ചത്. എങ്കിലും, സർക്കാരിന്റെ ഇടപെടലുണ്ടായത് ശരിയായില്ലെന്നു കണ്ടെത്തി ഡോ. ഗോപിനാഥിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. ഇതേ നിയമോപദേശമാണ് ഗവർണർ ഇപ്പോൾ അടിസ്ഥാനമാക്കുന്നത്. പുനർനിയമനം സർക്കാർ അംഗീകരിച്ച നയമായതിനാൽ മോഹനൻ കുന്നുമ്മലിന് ഒരു ടേംകൂടി നൽകിയെന്നാണ് ഗവർണറുടെ നിലപാട്.

ഡോ. മോഹനൻ കുന്നുമ്മൽ

തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട്, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നീ പദവികൾ വഹിച്ചു. ഇപ്പോൾ ആരോഗ്യ സർവകലാശാലകളുടെ ദേശീയ അസോസിയേഷന്റെ അധ്യക്ഷനും ദേശീയ മെഡിക്കൽ കമ്മിഷൻ അംഗവുമാണ്. അമല മെഡിക്കൽ കോളേജ് പ്രൊഫസറായ ഡോ. പാർവതിയാണ് ഭാര്യ. മകൾ ഡോ. ദുർഗാ മോഹൻ (ഇന്ത്യൻ ആർമി).