കൊച്ചി: ഡ്രൈവിങ് ലൈസൻസും ആർ.സി.യും സ്മാർട്ട് കാർഡായി പ്രിന്റുചെയ്യുന്ന കരാർ ഐ.ടി.ഐ. ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നൽകിയത് നടപടിക്രമം പാലിച്ചാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സത്യവാങ്മൂലം ഫയൽചെയ്തത്.

To advertise here,

ഡി.ജി.പി. എസ്. ശ്രീജിത്തിന്റെപേരിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ ദിപിൻ എടവന ഫയൽചെയ്ത ഹർജിയെ എതിർത്താണ് സത്യവാങ്മൂലം. എസ്. ശ്രീജിത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കേ അഴിമതി നടത്തിയെന്നതടക്കമുള്ള ആരോപണമാണ് ഹർജിക്കാരൻ ഉന്നയിച്ചത്.

ചിപ്പില്ലാത്ത പി.വി.സി. കാർഡ് അച്ചടിക്കാൻ കാർഡൊന്നിന് 60 രൂപയും ജി.എസ്.ടി.യും നിരക്കിലാണ് കരാർ ഒപ്പുവെച്ചത്. മോട്ടോർവാഹന വകുപ്പും ഐ.ടി.ഐ. ലിമിറ്റഡും തമ്മിൽ 2023 ഏപ്രിൽ 15-ന് അഞ്ചുവർഷത്തെ കരാറാണ് ഒപ്പുവെച്ചത്.

ലൈസൻസ്, ആർ.സി. കാർഡുകളുടെ അച്ചടിക്കായി ഇതുവരെ 37.70 കോടിയിലധികം രൂപ കമ്പനിക്ക് നൽകിയതായി സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ഹർജി ഡിസംബർ ഏഴിന് ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിക്കും.