കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ കേരള വാട്ടർ കോൺക്ലേവിന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി വേദിയാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ജനുവരിയിൽ നടക്കുന്ന കോൺക്ലേവിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.

To advertise here,

ജെയിൻ യൂണിവേഴ്സിറ്റിയിൽ എംപെഡ–നെറ്റ്ഫിഷിന്റെ സഹകരണത്തോടെ പട്ടികജാതി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി സംഘടിപ്പിച്ച കുളവാഴ അധിഷ്ഠിത ഉൽപ്പന്ന നിർമാണ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് മന്ത്രി വേദി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവിധ വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. വാട്ടർ കോൺക്ലേവിന് മുന്നോടിയായി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സുപ്രധാന യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് സമഗ്രമായ ജലനയം രൂപീകരിക്കാൻ സർക്കാർ നടപടിയെടുക്കും. കഴിഞ്ഞ ആറുമാസമായി ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ വകുപ്പുതലത്തിൽ നടന്നുവരികയാണ്. ജലനയത്തിനൊപ്പം കുളവാഴ, പോള, ആഫ്രിക്കൻ പായൽ തുടങ്ങിയ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി പ്രത്യേക നയവും രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധ സമിതിയിൽ വേണു രാജമണി

കുളവാഴ പ്രശ്നം പരിശോധിക്കുന്നതിനായി നിയമസഭയിൽ പ്രഖ്യാപിച്ച വിദഗ്ധ സമിതിയിൽ ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജമണിയെ അംഗമായി ഉൾപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. കുളവാഴ വിഷയത്തിൽ ആദ്യമായി പഠനം നടത്തി വ്യക്തമായ നിർദേശങ്ങൾ മുന്നോട്ടുവെച്ച ജെയിൻ യൂണിവേഴ്സിറ്റി നിർദേശിക്കുന്ന പ്രതിനിധിയെക്കൂടി സമിതിയിൽ ഉൾപ്പെടുത്തും. ഫ്യൂച്ചർ കേരള മിഷൻ സമർപ്പിച്ച നയരേഖാ ശുപാർശകൾ വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിച്ച്, വിദഗ്ധാഭിപ്രായം കൂടി തേടി ഔദ്യോഗിക രേഖയാക്കി മാറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മിഷൻ മുന്നോട്ടുവെച്ച ജല ഗുണനിലവാര സൂചിക (വാട്ടർ ക്വാളിറ്റി ഇൻഡക്സ്) നടപ്പാക്കുന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തും. കുളവാഴയിൽനിന്ന് നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സർക്കാർ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ കേരളത്തെ പുതുയുഗപ്പിറവിയിലേക്ക് നയിക്കാനുള്ള സർക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കുളവാഴ നിയന്ത്രണത്തിനുള്ള നയരേഖാ ശുപാർശകൾ മന്ത്രിക്ക് കൈമാറി. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും ടൂൾ കിറ്റും അദ്ദേഹം വിതരണം ചെയ്തു.

ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജമണി, സയന്റിഫിക് അഡ്വൈസർ ഡോ. ജി. നാഗേന്ദ്ര പ്രഭു, നെറ്റ്ഫിഷ് സി.ഇ.ഒ ഡോ. ജോയ്‌സ് വി. തോമസ്, ജെയിൻ യൂണിവേഴ്സിറ്റി ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.പി. രശ്മി തുടങ്ങിയവർ പങ്കെടുത്തു.