ആറളം: വെള്ളിയെയും ഭാര്യ ലീലയെയും ആന ചവിട്ടിക്കൊന്നുവെന്നറിഞ്ഞതുമുതൽ ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലുണ്ടായ പ്രതിഷേധം പൊട്ടിത്തെറിക്കുകയായിരുന്നു തിങ്കളാഴ്ച പകൽ മുഴുവൻ. വനംമന്ത്രി എ.കെ.ശശീന്ദ്രനും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും കളക്ടർ അരുൺ കെ.വിജയനും റൂറൽ എസ്.പി. അനൂജ് പലിവാൽ ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥരും ജനത്തിന്റെ പ്രതിഷേധച്ചൂടറിഞ്ഞു. മൃതദേഹങ്ങളുമായെത്തിയ ആംബുലൻസ് പൊരിവെയിലത്ത് നടുറോഡിൽ തടഞ്ഞിട്ട് വനംമന്ത്രി വന്നാലേ അനങ്ങാൻ സമ്മതിക്കൂവെന്ന് പ്രഖ്യാപിച്ച സ്ത്രീകളുൾപ്പെടെയുള്ള ജനക്കൂട്ടത്തിന്റെ രോഷത്തിന് വഴങ്ങി മന്ത്രിയെത്തി തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും ചോദ്യങ്ങൾ ചോദിച്ചും തങ്ങളുടെ സങ്കടങ്ങൾ തുറന്നടിച്ചും പുനരധിവാസമേഖലയിലെ ആദിവാസികൾ അധികൃതരെ വിചാരണചെയ്തു. മന്ത്രി എ.കെ.ശശീന്ദ്രന്റെ അനുനയത്തിലാണ് പ്രതിഷേധക്കാരെ തിരിച്ചയക്കാൻ കഴിഞ്ഞത്.

To advertise here,

11.00: വനപാലകരെ തുരത്തി

ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി ആദ്യസംഘർഷമുണ്ടായത് 11 മണിയോടെയാണ്. പ്രദേശത്തെത്തിയ വനപാലകസംഘത്തെയാണ് നാട്ടുകാർ ഓടിച്ചുവിട്ടത്. നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് രണ്ട് വാച്ചർമാർ സ്ഥലത്തെത്തിയത്. ആന ചവിട്ടിക്കൊന്ന വെള്ളിയുടെയും ലീലയുടെയും മറ്റു രണ്ടുപേരുടെയും തിരിച്ചറിയൽ കാർഡുകൾ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവരെ കണ്ട ഉടനെ രോഷാകുലരായ പ്രദേശവാസികൾ ഓടിക്കുകയായിരുന്നു.

1.25: അഗ്നിരക്ഷാസേനയെ തടഞ്ഞു

ഫാമിനോട് ചേർന്നുള്ള മേഖലയിൽ തീ പടരുന്നതറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനാസംഘത്തെ 1.25-ന് 13-ാം ബ്ലോക്കിലെ അങ്കണവാടിക്കുമുന്നിൽ സ്ത്രീകളുൾ‌പ്പെടെയുള്ള നാട്ടുകാർ തടഞ്ഞു. കല്ലും മരങ്ങളുമിട്ട് വഴി തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളികളുമായി റോഡ്‌ ഉപരോധിക്കുകയും ചെയ്തതോടെ അഗ്നിരക്ഷാസേന തിരിച്ചുപോയി. ഇതിനുപിന്നാലെ കൊല്ലപ്പെട്ട ദമ്പതിമാരുടെ മകൾ ലക്ഷ്മിയുടേതുൾപ്പെടെയുള്ള വീടുകളിലേക്കുള്ള റോഡിൽ മുഴുവൻ കല്ലും മരങ്ങളും നിരത്തി ജനക്കൂട്ടം ഉപരോധിക്കാൻ തുടങ്ങി.

2.15: എം.വി.ജയരാജന്‌ നേരേ കൈയേറ്റം, നേതാക്കൾക്കെതിരേ പ്രതിഷേധം

ജനക്കൂട്ടം റോഡ് ഉപരോധിക്കുന്നതിനിടെ സ്ഥലത്തെത്തിയ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജനെയും നേതാക്കളെയും പ്രതിഷേധക്കാർ തടഞ്ഞു. ജയരാജനുനേരേ കൈയേറ്റശ്രമവുമുണ്ടായി. രാഷ്ട്രീയക്കാർ ആരും പ്രശ്നത്തിൽ ഇടപെടേണ്ടെന്നും ഒരു നേതാവും പാർട്ടിയും വേണ്ടെന്ന്‌ പറഞ്ഞായിരുന്നു പ്രതിഷേധം. തങ്ങൾ നിങ്ങൾക്കൊപ്പമാണെന്നും ഞങ്ങളും തടയാനുണ്ടെന്നും ജയരാജൻ പറഞ്ഞെങ്കിലും നിങ്ങളുടെ ആവശ്യമില്ലെന്ന് ജനക്കൂട്ടം കയർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, സി.പി.എം. നേതാക്കളായ എം.പ്രകാശൻ, പനോളി വത്സൻ തുടങ്ങിയവർക്കൊപ്പമാണ് ജയരാജൻ സ്ഥലത്തെത്തിയത്.

2.22: ആംബുലൻസുകൾ തടഞ്ഞു

വെള്ളിയുടെയും ലീലയുടെയും മൃതദേഹങ്ങൾ വഹിച്ച്‌ ആംബുലൻസുകൾ സ്ഥലത്തെത്തിയതോടെ നാട്ടുകാരുടെ പ്രതിഷേധം കനത്തു. വനംമന്ത്രി സ്ഥലത്തെത്തിയശേഷമേ ആംബുലൻസുകൾ കടത്തിവിടുകയുള്ളൂവെന്നായിരുന്നു പ്രഖ്യാപനം. ഇതിനിടെ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയപ്പോഴും ജനക്കൂട്ടം പ്രതിഷേധിച്ചു. ആന കൊല്ലുമ്പോൾ മാത്രമാണ് നേതാക്കളെത്തുന്നത്‌ എന്നായിരുന്നു മുദ്രാവാക്യം.

2.37: ബലപ്രയോഗം, ചെറുത്തുനില്പ്‌

ആംബുലൻസുകൾ തടഞ്ഞുള്ള പ്രതിഷേധം കനത്തതോടെ പോലീസ് ബലപ്രയോഗത്തിന് നീക്കംതുടങ്ങിയതോടെ ജനക്കൂട്ടവും ചെറുത്തു. ബലപ്രയോഗത്തിനിടെ ബ്ലോക്ക് പഞ്ചായത്തംഗം വി.ശോഭയെ പോലീസ് മർദിച്ചതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പല തവണയായി പോലീസ് ബലപ്രയോഗത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധം പിടിവിടുമെന്ന് കണ്ട്‌ മൂന്നുമണിയോടെ ആംബുലൻസുകൾക്ക് സമീപത്തുനിന്ന് പിൻമാറി. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. എത്തിയപ്പോഴും രാഷ്ട്രീയക്കാർ വരേണ്ടെന്ന മുദ്രാവാക്യം വിളികളുയർന്നു. താൻ രാഷ്ട്രീയക്കാരനായല്ല വന്നതെന്ന് പറഞ്ഞ് അല്പനേരംനിന്ന സുധാകരൻ ആംബുലൻസുകൾക്കുള്ളിൽ കയറി മൃതദേഹങ്ങൾ കണ്ട് അന്തിമോപചാരമർപ്പിച്ചു.

placeholder
ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ആദിവാസി ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന ഉറ്റവര്‍

3.45: കളക്ടർ വന്നു, ജനം വഴങ്ങിയില്ല

അനുനയശ്രമവുമായി കളക്ടർ അരുൺ കെ.വിജയനും റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാലും സ്ഥലത്തെത്തി സംസാരിച്ചെങ്കിലും ജനം വഴങ്ങിയില്ല.

ചർച്ചയിൽ പ്രതിനിധികളെ ഉൾപ്പെടുത്താമെന്ന കളക്ടറുടെ വാഗ്ദാനം ജനം സ്വീകരിച്ചില്ല. മന്ത്രി വരുമെന്ന് വാക്ക്‌ നൽകി കളക്ടർ മടങ്ങുകയും ചെയ്തു. 6.33-നാണ് മന്ത്രി വരുമെന്ന വിവരംവന്നത്.

6.45: മന്ത്രിയെത്തി, വിടാതെ ജനം

സ്ഥലത്തെത്തി സർവകക്ഷിയോഗ തീരുമാനങ്ങൾ വിശദീകരിച്ച വനംമന്ത്രി എ.കെ.ശശീന്ദ്രനും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. ആനമതിൽ എത്രകാലം കൊണ്ട് പൂർത്തിയാക്കുമെന്നതായിരുന്നു പി.കെ.ശ്രുതിയുടെ ആദ്യ ചോദ്യം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇനിയാരും കൊല്ലപ്പെടില്ലെന്ന് മന്ത്രി എഴുതി ഒപ്പിട്ട് നൽകണമെന്നായിരുന്നു മറ്റൊരാവശ്യം.

ആനമതിൽ നിർമാണം അഴിമതിക്കാരെ ഏൽപ്പിക്കരുതെന്ന് ശ്യാമ ബബീഷ് പറഞ്ഞു. ആനമതിൽ പൂർത്തിയാക്കിയിരുന്നെങ്കിൽ ശവശരീരങ്ങൾ തടഞ്ഞിട്ട് മന്ത്രിയെ വരുത്തേണ്ടിവരില്ലായിരുന്നുവെന്നും ശ്യാമ പറഞ്ഞപ്പോൾ ജനം ആരവം മുഴക്കി. പന്നി ചത്തുകിടന്നാൽ ഡി.എഫ്.ഒ.യും ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത് കുഴിച്ചിട്ട ശേഷം വീട്ടിലെ അടുക്കളയിലെ ചമ്മന്തിപ്പാത്രംവരെ പരിശോധിക്കുമെന്നും പറഞ്ഞപ്പോഴും ആരവമുയർന്നു.

സംസാരം ജനകീയ വിചാരണയായി വളരുമെന്ന്‌ തോന്നിയ ഘട്ടത്തിൽ നയപരമായി ഇടപെട്ട് സംസാരിച്ചാണ് മന്ത്രി പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.

സർവകക്ഷിയോഗത്തിന്റെ തീരുമാനം രേഖാമൂലം എത്തിക്കുമെന്നും മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും ഉറപ്പുനൽകി മന്ത്രി 7.14-ന് മടങ്ങി. ശേഷം ആംബുലൻസുകൾ നീങ്ങി.

മന്ത്രിക്കുമുന്നിൽ ചോദ്യശരങ്ങൾതൊടുത്ത് ശ്യാമാ ബബീഷ്

ഒരിക്കൽ അടിച്ചമർത്തപ്പെട്ടവന്റെ നേരിന്റെ ശബ്ദത്തിന് മുന്നിൽ അധികാരവർഗത്തിന് തലതാഴ്‌ത്തേണ്ടിവരുന്ന സത്യത്തിന്റെ നേർക്കാഴ്ചയായിരുന്നു ശ്യാമാ ബബീഷ് എന്ന ആദിവാസി വീട്ടമ്മയുടെ ശബ്ദം. മന്ത്രി എ.കെ. ശശീന്ദ്രന് മുന്നിൽ ചോദ്യശരങ്ങൾ തൊടുത്ത് ആറളം ഫാം ഏഴാം ബ്ലോക്കിലെ റേഷൻകട ജീവനക്കാരി ശ്യാമാ ബബീഷ് തങ്ങളുടെ ഉറ്റവർ നഷ്ടപ്പെട്ട വേദനകൾക്കിടയിലും പ്രതീക്ഷ പടർത്തി.

ഒരു പന്നി എവിടെയെങ്കിലും ചത്തുകിടന്നാൽ ഡി.എഫ്.ഒ.യുടെയും ആർ.ആർ.ടി.യുടെയും രണ്ടും മൂന്നും വണ്ടി എത്തി പോസ്റ്റ്‌മോർട്ടം നടത്തി അതിനെ കുഴിച്ചിടുന്നു. അടുത്ത വീടുകളിലെ ചമ്മന്തി അരച്ചുവെച്ച ചട്ടിവരെ പൊക്കിനോക്കും. കൊണ്ടുപോകും. എന്നാൽ രണ്ടു മനുഷ്യജീവൻ ഇവിടെ ആനയുടെ ആക്രമണത്തിൽ ചത്തുകിടന്നിട്ടും ഒരുത്തനും തിരിഞ്ഞുനോക്കിയില്ലെന്ന് ശ്യാമ കുറ്റപ്പെുത്തി. ആദിവാസികൾക്ക് തുച്ഛമായ വേതനത്തിന് നൽകുന്ന കാടുവെട്ട് തൊഴിൽപോലും പതിനായിരത്തിനും ലക്ഷത്തിനും കരാറുകാരന് നൽകി കൊള്ളയടിക്കുകയാണ്. ഇതൊക്കെ കൊല്ലങ്ങളായി തങ്ങളുടെ മനസ്സിൽക്കിടന്ന്‌ നീറുന്ന യാഥാർഥ്യങ്ങളാണ്. അതുകൊണ്ടാണ് മണിക്കൂറുകളായി മൃതദേഹവുംവെച്ച് ഇവിടെ പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്. ഇന്നലെ രാത്രിമുതൽ ഈ പോലീസുകാരും മറ്റും ഇവിടെ കഷ്ടപ്പെടുന്നത് ഞങ്ങൾ കാണുന്നുണ്ട്. എന്നാൽ ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾ ആദിവാസികളുടെ കാര്യം പറയാൻ ആരുമില്ലെന്ന അവസ്ഥയിലാണ് ഇതെല്ലാം തുറന്നുപറയുന്നതെന്നും ശ്യാമാ ബബീഷ് മന്ത്രിയുടെ മുന്നിൽ പറഞ്ഞു.

കൂടിനിന്നവർ ഒരോ വാക്കിലും നിർത്താതെ കൈയടിച്ചു. ഒരുവേള ഇതെല്ലാം കേട്ട് മന്ത്രിക്കും തലതാഴ്‌ത്തേണ്ടിവന്നു. കൂടുതൽ സംസാരിക്കാതെ പറഞ്ഞ കാര്യങ്ങൾ അതിന്റെ സത്തയിൽ നടപ്പാക്കിയാണ് ശീലം. സഹോദരി പറഞ്ഞ വാക്കുകൾ പൂർണ അർഥത്തിൽ ഉൾക്കൊള്ളുന്നു. നിങ്ങളിൽ ഒരുവനായി എന്നെയും കരുതുക. നിങ്ങൾക്ക് അർഹതപ്പെട്ടത് നഷ്ടപ്പെടുത്തിയവർക്കെതിരേ നടപടിയുണ്ടായിരിക്കുമെന്ന്‌ മന്ത്രി ഉറപ്പുനൽകി. 13-ാംബ്ലോക്കിലെ പി.കെ. ശ്രുതിയും കാര്യങ്ങൾ മന്ത്രിക്ക് മുന്നിൽ വെട്ടിത്തുറന്നുപറഞ്ഞു.

മരങ്ങൾ മുറിക്കുന്നതിന് വകുപ്പിന് നടപടിയെടുക്കാം

ആനമതിൽ നിർമാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചുനീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് തന്നെ നടപടി സ്വീകരിക്കാവുന്നതാണെന്ന് മന്ത്രി സർവകക്ഷിയോഗത്തിൽ പറഞ്ഞു. വനംവകുപ്പ് ഇതുമായി ബന്ധപ്പെട്ട അനുമതികളെല്ലാം നൽകിയതാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ആനമതിൽ പൂർത്തിയാകും വരെ ചില പ്രദേശങ്ങളിൽ സോളാർ തൂക്കുവേലി നിർമിക്കും. ഇതിന് ആവശ്യമായ തുക കളക്ടർ ജില്ലാ ദുരന്തനിവാരണ സമിതി ഫണ്ടിൽനിന്ന് അനുവദിക്കും. ടെൻഡർ വിളിച്ചാലുള്ള കാലതാമസം കണക്കിലെടുത്ത് കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ക്വട്ടേഷൻ വ്യവസ്ഥയിൽ കാര്യക്ഷമതയുള്ള കരാറുകാരെ ഉപയോഗിച്ച് പ്രവൃത്തി നടത്താമെന്നും മന്ത്രി അറിയിച്ചു.

ആനമതിൽ നിർമാണം ആഴ്ചതോറും നിരീക്ഷിക്കാനായി പേരാവൂർ എം.എൽ.എ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് അംഗങ്ങൾ എന്നിവരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നിരീക്ഷണസംവിധാനം ഉണ്ടാക്കും. വനംവകുപ്പ് റെയ്‌ഞ്ച് ഓഫീസർക്ക് ഇതിൽ ചുമതല നൽകും. ഈ സമിതി മാർച്ച് ഒന്നിന് നിലവിൽവരും.