തിരുവനന്തപുരം: എൽ.പി.എസ്.ടി. നിയമനങ്ങളിലെ കാലതാമസത്തിനെതിരേ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയ സമരസമിതി കൺവീനർ വളർമതി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വളർമതിയെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുമെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായാൽ തിരികെ സമരപ്പന്തലിലേക്ക് അയക്കുമെന്നുമാണ് വിവരങ്ങൾ.

To advertise here,

നേരത്തേ സ്ഥലത്തെത്തി പരിശോധന നടത്തിയ ആർ.എം.ഒ. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വളർമതിയുടെ ആരോഗ്യനില മോശമാണെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥലത്തുനിന്ന് മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ആദ്യം എതിർപ്പില്ലാതിരുന്ന സമരക്കാർ പിന്നീട് മാറാനാവില്ലെന്ന നിലപാടെടുത്തു. എ.സി.പി., ഡി.സി.പി. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ സാധിച്ചില്ല. തുടർന്നാണ് നിർബന്ധപൂർവം കസ്റ്റഡിയിലെടുത്തത്.

അതേസമയം, നിരാഹാരസമരം അവസാനിപ്പിക്കില്ലെന്ന് വളർമതി അറിയിച്ചു. അതിനിടെ വളർമതിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം യുവമോർച്ച പ്രവർത്തകർ തടഞ്ഞു. ഇതോടെ പോലീസും യുവമോർച്ച പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വളർമതിയെ കയറ്റിയ ആംബുലൻസിനുള്ളിലേക്ക് യുവമോർച്ച പ്രവർത്തകർ ഇടിച്ചുകയറുകയും കസ്റ്റഡിയിൽ വിട്ടുനൽകില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് മുന്നിൽനിന്ന് യുവമോർച്ച പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റി പോലീസ് വാഹനത്തിലേക്ക് കയറ്റി. ബി.ജെ.പി. പാർലമെന്ററി പാർട്ടി ഓഫീസ് സെക്രട്ടറി അഖിൽ പാലോട് ഉൾപ്പെടെയുള്ളവരെയും നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.