തിരുവനന്തപുരം: കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനെതിരെ പരിഹാസവുമായി രാജിവെച്ച എം.എല്‍.എ. പി.വി. അന്‍വര്‍. ആരാണ് ആര്യാടന്‍ ഷൗക്കത്ത് എന്നായിരുന്നു അന്‍വറിന്റെ ചോദ്യം. 'അയാള്‍ കഥയെഴുതുകയാണ്, അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?', എന്നും മാധ്യമങ്ങളുടെ തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരമായി അന്‍വര്‍ പറഞ്ഞു.

To advertise here,

'ആരാണ് ആര്യാടന്‍ ഷൗക്കത്ത്? ആര്യാടന്‍ മുഹമ്മദിന്റെ മകനാ... പുള്ളിയിപ്പോ സിനിമയൊക്കെ എടുത്ത് നടക്കുകയാണെന്ന് കേട്ടെല്ലോ? പുള്ളിയെ സാംസ്‌കാരിക- സിനിമ നായകനായിട്ടേ എനിക്ക് പരിചയമുള്ളൂ', അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുന്നത് അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു അന്‍വറിന്റെ മറുപടി. 'ഞാന്‍ അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് കാലമായി. സാധാരണ മനുഷ്യരെ കല്യാണത്തിനൊക്കെ കാണാം. ബാപ്പുട്ടി എവിടെ കാണുന്നില്ലല്ലോ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ചോദിക്കുമായിരുന്നു. പുള്ളി കഥയെഴുതുകയാണ് എന്ന് പറയും. കഥയെഴുതുകയാണെങ്കില്‍ പെട്ടെന്ന് പുറത്ത് വരില്ലോ?', അന്‍വര്‍ പറഞ്ഞു.

അതേസമയം, അന്‍വറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് തയ്യാറായില്ല. ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ നിലമ്പൂര്‍ മണ്ഡലം സന്നദ്ധമാണെന്ന് ഷൗക്കത്ത് പറഞ്ഞു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. സ്ഥാനാര്‍ഥിയെ യുഡിഎഫാണ് തീരുമാനിക്കേണ്ട്. അന്‍വറിന് ഇപ്പോള്‍ മറുപടി പറയുന്നില്ല. അന്‍വര്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചതിന്റെ ശരിയേയും ശരികേടിനേയും കുറിച്ച് ഇപ്പോള്‍ മറുപടി പറയുന്നില്ല. പാര്‍ട്ടിയും യുഡിഎഫും തീരുമാനിക്കേണ്ട കാര്യമാണതെന്നും ഷൗക്കത്ത് പറഞ്ഞു.