നിലമ്പൂർ: ബാങ്കിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച് നാലംഗസംഘം 9,90,000 രൂപ തട്ടിയെടുത്തു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പട്ടാപ്പകലാണ് സംഭവം. കാളികാവ് അഞ്ചവടി സ്വദേശിയായ ഫൈസൽ എന്ന യുവാവിനാണ് പണം നഷ്ടമായത്.

To advertise here,

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ ഉടനെ ഫൈസലിനെ പിന്തുടർന്നെത്തിയ സംഘം അപ്രതീക്ഷിതമായി തടഞ്ഞുനിർത്തി പണം തട്ടിയെടുക്കുകയായിരുന്നു. കവർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാരും വഴിയാത്രക്കാരും നോക്കിനിൽക്കെയാണ് നാലംഗ സംഘം യുവാവിനെ കീഴ്‌പ്പെടുത്തി പണം കവർന്നത്. ആക്രമണത്തെ പ്രതിരോധിക്കാൻ ഫൈസൽ പരമാവധി ശ്രമിച്ചെങ്കിലും അക്രമികൾ പണവുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. യുവാവ് ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങിയ ഉടൻതന്നെ ആക്രമണം നടന്നതിനാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ ഉടൻതന്നെ പിടികൂടാനായി എല്ലാ വഴികളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.