
വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും പിടികൂടിയതിൽ എക്‌സൈസ് കേസെടുത്തു. വീട്ടുടമ ആന്റോയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. പരിശോധനയിൽ വീട്ടിൽനിന്ന് 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇറക്കുമതിചെയ്ത വിദേശമദ്യമാണ് ആന്റോയുടെ കുടുംബവീട്ടിൽനിന്ന് പിടികൂടിയത്.
പ്രത്യേക അന്വഷണം സംഘം നടത്തിയ പരിശോധനയിലാണ് വിദേശമദ്യം കണ്ടെത്തിയത്. ഇതിന്റെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ എക്‌സൈസ് വിഭാഗത്തെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മദ്യശേഖരം കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ബിയർ, കള്ള്, മറ്റ് വിദേശമദ്യങ്ങൾ എന്നിവയുൾപ്പെടെ പലവിധ മദ്യങ്ങൾ പരമാവധി 15 ലിറ്റർവരെ കൈവശംവയ്ക്കാൻ നിയമപരമായ അനുമതിയുണ്ടെങ്കിലും, അതിനേക്കാൾ ഉയർന്ന അളവിലുള്ള മദ്യമാണ് ഈ വീട്ടിൽനിന്ന് പിടിച്ചെടുത്തത്.
Published: 16 Sept 2026, 03:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented