കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5:20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റുമാണ്. മർഹും സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ മരുമകനാണ്.
കേരളത്തിലെ പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തിൽ സയ്യിദ് അഹ്‌മദ് ബാഫഖി-ശരീഫ നഫീസ ബീവി എന്നിവരുടെ മകനായി 1938 ൽ ജനിച്ചു. കൊയിലാണ്ടിയിലെ വീടിനടുത്തുള്ള മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1950 ൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജിൽ ചേർന്നു. കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി ജുമാമസ്ജിദുകളിലെ പഠനശേഷം 1965 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനം നടത്തി. അഞ്ചു വർഷം അവിടെ പഠിച്ച തങ്ങൾ വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രഥമ പ്രസിഡണ്ടായിരുന്നു. ജാമിഅ നൂരിയ്യയിൽ അൽ മുനീർ മാസിക പുറത്തിറക്കിയതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. ഹാഫിള് മുഹമ്മദ് മുസ്ലിയാർ, കുട്ടി മുഹമ്മദ് മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, ഇ കെ അബൂബക്കർ മുസ്ലിയാർ എന്നിവർ പ്രധാന ഗുരുനാഥരാണ്. ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദ് ഖത്വീബായ തങ്ങൾ കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമായിരുന്നു.
ഭാര്യ: പരേതയായ ശരീഫ ഉമ്മുക്കുൽസു. മക്കൾ: സയ്യിദ് ഇബ്‌റാഹീം ബാഫഖി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഉസ്മാൻ ബാഫഖി, സയ്യിദ് ഇസ്മാഈൽ ബാഫഖി, സയ്യിദ് സൈദ് ഉമർ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയിൽ നടക്കും. ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടർന്ന് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്‌റസകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോർഡ് ഓഫീസ് അറിയിച്ചു.
Content Highlights: Sayyid Ali Bafaqi Thangal passed away at the age of 88 in Kozhikode., He served as the Vice President of Samastha Kerala Jamiat-ul-Ulema and President of Markaz institutions., He was a prominent Islamic scholar, Qazi of several mahallu, and leader of Sunni educational boards., Funeral rites are scheduled to be held in Koyilandy on Tuesday afternoon.
Published: 02 Nov 2026, 08:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented