തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിലെത്തി. ലോക കേരള സഭ നടക്കുന്നതിനിടെ സംഭവം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അനിതയെ പുറത്താക്കി.

To advertise here,

ലോക കേരള സഭയിലെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിതയുടെ പേര് ഇല്ലെന്ന് നോര്‍ക്ക അധികൃതര്‍ പ്രതികരിച്ചു. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് നേരത്തെ അനിത ലോക കേരള സഭയില്‍ അംഗമായത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് പിന്നീട് അവരെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, തിരുവനന്തപുരത്ത് എത്തിയ ഇവര്‍  കഴിഞ്ഞ ദിവസവും  നിയമസഭാ സമുച്ചയത്തില്‍ എത്തിയിരുന്നു. 

ഇന്നും ഇവരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഐഡി കാര്‍ഡ് കൈവശമുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളെ മാത്രം സമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്ന ശക്തമായ തീരുമാനത്തിലേക്ക് പ്രോട്ടോക്കോള്‍ വിഭാഗവും നോര്‍ക്കാ അധികൃതരും മാറിയിരുന്നു. 

ഐഡി കാര്‍ഡ് പരിശോധിച്ച് മാത്രമാണ് ഇന്ന് പ്രതിനിധികളെ കയറ്റി വിട്ടത്. ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ട കരുതല്‍ സ്വീകരിക്കുകയായിരുന്നു. സഭാ ടി.വിയുടെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് അനിത പുല്ലയിലിനെ ശ്രദ്ധിക്കുന്നത്. ഈ സമയം ചാനല്‍ ക്യാമറകള്‍ ഇവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി അനിത പുല്ലയിലിനെ പുറത്താക്കുകയായിരുന്നു. 

ഇതിന് ശേഷം ഇവരെ നിയമസഭാ സമുച്ചയത്തിന്റെ പിന്നിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിഷയത്തില്‍ അനിത പുല്ലയലിന്റെ പ്രതികരണം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.