
ന്യൂഡൽഹി: ഡൽഹി പോലീസിന്റെ വിലക്ക് അവഗണിച്ച് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകീട്ട് അഞ്ചിന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ആഹ്വാനം ചെയ്ത 'ലെഹ്റാ ദോ തിരംഗ' മാർച്ചിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. ജന്തർമന്തർ സമരവേദിയല്ലാതാക്കി പ്രഖ്യാപിച്ചതിന് പിന്നാലെ അവിടെ കടന്നുകയറി ദേശീയപതാക ഉയർത്തിയെന്നാരോപിച്ച് അറസ്റ്റിലായ സി.ജെ.പി. നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചാണ് സിജെപി മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധം തടയുന്നതിനായി ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളും ചേർന്ന് 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ന്യൂഡൽഹിയിലും കൊണാട്ട് പ്ലേസ് പരിസരത്തുമായി വിന്യസിച്ചിരുന്നത്. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും സെൻട്രൽ പാർക്കിലും രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലും പുതിയ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ സെൻട്രൽ പാർക്ക് പൂർണമായി അടച്ചുപൂട്ടി. സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ, സമരം തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകിയതോടെ മാർച്ച് തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
സമരത്തിന് മുന്നോടിയായി കരോൾ ബാഗിലെ വസതിയിലെത്തി പോലീസ് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നോട്ടീസ് നൽകിയെങ്കിലും മാർച്ച് ഉപേക്ഷിക്കാൻ ദീപ്കെ തയ്യാറായില്ല. തുടർന്ന് ദേശീയപതാകയേന്തി കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട ദീപ്കെയെ പോലീസ് വസതിക്ക് പുറത്തുവെച്ച് കസ്റ്റഡിയിലെടുത്തു. തടയാൻ ശ്രമിച്ച അനുഭാവികളെ ബലം പ്രയോഗിച്ച് മാറ്റിയാണ് പോലീസ് വാഹനം കൊണ്ടുപോയത്. തുടർന്ന്, സിജെപി പ്രവർത്തകർ ദേശീയ പതാകയേന്തി കൊണാട്ട് പ്ലേസിലേക്ക് നീങ്ങി.
ഇതിനിടെ, മണ്ഡിഹൗസിൽനിന്ന് കൊണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തിയ ഐസ പ്രവർത്തകരെ പോലീസ് തടയുകയും നേതാക്കളായ നേഹാ ബോറ, ദിപങ്കർ ഭട്ടാചാര്യ തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസ് വാഹനം തടയാൻ റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി. ഒരുവിഭാഗം ഐസ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് ഭാരക്കമ്പ റോഡ് വഴി കൊണാട്ട് പ്ലേസിന് അടുത്തെത്തി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് വിലക്ക് മറികടന്ന് നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളും ഇടത് നേതാക്കളുമാണ് കൊണാട്ട് പ്ലേസിന്റെ ഇന്നർ സർക്കിളിൽ പ്രതിഷേധവുമായി എത്തിയത്. ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എ.എ. റഹീം, സന്തോഷ് കുമാർ എന്നീ മലയാളി എം.പി.മാരും എസ്.എഫ്.ഐ., ഐസ, കെ.വൈ.എസ്., സി.സി.ടി., ആർ.ഡബ്ല്യു.പി.ഐ. തുടങ്ങിയ വിദ്യാർഥി-യുവജന സംഘടനകളും മാർച്ചിൽ അണിനിരന്നു. സെൻട്രൽ പാർക്ക് പൂട്ടിയിട്ടതോടെ കൈകളിലും ഐപാഡുകളിലും ദേശീയപതാകയേന്തി ഇന്നർ സർക്കിൾ വലംവെച്ചു. ഒടുവിൽ പിരിഞ്ഞുപോകാൻ പോലീസ് ആഹ്വാനം ചെയ്തെങ്കിലും വിസമ്മതിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തുനീക്കി. എന്നാൽ, സമരം തുടരുമെന്നും രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്നുമാണ് സിജെപിയുടെ നിലപാട്.
Content Highlights: Delhi Police deployed over 25,000 security personnel to block the 'Lehra Do Tiranga' march., Protesters and student leaders including CJP and AISA members were detained., Left MPs including John Brittas, V. Sivadasan, A.A. Rahim, and Santhosh Kumar joined the agitation., Demands include restoring Jantar Mantar as a protest site and resignation of the Chief Election Commissioner.
Published: 16 Oct 2026, 08:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented