അമൃതപുരി: സ്നേഹത്തിന്‍റെ നൂലിൽ കോർത്ത് സമൂഹത്തെ ഒറ്റക്കെട്ടായി അമ്മ പരിപാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. അമൃതപുരിയിൽ വിശ്വസേവാ ദിനാഘോഷത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അമിത്ഷാ. അമ്മയുടെ ജീവിതം സമൂഹത്തിന് നൽകുന്നത് കാരുണ്യത്തിന്‍റെ അമൃതവർഷമാണ്. അത് ഒരിടത്ത് മാത്രം ഒതുങ്ങുന്നതല്ല. ലോകത്തിന്‍റെ എല്ലാ ഭാഗത്തും അമ്മയുടെ സേവന പ്രവർത്തനങ്ങൾ അനേകായിരം പേർക്ക് ആശ്വാസം പകരുന്നുണ്ട് എന്ന് പറയുമ്പോൾ അത് ഭാരതത്തിന് തന്നെ അഭിമാനമാണെന്നും അമിത്ഷാ പറഞ്ഞു. നിസ്വാർത്ഥ സേവനത്തിന്‍റെ പ്രതീകമായ അമ്മയ്ക്ക് ജന്മദിനആശംസകൾ നേരുന്നതായും അമിത്ഷാ വ്യക്തമാക്കി.

To advertise here,

കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിൽ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ പദ്ധതികൾക്കും ചടങ്ങിൽ തുടക്കമായി. പദ്ധതിയ്ക്ക് അർഹരായവർ അമിത്ഷായിൽനിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. 1,000 രോഗികൾക്കാണ് ഇതിലൂടെ സൗജന്യമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്. കേരളത്തിലാദ്യമായി ഗർഭപാത്ര മാറ്റിവെക്കൽ ശസ്ത്രക്രിയയും ഈ പദ്ധതി വഴി നടപ്പാക്കുന്നുണ്ട്.

പ്രളയം ദുരന്തം വിതച്ച അസാമിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാതാ അമൃതാനന്ദമയി മഠം നൽകുന്ന രണ്ട് കോടി രൂപയുടെ ധനസാഹയം അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി. ഈ വർഷത്തെ അമൃതകീർത്തി പുരസ്ക്കാരത്തിന് അർഹനായ അഡ്വ പി. എസ് ശ്രീധരൻ പിള്ളയും അമിത്ഷായിൽനിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത സരസ്വതി ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചടങ്ങിൽ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം ലിജു, എംപി എൻ കെ പ്രേമചന്ദ്രൻ, എം എൽ എമാരായ സി ആർ മഹേഷ്, അബിൻ വർക്കി, രാജീവ് ചന്ദ്രശേഖരൻ, വി മുരളീധരൻ, ബി ബി ഗോപകുമാർ, ഉമാ തോമസ്, തിരുവനന്തപുരം മേയർ വി വി രാജേഷ്, ബി. ജെ. പി. ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, പി. കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, ജോർജ്ജ് കുര്യൻ, പത്മജ വേണുഗോപാൽ, എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും മഠം ജനറൽ സെക്രട്ടറി പൂർണാമൃതാനന്ദപുരി നന്ദിയും പറഞ്ഞു. തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ ധ്യാനം, ഭജന ദർശനം എന്നിവ നടന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരങ്ങളാണ് രണ്ട് ദിവസത്തെ വിശ്വസേവാദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അമൃതപുരിയിൽ എത്തിയത്. അമ്മയുടെ പിറന്നാൾ ദിനമായ 27-ന് നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.