വരുംതലമുറയ്ക്ക് പച്ചപ്പും കുളിർമയും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ 'വിഷുത്തൈനീട്ടം' പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം. വിഷുക്കണി കണ്ടു കഴിഞ്ഞ് കൈ നീട്ടമായി പണം നൽകുന്ന രീതിക്കൊപ്പം ഓരോ കുട്ടിക്കും മുതിർന്നവർക്കും ഓരോ വൃക്ഷത്തൈ കൂടി കൈനീട്ടമായി നൽകുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ.

To advertise here,

മാതാ അമൃതാനന്ദമയി ദേവിയുടെ ദീർഘവീക്ഷണത്തിൽ വിവിധ പദ്ധതികൾ പ്രകൃതിസുരക്ഷക്കും സംരക്ഷണത്തിനുമായി നടപ്പാക്കി വരുന്നുണ്ട്. അതിന്റെ തുടർച്ചയായി 2015 ലാണ് വിഷുത്തൈ നീട്ടം എന്ന ആശയം അമ്മ നടപ്പാക്കി തുടങ്ങിയത്. പദ്ധതിയിലൂടെ കേരളത്തിലുടനീളവും സംസ്ഥാനത്തിന് പുറത്തും വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടത്.

ലോകവ്യാപകമായി മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്ത്വത്തിൽ ആരംഭിച്ച ട്രില്യൺ ട്രീ ക്യാമ്പയിനിലും മാതാ അമൃതാനന്ദമയീ മഠം പങ്കാളിയാണ്. നാൽപതിലധികം വർഷങ്ങൾക്ക് മുമ്പ് തന്നെ അമ്മയുടെ നിർദ്ദേശാനുസരണം ജൈവ പച്ചക്കറി കൃഷി, തേനീച്ച പരിപാലനം, വിവിധ ശുചീകരണപ്രവർത്തനങ്ങൾ എന്നിവയും നടത്തി വരുന്നു.

സവിശേഷതകൾ

ലക്ഷക്കണക്കിന് ഫലവൃക്ഷത്തൈകളാണ് ഓരോ വർഷവും വിഷുക്കാലത്ത് മാതാ അമൃതാനന്ദമയി മഠം വിതരണം ചെയ്യുന്നത്. വേപ്പ്, മാവ്, കൂവളം, അത്തി , അരയാൽ പേരാൽ തുടങ്ങിയ ഔഷധ സസ്യങ്ങളും, ഫലവൃക്ഷങ്ങളുമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്.

പങ്കാളിത്തം

മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധാണ് പദ്ധതിക്ക് ആവശ്യമായ തൈകൾ സജ്ജമാക്കുന്നത്. തുടർന്ന് മഠത്തിന് കീഴിലുള്ള സ്ഥാപനങ്ങളായ അമൃത സർവ്വകലാശാല, അമൃത വിദ്യാലയങ്ങൾ, എന്നിവ വഴി വിവിധ സന്നദ്ധ സംഘടനകളിലേക്ക് തൈകൾ വിതരണം ചെയ്യും. കൂടാതെ ക്ഷേത്രങ്ങളിലും, പൊതു ഇടങ്ങളിലും ആശ്രമ ശാഖകളിലും വിഷുവിനോടനുബന്ധിച്ച് വൃക്ഷത്തൈകൾ നൽകിവരുന്നു.

നൽകുന്ന രീതി

വിഷുദിനത്തിൽ മുതിർന്നവർ കുട്ടികൾക്ക് നാണയത്തിനൊപ്പം ഒരു ഫലവൃക്ഷത്തൈ കൂടി നൽകുന്നു. ആ തൈ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനുമുള്ള ഉത്തരവാദിത്തം കുട്ടി ഏറ്റെടുക്കുന്നു.

വരുംതലമുറയ്ക്കുള്ള പാഠം

വെറുമൊരു തൈ നടീൽ എന്നതിലുപരി, കുട്ടികളിൽ പ്രകൃതിയോടുള്ള സ്‌നേഹവും പ്രതിബദ്ധതയും വളർത്താൻ ഈ പദ്ധതി സഹായിക്കുന്നു. തന്റെ കൈനീട്ടമായി ലഭിച്ച തൈ വളർന്ന് വലുതാകുന്നത് കാണുമ്പോൾ ഒരു കുട്ടിയിലുണ്ടാകുന്ന സന്തോഷം പ്രകൃതി സംരക്ഷണത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്. വിഷുത്തൈനീട്ടത്തിനൊപ്പം തന്നെ പക്ഷി-മൃഗാദികൾക്കുള്ള ദാഹജലം, സീഡ് ബാളുകളുടെ വിന്യാസം, ജൈവവള അടുക്കളത്തോട്ടങ്ങൾ, തേനീച്ചക്കൂടുകൾ തുടങ്ങിയ പദ്ധതികളും അയുദ്ധ് നടത്തിവരുന്നുണ്ട്.

ആഗോളതലത്തിലേക്ക്

കേരളത്തിൽ ആരംഭിച്ച ഈ വിഷുത്തൈ നീട്ട മാതൃക ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വരെ വ്യാപിച്ചിട്ടുണ്ട്. ഓരോ വിഷുവിനും പ്രകൃതിയെ ഉപാസിക്കാനുള്ള അവസരമായി മാറ്റുകയാണ് ഈ പദ്ധതികളിലൂടെ മാതാ അമൃതാനന്ദമയി മഠം. ചങ്ങാതിച്ചെടികൾ പുഞ്ചിരിപ്പൂക്കൾ എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ വിഷുത്തൈനീട്ടം നാം ആചരിക്കുന്നത്. വിഷു തൈ നീട്ടത്തിന്റെ ഭാഗമായി ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം വൃക്ഷ തൈകൾ വിതരണം ചെയ്തു കഴിഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭീഷണിയുയർത്തുന്ന ഈ കാലഘട്ടത്തിൽ, 'വിഷുത്തൈനീട്ടം' കേവലം ഒരു ചടങ്ങല്ല; മറിച്ച് ഭൂമിയെ തിരിച്ചുപിടിക്കാനുള്ള ഒരു മൗന വിപ്ലവമാണ്. മണ്ണിൽ ജീവന്റെ വിത്ത് പാകുവാൻ, ഹരിതസുലഭിലമായ ഭൂമിയെ വീണ്ടെടുക്കുവാനുമായി അമ്മ മാനവരാശിക്ക് പകർന്നു തന്ന വിഷുത്തൈനീട്ടം എന്ന കാലാതിവർത്തിയായ ആശയം ഇന്ന് ലോകം മാതൃകയാക്കിക്കഴിഞ്ഞിരിക്കുന്നു. വരും വർഷങ്ങളിലും ഈ ഹരിത കൈനീട്ടം മലയാളി മനസ്സുകളിൽ കുളിർമയായി പടരുമെന്നുറപ്പാണ്.