പെരിന്തൽമണ്ണ: വേങ്ങൂരിൽ കുടുംബനാഥൻ മരണപ്പെട്ടതിനെ തുടർന്ന് ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെയും പോലീസിനെയും തിരിച്ചയച്ച് നജീബ് കാന്തപുരം എംഎൽഎ. നാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലാണ് അധികൃതർ വീട് ജപ്തി ചെയ്യാനും ഒഴിപ്പിക്കാനുമായി എത്തിയത്.
അച്ഛൻ മരിച്ചുപോവുകയും രോഗിയായ അമ്മയെ പരിചരിക്കാൻ വരുമാനമാർഗമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന രണ്ട് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലാണ് ഉദ്യോഗസ്ഥർ ഭീഷണിയുമായി എത്തിയതെന്ന് എംഎൽഎ കുറ്റപ്പെടുത്തി.
കോടികളുടെ വായ്പാ കുടിശ്ശിക വരുത്തിയവർക്കെതിരെ നടപടിയെടുക്കാതെ, നാല് ലക്ഷം രൂപ മാത്രം കുടിശ്ശികയുള്ള നിർധന കുടുംബത്തോട് മാനുഷിക പരിഗണന കാണിക്കാതെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ വ്യക്തമാക്കി.
കുടുംബത്തിന് വായ്പ തിരിച്ചടയ്ക്കാൻ ഗഡുക്കളായി 60 മാസം വരെ സമയം അനുവദിക്കാൻ സർക്കാരിന് കഴിയുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കൂടാതെ, അടുത്ത ആഴ്ച തന്നെ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ കേസ് നിലനിൽക്കെ അടുത്ത രണ്ടു മാസത്തേക്ക് കുടുംബത്തിനെതിരെ ജപ്തിയോ മറ്റ് നടപടികളോ ഉണ്ടാകില്ലെന്ന് എംഎൽഎ ഉറപ്പുനൽകി.
അടിയന്തര പ്രാധാന്യത്തോടെ രണ്ടു മാസത്തിനുള്ളിൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും ബാങ്കിന്റെ ഭാഗത്തുനിന്ന് ഇളവ് ചെയ്യാൻ പറ്റുന്ന തുക തിട്ടപ്പെടുത്തി തുക ഗഡുക്കളായി അടച്ചുതീർക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ജപ്തി നടപടികൾ തടസ്സപ്പെടുകയും ഉദ്യോഗസ്ഥർ മടങ്ങുകയും ചെയ്തു.
Published: 26 Sept 2026, 08:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented