ന്യൂഡൽഹി : കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ആനയായ ഊട്ടോളി രാമനെ അടിയന്തരമായി കസ്റ്റഡിയിൽ എടുത്ത് സുരക്ഷിത ഇടത്ത് പാർപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം. ഊട്ടോളി രാമനും ആയി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കത്തിൽ അന്തിമ വിധി വരുന്നത് വരെയാണ് വനം വകുപ്പ് കസ്റ്റഡിയിൽ ഊട്ടോളി രാമനെ പാർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

To advertise here,

ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശവും ആയി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസിലാണ് സുപ്രീം കോടതിയുടെ നിർദേശം. ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, എസ് സി ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചിന്റെത് ആണ് ഉത്തരവ്. കോടതി ഉത്തരവ് ലംഘിച്ച് രാമനെ ക്ഷേത്ര പരിപാടികൾ പങ്കെടുപ്പിച്ച് , സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതി അലക്ഷ്യം നടത്തിയതിന് നിലവിൽ ആനയെ സംരക്ഷിക്കുന്ന കൃഷ്ണൻകുട്ടിക്ക് സുപ്രീം കോടതി 2000 രൂപ പിഴയിട്ടു. ജയകൃഷ്ണൻ മേനോൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

അമൃതാനന്ദമയി മഠം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നൽകിയതോടെയാണ് ആനത്തർക്കം നിയമ പോരാട്ടത്തിലേക്ക് കടക്കുന്നത്. കെ.വി. സദാനന്ദൻ എന്നയാൾ ആൻഡമാൻ നിക്കോബാറിൽനിന്ന് കൊണ്ടുവന്ന മധു എന്ന കുട്ടിയാനയെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ 2001 സെപ്റ്റംബർ 12-ന് നടയ്ക്കിരുത്തി. മധുവിന് രാമൻ എന്ന് പേരിട്ടത് മാതാ അമൃതാനന്ദമയി ആണ്. രാമൻ എന്നാണ് സർക്കാർ രേഖകളിലും ഈ ആനയുടെ പേര്. ഔദ്യോഗിക രേഖകൾ പ്രകാരം ഈ ആനയുടെ ഉടമസ്ഥർ അമൃതാനന്ദമയി മഠം ആണ്.

2017-ൽ മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതിന് ശേഷം രാമനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായായി ഇതേത്തുടർന്ന് രാമനെ പരിപാലിക്കാനും ശുശ്രൂഷിക്കാനുമായി തൃശൂർ ഊട്ടോളി സ്വദേശിയായ കൃഷ്ണൻകുട്ടി എന്ന വ്യക്തിക്ക് കൈമാറി എന്നാണ് അമൃതാനന്ദമയി മഠത്തിന്റെ വാദം. എന്നാൽ, പാപ്പാന്മാർ രാമനെ ക്രൂരമായി ഉപദ്രവിക്കുവെന്ന് അറിഞ്ഞതിനെ തുടർന്ന് ആനയെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. കൃഷ്ണൻകുട്ടിക്ക് 2017 മുതൽ രാമനെ പരിപാലിച്ചതിന് 35 ലക്ഷം നൽകാൻ തയ്യാറാണെന്ന് അമൃതാനന്ദമയി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കൃഷ്ണൻകുട്ടിയുടെ വാദം ആനയുടെ ഇപ്പോഴത്തെ ഉടമസ്ഥൻ താനാണെന്നാണ്. 2017-ൽ മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതിന് ശേഷം അമൃതാനന്ദമയി മഠം, കെ.വി. സദാനന്ദന് രാമനെ മടക്കിനൽകിയെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. ഇഷ്ടദാനമായാണ് സദാനന്ദന് ആനയെ മടക്കിനൽകിയത്. ആനയെ പരിപാലിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സദാനന്ദൻ രാമനെ ഇഷ്ടദാനമായി തനിക്ക് കൈമാറിയെന്നും കൃഷ്ണൻകുട്ടി പറയുന്നു. രാമന്റെ ഉടമസ്ഥാവകാശം ലഭിച്ചശേഷം ആനയ്ക്ക് ഊട്ടോളി രാമൻ എന്ന പേരിട്ടതായും കൃഷ്ണൻ കുട്ടി പറയുന്നു.

ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ അന്തിമ വിധി വരുന്നത് വരെയാണ് ആനയുടെ സംരക്ഷണം സർക്കാരിന് ലഭിക്കുക. ജയകൃഷ്ണൻ മേനോന് വേണ്ടി അഭിഭാഷകരായ സി ഉണ്ണികൃഷ്ണൻ, എ കാർത്തിക് എന്നിവർ ഹാജരായി. കൃഷ്ണൻ കുട്ടിക്ക് വേണ്ടി അഭിഭാഷകരായ കൃഷ്ണ മോഹൻ, പ്രേരണ ജെയിൻ എന്നിവർ ഹാജരായി.