കോഴിക്കോട്: മസ്തിഷ്കരോഗികൾക്ക് പ്രതീക്ഷയായി അപൂർവജലസസ്യം പൂത്താളി മറുനാടുകളിൽ പുനർജനിക്കുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിലെ നാലിടങ്ങളിൽ മാത്രമുള്ള, വംശനാശഭീഷണി നേരിടുന്ന പുഷ്പിതജലസസ്യം പൂത്താളിയെ സംരക്ഷിക്കാനുള്ള ഗവേഷണമാണ് വിജയംകണ്ടത്.

To advertise here,

ഒളവണ്ണ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ഗവേഷകർ സമാന ആവാസവ്യവസ്ഥയുള്ള മഹാരാഷ്ട്രയിലെയും കർണാടകയിലെയും പ്രദേശങ്ങളിൽ പൂത്താളിയെ വളർത്തിയെടുക്കുന്നതിൽ വിജയംകണ്ടു.

അൽഷിമേഴ്സ്, ഡിമെൻഷ്യ, പാർക്കിൻസൻസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നാണ് ഗാലന്തമൈൻ എന്ന രാസസംയുക്തം. മസ്തിഷ്കരോഗികളിലെ ഓർമക്കുറവ് തടയാൻ ഏറെ ഫലപ്രദമാണ് ഈ ആൽക്കലോയ്ഡ്. പൂത്താളിയിലാണ് ഗാലന്തമൈൻ ഏറ്റവുമധികം കാണപ്പെടുന്നത്. അതുകൊണ്ട് മരുന്ന് നിർമാണത്തിൽ പൂത്താളിക്ക് വലിയ പ്രാധാന്യമുണ്ട്.

എന്നാൽ, ക്രൈനം മലബാറിക്കം എന്ന ശാസ്ത്രനാമമുള്ള ഈ അപൂർവസസ്യം വംശനാശഭീഷണിയിലാണ്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ നാശവുമാണ് പൂത്താളിയെ ഭീഷണിയിലാക്കിയത്.

കാസർകോട് പെരിയ, ചീമേനി, കണ്ണൂർ അരവഞ്ചൽ, എംപേറ്റ് എന്നീ നാലിടങ്ങളിലാണ് പൂത്താളി, പോളത്താളി എന്നീ േപരുകളുള്ള മലബാർ വാട്ടർ ലില്ലി കാണപ്പെടുന്നത്. പൂത്താളിയെ കാസർകോടിന്റെ ജില്ലാ സസ്യമായി കാസർകോട് ജില്ലാ പഞ്ചായത്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

മനുഷ്യവാസമുള്ള പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചെങ്കൽത്തോടുകളിലാണ് പൂത്താളി വളരുന്നത്. തോടുകളുടെ മലിനീകരണം, തടയണകൾ തുടങ്ങിയവ സസ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാവുന്നു. താപനില വർധിക്കുന്നതിനാൽ പൂത്താളിയുടെ വിത്തുകൾക്ക് വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കഴിയാത്തതും പ്രതിസന്ധിയാണ്.

ഈ സാഹചര്യത്തിലാണ് ഗവേഷകർ പൂത്താളിയുടെ ആവാസവ്യവസ്ഥ മാതൃക (ഇക്കോളജിക്കൽ നിഷ് മോഡലിങ്) തയ്യാറാക്കിയത്. മഹാരാഷ്ട്രയിലെ സിന്ധു ദുർഘ്, രത്നഗിരി, കർണാടകയിലെ ഉടുപ്പി, ഉത്തരകന്നഡ എന്നിവിടങ്ങളിൽ അനുയോജ്യമായ പ്രദേശങ്ങൾ കണ്ടെത്തി പൂത്താളിയുടെ കിഴങ്ങുകൾ നട്ടുവളർത്തുന്നതിൽ ഗവേഷകർ വിജയംകണ്ടു.